2012 മേയ് 27, ഞായറാഴ്‌ച


ചുവപ്പ്‌,  ചിലർക്ക്‌

കാളയല്ല;
എങ്കിലും കാള­യെ­പ്പോലെ
ചുവപ്പു കാണും­നേരം
വിറ­ളി­കൊ­ള്ളും, ചിലർ.

രക്ത­ത്തിന്റെ നിറം
ചുവ­പ്പല്ലേ?
നിറം, തരം, ഭാഷ, വേഷം, പല­തെ­ങ്കിലും
എങ്ങളെ കൊത്ത്യാലും
നിങ്ങളെ കൊത്ത്യാലും
ഒന്നല്ലേ ചോര എന്നല്ലേ?
വെള്ള­ത്തേ­ക്കാൾ
കട്ടിയും ഉണ്ട്‌;

അവർക്ക്‌ പക്ഷേ
സ്വന്തം രക്ത­ത്തെ­പ്പ­റ്റി,
രക്ത­ത്തിന്റെ ചുവ­പ്പി­നെ­പ്പറ്റി
അഭി­മാ­ന­മി­ല്ലാ­യി­രിക്കാം;
-അഭി­ജാ­തർ,
നീല­രക്തം സിര­ക­ളിലൂടെ
ഒഴു­കു­ന്ന­വ­രത്രേ:

പക്ഷേ,
ചുവപ്പിൽ,സ്വന്തം നി­റ­ത്തി­ൽ, അഭി­മാ­നി­ക്കാൻ
ചോര­യ്ക്കുള്ള അവ­കാശം,
ദയവായി ആരും
തട്ടി­ത്തെ­റി­പ്പി­ക്കരുതേ...


ശാസ്ത്ര സാഹിത്യ പരിഷത്: കേരള സമൂഹത്തിൽ അൻപത് വർഷങ്ങൾ
ശാ­സ്ത്ര­സാ­ഹിത്യ പ്രച­രണം മല­യാ­ള­ത്തിൽ`എന്ന  ലക്ഷ്യ­വു­മായി 1962 സെപ്റ്റം­ബർ 10-ന്‌ രൂപീ­കൃ­ത­മായ ശാസ്ത്ര സാഹിത്യ പരിഷത്,   നാല്പ­ത്തി­യൊൻപത്‌ വർഷ­ങ്ങ­ളിലെ അഭി­മാ­നാർഹമായ പ്രവർത്തനം പൂർത്തി­യാക്കി 2011  സെപ്റ്റം­ബർ 10-ന്‌ അൻപത്‌ വയ­സ്സി­ലേക്ക്‌, സുവർണ്ണജൂ­ബിലി വർഷ­ത്തി­ലേക്ക്‌ കട­ന്നി­രി­ക്കു­ക­യാ­ണ്‌. ഇക്കാ­ല­യ­ളവിൽ, പരിഷത് അതിന്റെ പ്രവർത്ത­ന­മേ­ഖ­ല­കളെ  ആ എളിയ ലക്ഷ്യ­ത്തിൽ നിന്ന്‌ വിപു­ലീ­ക­രി­ക്കു­കയും,  വൈവി­ധ്യ­മാർന്ന ഒട്ടേറെ പ്രവർത്തന പരി­പാ­ടി­കളും തനി­മ­യാർന്ന ഒട്ടേറെ പ്രവർത്ത­ന­രീ­തി­കളും ആവി­ഷ്ക­രി­ക്കു­കയും, തന്റെ മുദ്രാവാ­ക്യത്തെ വിപ്ളവാത്മ­ക­മായി പുനർനിർണ്ണ­യി­ക്കു­കയും ചെയ്തു. അവയാകട്ടെ സമൂ­ഹ­ത്തിൽ ചെറു­ത­ല്ലാത്ത അനു­ര­ണ­ന­ങ്ങൾ ഉണർത്തി; സമൂ­ഹ­ത്തിന്‌നിര­വധി മേഖ­ല­ക­ളിൽ പുതിയ അവ­ബോ­ധവും ദിശാ­ബോധവും നൽകി;  അഖി­ലേന്ത്യാ തല­ത്തിൽ തന്നെ പ്രാധാ­ന്യവും പ്രസ­ക്തി­യും ഉള്ള  ഒരു ജന­കീയ ശാസ്ത്ര പ്രസ്ഥാ­ന­മാക്കി അതിനെ ഉയർത്തി. കേരളം പോലെ­യൊരു സംസ്ഥാ­നത്ത്,  സന്ന­ദ്ധ­പ്ര­വർത്ത­ന­ത്തിന്റെ സന്ദേ­ശവും സംസ്കാ­രവും ഉയർത്തി­പ്പി­ടി­ച്ചു­കൊണ്ട്‌ഒരു സംഘടന ഇത്ര­കാ­ലവും നില­നിന്നു, ‌ എന്നത്‌, ഇന്ത്യ­യി­ലാ­ക­മാനം ഇത്ത­ര­ത്തി­ലുള്ള പ്രസ്ഥാ­ന­ങ്ങൾ പിറവി കൊള്ളാൻ അത്‌ പ്രചോ­ദ­ന­മായി എന്ന­ത്‌, നിസ്സാരമ­ല്ല.

            പിന്നി­ട്ടത്‌ സുദീർഘ­മായ ഒരു കാല­യ­ളവ് ‌തന്നെ­യാ­ണെ­ങ്കി­ലും, അൻപത്‌ വയസ്സ് ‌എന്നത്‌ ഒരു സംഘ­ട­നയെ സംബ­ന്ധി­ച്ചി­ട­ത്തോളം യുവത്വം തന്നെ­യാ­ണ്‌. ആ യുവ­ത്വ­ത്തിന്റെ ഊർജ്ജ­സ്വ­ല­തയും ആ പ്രായ­ത്തിന്റെ പ­രി­പക്വതയും  സ്വന്തം പ്രവർത്ത­ന­ങ്ങ­ളിൽ ആവാ­ഹി­ക്കാൻ കഴി­യു­ന്നുണ്ടോ, ഇക്കാലം കൊണ്ട്‌ സമൂ­ഹ­ത്തിൽ നിന്ന്‌ആർജ്ജി­ച്ചെ­ടുത്ത പ്രതീ­ക്ഷ­ക­ളോടും തന്റെ തന്നെ സാധ്യ­ത­ക­ളോടും കട­മ­ക­ളോടും നീതി പുലർത്താൻ  അതിന് കഴി­യു­ന്നു­ണ്ടോ, ഒരു സംഘ­ടന എന്ന നില­യിലുള്ള കേവ­ല­മായ ബാദ്ധ്യ­താ ­നിർവ­ഹ­ണം മാത്ര­­മായി തന്റെ പ്രവർത്ത­ന­ങ്ങൾ പോകു­ന്നു­ണ്ടോ, എന്ന­താണ് ‌സംഘടന ഈ ഘട്ട­ത്തിൽ ആത്മ­പ­രി­ശോ­ധന നട­ത്തേ­ണ്ട­ത്‌. ആ ത­ര­ത്തി­ലുള്ള സമ­ഗ്ര­മായ ഒരു പരി­ശോ­ധന നട­ത്തി­ക്കൊ­ണ്ടാവണം ജൂബിലി വർഷ­ത്തി­ലേക്കുള്ള അതിന്റെ തുടർ പ്രയാ­ണം.

             തീർച്ച­യായും പോരാ­ട്ട­ങ്ങ­ളു­ടേതു തന്നെയായി­രു­ന്നു, പരിഷത്തിന്റെ കഴിഞ്ഞ കാല­ങ്ങൾ എന്നു മാത്ര­മല്ല ഇപ്പോഴും പോരാ­ട്ട­ങ്ങ­ളുടെ പാത­യിൽ തന്നെ­യു­മാണ് ‌പരിഷത്. സംഘ­ട­ന­യുടെ സ്ഥാപ­കർ വിഭാ­വനം ചെയ്ത ലക്ഷ്യ­ത്തിൽ നിന്ന്‌ ഇന്നത്തെ രൂപ­-­ഭാ­വ­ങ്ങ­ളി­ലേക്ക്‌ പരിഷത്  വളർച്ച പ്രാപി­ച്ച­ത്‌, പുതിയ  മേഖ­ല­ക­ളി­ലേ­ക്ക്‌, പല­പ്പോഴും പുതിയ പോരാ­ട്ട രംഗ­ങ്ങ­ളി­ലേ­ക്ക്‌, സധൈര്യം കടന്നു ചെന്നും വെല്ലു­വി­ളി­കളെ നേർക്കു­നേർ അഭി­മു­ഖീ­ക­രി­ച്ചു­കൊ­ണ്ടു­മാ­ണ്‌.  അതേസമയം, നാടിന്റെ സമ­ഗ്രവും പുരോ­ഗ­മ­നാ­ത്മ­കവും സമ­ത്വാ­ധി­ഷ്ഠി­ത­വു­മായ പരി­വർത്തനം എന്ന   രാഷ്ട്രീ­യ­ബോ­ധം മാർഗ്ഗദർശനം നൽ­കി­യി­രുന്ന ഒരു  സ­മൂ­ഹ­ത്തിന്റെ നടു­വി­ലാണ്‌ പരിഷദ് സംഘ­ടന പിറ­വി­യെ­ടു­ത്തതും വളർച്ച കൈവ­രി­ച്ച­തും എന്നത് മറന്നുകൂടാ.എന്നാൽ ഇനി പരിഷത്തിന് സഞ്ച­രി­ക്കേ­ണ്ട­താ­യി­ട്ടുള്ള വരാ­നി­രി­ക്കുന്ന കാല­മാ­ക­ട്ടെ, ആ കാലത്തെ മുന്നോട്ട്‌  നയി­ക്കേണ്ട തല­മു­റ­യാ­ക­ട്ടെ, ഏതാണ്ട് ‌പൂർണ്ണ­മായും അരാ­ഷ്ട്രീ­യ­വൽക്ക­രി­ക്ക­പ്പെ­ട്ട­വ­രു­ടേതോ മുൻത­ല­മു­റയ്‌­ക്കു­ണ്ടാ­യി­രുന്ന രാഷ്ട്രീ­യ­ബോ­ധ­ത്തിന്റെ തുടർച്ച നഷ്ട­പ്പെ­ട്ട­വ­രു­ടേതോ ആണ്‌. വ്യക്തി­പ­ര­മായ പ്രതി­ഫ­ലേ­ച്ഛയ്ക്കു സ്ഥാന­മി­ല്ലാ­ത്ത, സാമൂ­ഹ്യ­മാ­റ്റ­ങ്ങൾക്കാ­യുള്ള സേവ­നാ­ത്മ­ക­മായ സന്ന­ദ്ധപ്ര­വർത്തനങ്ങൾ ലക്ഷ്യവും ശൈലി­യു­മായ, പരിഷത് ­പോ­ലൊരു പ്രസ്ഥാ­നത്തെ ഈ മാറി­വ­രുന്ന കാലവും തല­മു­റയും എത്ര­കണ്ട് ‌ഉൾക്കൊള്ളും എന്നത്‌, പരിഷദ് പ്രവർത്തകർ ഗൌര ര­വ­ത്തോടെ വില­യി­രു­ത്തേണ്ട ഒരു സമ­സ്യ­യാ­ണ്‌.
           
            ശാസ്ത്രവും സാങ്കേ­തി­കവി­ദ്യ­യു­മാണ്‌ പോയ­കാ­ല­ത്തിന്റെ കണ്ണു­തു­റ­പ്പി­ക്കു­കയും അതിൽ ജീവിച്ച മനു­ഷ്യരെ ശുഭാ­പ്തി­വി­ശ്വാ­സി­ക­ളാ­ക്കു­കയും ചെയ്ത ശക്തി. അക്കാ­ര്യ­ത്തിൽ അത്‌ ഒരു ആയു­ധ­ത്തിന്റെ ധർമ്മമാണ് ‌നിർവ­ഹി­ച്ച­ത്‌. മനു­ഷ്യ­രാ­ശി­യുടെ ഒന്ന­ട­ങ്ക­മുള്ള വിമോ­ചനം ശാസ്ത്ര-സാങ്കേ­തി­കവി­ദ്യയിലൂടെ സംജാ­ത­മാ­കു­മെന്ന പ്രതീക്ഷ ആ സമൂ­ഹത്തെ ആവേ­ശ­ത്തോടെ നയി­ച്ചു. എന്നാൽ    സമൂ­ഹ­ത്തിന്റെ സകലമാന മൂല്യ­സം­ഹി­ത­ക­ളിൽ നിന്നുമുള്ള വ്യക്തി­യുടെ വിമോ­ച­ന­വും സർവതന്ത്ര സ്വത­ന്ത്ര­തയുമാ­ണ് ‌ഇന്നത്തെ കാലം ശാസ്ത്ര-സാങ്കേ­തി­കവി­ദ്യയുടെ പ്രയോ­ഗ­ങ്ങ­ളിൽ നിന്നും  കാം­ക്ഷി­ക്കുന്നത്‌. ശാസ്ത്രം പുതിയ അറി­വു­ക­ളി­ലേക്കും നില­വി­ലുള്ള അറി­വു­ക­ളുടെ സൂക്ഷ്മ­മായ ഉള്ള­റ­ക­ളി­ലേക്കും സഞ്ച­രി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­മ്പോഴും,  അതിന്റെ സാങ്കേ­തി­ക­വി­ദ്യാ­പ­ര­മായ ഉപ­ല­ബ്ധി­കൾ   ഒരു വിമോ­ച­നാ­യുധ­മായ­ല്ല പ്രത്യുത ഒരു വിനോ­ദോ­പാ­ധി­യാ­യാണ്‌ ഇന്ന്‌ സാമാ­ന്യ­ജ­ന­തയ്ക്ക് ‌കര­ഗ­ത­മാ­യി­രി­ക്കു­ന്ന­ത്‌. സമൂ­ഹ­ത്തിന്റെ ഉൽക്കണ്ഠ­കൾ അതിന്‌ ഒരു പരി­ഗ­ണ­നാ­വി­ഷ­യ­മാ­കു­ന്ന­തേ­യി­ല്ല എന്ന­തി­നാൽ പരിഷത്തിന് അതിനെ സമൂ­ഹ­വി­രുദ്ധം എന്ന്‌വിമർശി­ക്കാതെ തര­മി­ല്ല. ശാസ്ത്ര­സാ­ഹി­ത്യ­പ്ര­ച­രണം ആവ­ശ്യ­മാ­യി­രുന്ന കാല­ത്തേ­തിൽ നിന്ന്‌ തുലോം വ്യത്യ­സ്ത­മാ­ണ്‌, ശാസ്ത്രവും സാങ്കേ­തി­ക­വി­ദ്യയും ഓരോ­രു­ത്ത­രു­ടേയും വ്യക്തി­ജീ­വി­ത­ത്തി­ലേ­ക്കു­വരെ ഇറ­ങ്ങി­യെത്തി സുപ­രി­ചി­ത­മായ സാന്നിദ്ധ്യ­മായിക്കഴിഞ്ഞ ഇക്കാ­ലം പരിഷത്തിനു മുന്നി­ലു­യർത്തുന്ന ­ വെല്ലു­വി­ളി. ഒരു ഭാഗത്ത്‌ മത­-­ജാ­തി­-­സ­മു­ദാ­യാ­ഭി­മാ­ന­ങ്ങൾ ഇള­ക്ക­മി­ല്ലാത്ത വിശ്വാ­സ­ങ്ങ­ളുടെ ലോകത്ത്‌ മനു­ഷ്യരെ തള­ച്ചി­ടാനും ഉറ­പ്പി­ച്ചു­നിർത്താനും ദൃഢ­പ്ര­തി­ജ്ഞ­രായി സമൂ­ഹ­ത്തിൽ വർത്തി­ക്കു­ന്നു­വെ­ങ്കിൽ,  മറു­ഭാ­ഗത്ത്‌സാങ്കേ­തി­ക­വി­ദ്യ­ക­ളുടെ, കേവലം വിനോ­ദ­മൂല്യങ്ങൾ മാ­ത്രം ഉത്പാ­ദി­പ്പിക്കുകയും വിനിമയം ചെയ്യു­കയും ചെയ്യുന്ന ­ വശ­ങ്ങ­ളുടെ വിവേ­ച­ന­ര­ഹി­ത­മായ ­പ്ര­യോഗവും ഉപ­ഭോ­ഗവും­  മനു­ഷ്യരെ ഒരു ജീവ­ജാ­തി­യെന്ന നില­യിലും സമൂ­ഹ­ജീ­വി­യെന്ന നില­യിലും അവർ നേരി­ടുന്ന ആഗോ­ളവും ദേശീ­യവും പ്രാദേ­ശി­ക­വു­മായ പ്രശ്ന­ങ്ങ­ളിൽ നിന്നും ശ്രദ്ധ­യ­കറ്റി പരി­പാ­ലി­ക്കു­ന്നു. എന്തി­നേ­റെ, സമ­ത്വാ­ധി­ഷ്ഠി­തവും സർവ­ജ­ന­സ­മാ­ശ്ളേ­ഷി­യു­മായ വിക­സനം എന്ന സ്വപ്നം യാഥാർത്ഥ്യ­മാ­ക്കാൻ പൊരു­തിയ  ഇന്ന­ലെ­ക­ളുടെ ഇട­തു­പ­ക്ഷ­മ­ന­സ്സു­ക­ളെ­പ്പോലും മാറ്റി­യെ­ടുത്ത്‌, ഇന്നിന്റെ സൌഭാ­ഗ്യ­ങ്ങ­ളിലും സുഖ­സൌ­ക­ര്യ­ങ്ങ­ളിലും വിനോ­ദ­ങ്ങ­ളിലും മൂല്യ­ങ്ങ­ളിലും അഭി­ര­മി­ക്കു­ന്ന­വരും, വല­തു­പ­ക്ഷ­മ­ന­സ്സു­ക­ളു­മാക്കിത്തീർക്കാൻ പുതിയ കാല­ത്തിന്‌ കഴി­ഞ്ഞി­രി­ക്കുന്നു; ചോദ്യം ചെയ്യാൻ ശീലി­ക്കു­കയും സമൂ­ഹത്തെ പരി­ശീ­ലി­പ്പി­ക്കു­കയും ചെയ്ത ഇന്ന­ലെ­കളിലെ തന്റേ­ടി­കളെ ഇന്നിന്റെ സർക്കസ്സ്‌ കൂടാ­ര­ങ്ങ­ളിലെ കോമാ­ളി­ക­ളാക്കി അത്‌ മാറ്റി­യി­രി­ക്കു­ന്നു! ഇവിടെ വാഴു­ന്നത്, തങ്ങ­ളുടെ വരും തല­മുറ മാതൃ­ഭൂ­മി­യോ­ടുള്ള കൂറിലും മാതൃ­ഭാ­ഷ­യോ­ടുള്ള  ആദ­ര­വിലും സാമൂ­ഹ്യ­പ്ര­തി­ബദ്ധ­ത­യിലും സഹ­ജാത സ്‌നേഹ­ത്തിലും യുക്തി­ബോ­ധ­ത്തിലും ശാസ്ത്രീ­യ­വീ­ക്ഷ­ണ­ത്തിലും മതേ­ത­ര­ത്വ­ത്തിലും വളർന്നു­വ­രണം എന്ന്‌ ആഗ്ര­ഹി­ക്കാത്ത ഒരു സമൂ­ഹവും, ഭര­ണ­കൂ­ടവുമാണ്‌;  തങ്ങൾ അധി­വ­സി­ക്കുന്ന ഈ മണ്ണിനെ രോഗാ­തു­രവും മലി­നവുമാക്കു­ന്ന­തിലും അതിന്റെ വിഭ­വ­സ­മ്പ­ത്തു­കളെ മുച്ചൂടും കൊള്ള­യ­ടി­ക്കു­ന്ന­തിലും വേവ­ലാ­തി­ക­ളി­ല്ലാ­ത്ത ഒരു സമൂ­ഹവും, ഭര­ണ­കൂ­ടവുമാണ്‌; വിപ­ണി­യുടെ മൂല്യ­സം­ഹി­ത­യേയും കൊള്ളലാഭേ­ച്ഛ­യേയും മാത്രം എവി­ടേയും കുടി­യി­രു­ത്താൻ വെമ്പുന്ന  ഒരു സമൂ­ഹവും, ഭര­ണ­കൂ­ടവുമാണ്‌. പരിഷത്തിന്റെ ഒരു പ്രവർത്ത­ന­ത്തിനും ലഘൂ­ക­രണം അനു­വ­ദി­ച്ചു­ത­രാ­ത്ത­ തര­ത്തി­ലുള്ളതാ­ണ്‌ കേരള­ത്തിന്റെ ഈ വർത്ത­മാ­നം.  മേൽപ­റഞ്ഞ സമ­സ്യയെ അത്‌ ജടി­ലവും സങ്കീർണ്ണ­വുമാ­ക്കു­ന്നു. പരിഷത്തിനെ അത് പോരാ­ട്ട­ങ്ങ­ളുടെ പാത­യിൽ തന്നെ നില­യു­റ­പ്പി­ക്കാൻ നിർബ­ന്ധി­ത­രാ­ക്കു­ന്നു; കരു­ത്താർജ്ജി­ക്കുക അല്ലെ­ങ്കിൽ കീഴ­ട­ങ്ങുക എന്ന്‌കല്പി­ക്കു­ന്നു.

            ഈ ഒഴു­ക്കി­നെ­തി­രെ­യാണ്‌ പരി­ഷത്തിന്‌ തുഴയാനുള്ളത്‌.  ഈ ഒഴു­ക്കി­നെ­തി­രെ­യാണ്‌‘വേണം മറ്റൊരു സാമൂ­ഹ്യ­ക്രമം‘ എന്ന്‌ ഉറക്കെ വിളിച്ചു പറ­ഞ്ഞു­കൊണ്ട്‌ പരിഷത് ഇക്കാ­ലം മുഴു­വൻ തുഴ­ഞ്ഞി­രു­ന്ന­ത്‌. ആ മുദ്രാ­വാ­ക്യത്തെ  കുറേ­ക്കൂടി മൂർത്ത­മായി അവ­ത­രി­പ്പി­ക്കാൻ ഇക്ക­ഴിഞ്ഞ വർഷം പരിഷത്തിന് കഴി­ഞ്ഞു എന്നത്‌ അതിന്റെ ചരി­ത്ര­ത്തിലെ തന്നെ ഒരു നാഴി­ക­ക്ക­ല്ലാണ്‌.  ആ പ്രവർത്തനം ആരൊക്കെ കണ്ടി­ല്ലെന്നു നടി­ച്ചാലും അവി­ട­വിടെ ഓള­ങ്ങളും ചുഴി­കളും സൃഷ്ടി­ക്കുകയും അത് ‌ചില പ്രവ­ണ­ത­ക­ളിൽ നിശ്ച­യ­മായും ഉൾക്കി­ടിലം വിത­ക്കുകയും ചെയ്തു. അതിന് ‌പരിഷത്  പ്രയോ­ഗിച്ച സംസ്ഥാ­ന­തല പദ­യാത്ര എന്ന ഉപാ­ധി­യാ­ക­ട്ടെ,  ഉള്ള­ട­ക്കവും ഉപാ­ധിയും സമ­ഞ്ജ­സ­മായി സമ്മേ­ളിച്ച ഒരു പ്രവർത്ത­ന­വുമാ­യി­.  അതിന്റെ ഉള്ള­ട­ക്ക­ത്തിന്റെ പ്രക്ഷോ­ഭ­ സ്വ­ഭാ­വ­ത്തിന്‌ പദ­യാ­ത്ര­യേ­ക്കാൾ അനു­യോ­ജ്യ­മായ  ആവി­ഷ്കാ­ര­രൂപം മറ്റൊന്നുണ്ടായിരുന്നില്ല തന്നെ.  അപൂർവ­മായി മാത്രം ആവി­ഷ്ക­രി­ക്കാനും സംഘ­ടി­പ്പി­ക്കാനും കഴിയുന്ന ഈ പ്രവർത്ത­നം, സംഘ­ട­ന­യെ സംബ­ന്ധി­ച്ചി­ട­ത്തോളം  ആത്മവി­ശ്വാ­സ­ജ­ന­കം തന്നെയാണ്;വരാ­നി­രി­ക്കുന്ന കാല­ങ്ങ­ളു­യർത്തുന്ന വെല്ലു­വി­ളി­ക­ൾ നെരിടുന്നതിനുള്ള ഒരു ചവിട്ടുപടിയുമാണ്.  കഴി­ഞ്ഞ­കാ­ലാ­നു­ഭ­വ­ങ്ങ­ളുടെ കരു­ത്തിൽ,  കൈവ­രി­ക്കാൻ കഴിഞ്ഞ സംഘ­ട­നാ­പ­ര­മായ മിക­വിന്റെ ആത്മ­വി­ശ്വാ­സ­ത്തിൽ, ­കാത്തിരിക്കുന്ന പ്രതിബന്ധങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയാവബോധത്തിന്റെ വഴിവെളിച്ചത്തിൽ  അടുത്ത അരനൂറ്റാണ്ടിനേയും അർത്ഥവത്താക്കാൻ പരിഷത്തിനു കഴിയട്ടെ. ലക്ഷ്യങ്ങളുടെ പൂർത്തീകരണം ഏറെ അകലെയല്ലാതെയാകട്ടെ.

2012 മേയ് 2, ബുധനാഴ്‌ച


കേഴുക പ്രിയ നാടേ
കേഴുക പ്രിയ നാടേ - നീ
നേടിയതെല്ലാമുജ്ജ്വലമെന്നു
നിനയ്‌ക്കരുതെൻ നാടേ
പിന്നിട്ടൂ നീ ദുർഗമമാം പല
പാതകളെന്നാലും
പിന്നിടുവാനിനിയുള്ളവ ദീർഘം,
കാലം കഠി­നതരം

ജീവിതഗുണതയി,ലക്ഷരവിദ്യയി-
ലറിവിൽ കഴിവുകളിൽ
ഉലകെങ്ങും പുകൾ പൊങ്ങും മികവുകൾ
നമുക്കു തനതെന്നാൽ
നേടീ,യിതുവരെയാരും നേടാ-
ക്കനവുകൾ പലതെന്നാൽ
അവ നിലകൊള്ളുമടിത്തറ ദുർബല-
മെന്നറിയൂ നാടേ
കേഴുക പ്രിയ നാടേ

മണ്ണിനെ മാഫിയകൾക്കും, മണ്ണിൻ
മൊഴി മറുമൊഴികൾക്കും
പെണ്ണിനെയളവുകളതിരുകളില്ലാ
കാമാതുരതയ്ക്കും
മാനവസാഹോദര്യത്തെ മത- 
വെറി,­വൈരങ്ങൾക്കും
മുപ്പതു വെള്ളിക്കാശിനു കൂട്ടി-
ക്കൊടുത്തു നാം നാടേ
കേഴുക പ്രിയ നാടേ

ആർത്തികളാസക്തികളാത്മാവിൽ
കാടുവളർത്തുകയായ്‌-പണ്ടേ
തുടച്ചു നീക്കിയ കാടത്തങ്ങൾ
തഴച്ചു വളരുകയായ്‌ - വീണ്ടും
കട്ടിയിരുട്ടിൻ കോട്ടകൾ വാനം
മുട്ടെ പൊങ്ങുകയായ്‌ - കാലം
നമുക്കു­ നല്കിയ ബോധനിലാവിനെ-
യിരുട്ടു തിന്നുകയായ്‌ - നമ്മുടെ
ശുഭ പ്രതീക്ഷക,ളടിപതറി തിര-
മാലയിലുലയുകയായ്‌
കേഴുക പ്രിയ നാടേ

പടുത്തുയർത്താം പ്രതിരോധത്തിൻ
പടയണി വൈകാതെ - നാടിൻ
നടപ്പുരീതികളഴിച്ചു പണിയാ-
നണയാം വൈകാതെ
മറ്റൊരു കേരളമിവിടെപ്പുലരാ-
നുണർന്നെഴുന്നേല്ക്കാം
ഉണർന്നിടേണ്ടവരുറക്കമെങ്കിൽ
വിളിച്ചുണർത്തീടാം


 പുതിയ കേരളം പിറക്കണം
ഒരു ധീരനൂതനകേരളത്തിന്നരു-
ണോദയമരികെ കിനാവു കണ്ടു, നമ്മ-
ളണിചേർന്നു മുന്നേറിയെത്തിയതീ, 
ബഹുദൂരം പിന്നിലെയിരുളിലെന്നോ?
ഒരു നവ സംസ്കൃതിയ്ക്കായ്‌ പൊരുതി, 
നമ്മളൊടുവിൽ കിരാതരായ്‌ തീർന്നുവെന്നോ?

കാലം, ഇതാസുരകാല,മീ നാടിന്റെ
നേരുകൾ,നെറികൾ, മറഞ്ഞകാലം;
ഒരുപാടു  നരകങ്ങളിഹലോകജാതരെ 
പലപാടു ദുരിതങ്ങൾക്കിരയാക്കും കാലം;
തകരുന്നു മൂല്യങ്ങൾ, പെരുകു,ന്നധർമ്മങ്ങൾ, 
സ്വാർത്ഥാടനം പുതിയകാല പ്രമാണം!
കൂർത്ത നഖങ്ങളിൽ കോർത്തു പറക്കു-
വാനണയുന്ന കഴുകന്റെ ചിറകൊച്ച ചാരെ…

മദം പൊട്ടി നില്പ്പൂ മതങ്ങൾ;
മദം പൊട്ടി നില്പ്പൂ മതങ്ങൾ; തഴയ്ക്കുന്നു-
കൺകളിൽ കത്തികൾ;  വേവുന്നു- 
കരളുകൾ തോറും കൊടും വിഷം;  ചുരമാന്തി-
യുണരുന്നധോലോക വാസനകൾ....
ചിതലരിക്കുന്നൂ, സഹജാതസ്‌നേഹം,
ചിതയിലെരിയുന്നൂ, സമത്വാവബോധം;
ഇവിടെ വാഴ്‌വതും വാഴ്ത്തപ്പെടുന്നതും 
കരുണയില്ലാത്ത കമ്പോള വേദം.

അല്ലിതല്ല നമ്മളാരുമാഗ്രഹിച്ച കേരളം
അമര,രഗ്രഗാമികൾ നമുക്കു തന്ന കേരളം
ഇനി വരുന്ന തലമുറയ്ക്കു വേരിടാൻ, തളിർക്കുവാൻ
അല്ലിതല്ല, നമ്മൾ പണിതു നൽകിടേണ്ട കേരളം
വേണം,വേണമിവിടെ വേണം,  വേണം,പുതിയ കേരളം;
വേണമിവിടെ വേണം,വേണം,  വേണം,മറെറാരു കേരളം
നൂറുകാതം പിന്നിലേ,യ്ക്കിരുൾയുഗങ്ങൾ തന്നിലേയ്ക്ക്‌
വഴി നടത്തുവോരിൽ നിന്നു നാട്‌ മുക്തി നേടണം
സ്ഥിതിസമത്വം, യുക്തിചിന്ത,ശാസ്ത്രബോധമെന്നിവ
അസ്തിവാരമിട്ട പുതിയ കേരളം പിറക്കണം.
വേണം,വേണമിവിടെ വേണം,  വേണം,പുതിയ കേരളം;
വേണമിവിടെ വേണം,വേണം,  വേണം,മറെറാരു കേരളം

2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

RIGHTS OF MOTHER EARTH/ഭൂമിയുടെ അവകാശങ്ങൾ


ഭൂമിയുടെ അവകാശങ്ങൾ

ധാരാളമായി ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞ ഒരു വിഷയമാണ്,
നമ്മുടെ ഈ കാലഘട്ടത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ സംഭവിച്ച
ഇടർച്ചകളും ധാർമ്മികച്യുതിയും എന്നത്.
പാളിച്ചകൾ ഉണ്ടായത് വാസ്തവത്തിൽ പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിലാണ്
എന്ന വസ്തുതയാകട്ടെ, ഏറെ തലപുകഞ്ഞുള്ള ചർച്ചകളൊന്നും കൂടാതെ
ഏവർക്കും ബോധ്യമുള്ളതുമാണ്.
പ്രകൃതിയോട് നമ്മുടെ പൊതുവിലുള്ള പെരുമാറ്റം വളരെ അധാർമ്മികമാവുകയും
പ്രകൃതി വിഭവങ്ങളോടും വിഭവ സ്രോതസ്സുകളോടും ജൈവ വൈവിധ്യത്തോടുമുള്ള നമ്മുടെ സമീപനം വളരെ അശാസ്ത്രീയമാവുകയും ചെയ്തു.
നമ്മുടെ പൌരാണികർ ഭൂമിയെ ഇത്തരത്തിൽ ചൂഷണോപാധിയായി കണ്ടവരല്ല.
ഗുഹാജീവിയായി പ്രകൃതിയോടിണങ്ങി കാലം കഴിച്ചിരുന്ന ആദിമ ഘട്ടത്തിൽ നിന്ന് ആത്യാധുനികതയിലേക്ക് ക്രമാനുഗതമായി കൈവരിച്ച വികാസത്തിന് ഒപ്പം
സംഭവിച്ചതാണ്, പ്രകൃതിയോടുള്ള നമ്മുടെ സമീപന മാറ്റവും.
അതാകട്ടെ, ഈ ഭൂമി നമുക്ക് പാർക്കാൻ ലഭ്യമായിട്ടുള്ള ഒരേയൊരു ഗ്രഹമാണെന്ന ബോധത്തെപ്പോലും ധിക്കരിക്കുന്ന മനോഭാവത്തിലെത്തിയിരിക്കുന്നു, ഇന്ന്.
പ്രകൃതിയല്ല, മനുഷ്യന്റെ പ്രവർത്തികളാണ് പ്രകൃതിപ്രതിഭാസങ്ങളുടെ തീവ്രത നിർണ്ണയിക്കുന്നത്
എന്ന സ്ഥിതിവിശേഷം പോലും സംജാതമായി.
പ്രകൃതിയാകട്ടെ, നമ്മുടെ അനർത്ഥങ്ങളുടെ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ പറ്റി
ചെറുതല്ലാത്ത സൂചനകൾ നമുക്ക് നൽകിയും കഴിഞ്ഞു.
ഇനി നമ്മുടെ ഊഴമാണ്.
നാം എന്തു ചെയ്യാൻ പോകുന്നു?

ഭൂമിയോട് പാരമ്പര്യമായിത്തന്നെ രണ്ട് വിധത്തിലുള്ള സമീപനങ്ങൾ
മനുഷ്യരാശി വച്ചു പുലർത്തുന്നതായി കാണാം.
ഒന്ന്, ഭൂമിയെ ഈശ്വരതുല്യയായി-ഒരു ദേവിയെപ്പോലെയോ മാതാവിനെപ്പോലെയോ-
നോക്കിക്കാണുന്ന, ആരാധിക്കുന്ന രീതി.
മറ്റൊന്ന് ഭൂമി നമുക്ക് സ്വേച്ഛ പോലെ അനുഭവിക്കാൻ സൃഷ്ടിക്കപ്പെട്ടതാണ് എന്ന
അവകാശാധിഷ്ഠിതമായ രീതി.
എന്നാൽ ഇതിൽ ആദ്യത്തേത് കേവല കാൽപനികതയുടെ തലത്തിൽ ഒതുങ്ങുകയും
രണ്ടാമത്തെ രീതി പൊതുസമ്മതി കൈവരിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്
നമ്മുടെ സമകാല യാഥാർത്ഥ്യം.
ഭൂമിയെച്ചൊല്ലി കേഴാൻ, ഭൂമിക്കായി ഒരു ചുവട് വയ്ക്കാൻ
ആരുമില്ല എന്ന ഈ അവസ്ഥ നിലനിൽക്കുമ്പോഴാണ്,
ചുറ്റുപാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന അന്ധതമസ്സിൽ തീർത്തും വ്യത്യസ്തമായ ഒരു നിലപാടിന്റെ
ചെറുതിരി കൊളുത്തിക്കൊണ്ട് തെക്കേ അമേരിക്കയിലെ ബൊളീവിയ എന്ന കൊച്ചു രാജ്യം
മുന്നോട്ട് വന്നിരിക്കുന്നത് -ഭൂമിക്ക് ചില അവകാശങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുകയും
അവ സംരക്ഷിക്കുന്നതിനുള്ള ഒരു നിയമത്തിന് രൂപം കൊടുക്കുകയും ചെയ്തുകൊണ്ട്!

വിപ്ലവാത്മകമായ പല മുന്നേറ്റങ്ങൾക്കും അരങ്ങൊരുക്കിക്കൊണ്ട്
ചരിത്രത്തിൽ പണ്ടേ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞ രാജ്യമാണ് ബൊളീവിയ.
ഭൂമിയെ അമ്മയും ദേവിയുമായി ആരാധിക്കുന്ന കൂട്ടത്തിലാണ് ബൊളീവിയക്കാർ .
പച്ചാമാമ (Pachamama) എന്നാണ് അവർ ഭൂമിയെ വിളിക്കുന്നത്.
കേവലം ഭൂമി എന്നല്ല, ഭൂമിമാതാവ് എന്നു തന്നെയാണ് അവരുടെ ഭാഷയിൽ അതിനർത്ഥം.
ജീവിതവും ഭക്ഷണവും സംരക്ഷണവും നൽകുന്ന മാതാവായി
പച്ചാമാമയെ അവർ കാണുന്നു.
അവരെ സംബന്ധിച്ചിടത്തോളം ഭൂമാതാവ് പരിശുദ്ധയും ഉർവ്വരയും ജീവന്റെ ഉറവിടവുമാണ്.
തന്റെ ഗർഭപാത്രത്തിൽ എല്ലാ ജീവരൂപങ്ങളേയും ഊട്ടിവളർത്തുകയും
പരിപാലിക്കുകയും ചെയ്യുന്നവളാണ്.
ഒരേ ഭാഗധേയം പങ്കു വയ്ക്കുന്ന,
പരസ്പരബന്ധിതവും പരസ്പരാശ്രിതവും പരസ്പരപൂരകവുമായ
എല്ലാത്തരം പരിസ്ഥിതിവ്യൂഹങ്ങളുടേയും ജീവ രൂപങ്ങളുടേയും സംഘാതമാണ് അവൾ. പ്രദേശവാസികളുടെ സമൂഹങ്ങളും പരിസ്ഥിതിവ്യൂഹവും തമ്മിൽ നിലവിലുള്ള സന്തുലനം
തകർക്കുന്ന തരത്തിലുള്ള വൻകിട വികസന-നിർമ്മാണ പദ്ധതികളാൽ
ബാധിതമാകാതിരിക്കുന്നതിനുള്ള അവകാശം അവൾക്ക് ഉണ്ട്.
പച്ചാമാമയോടുള്ള ആദരാർപ്പണങ്ങളിൽ എല്ലാ ജീവജാലങ്ങളോടുമുള്ള
സമഭാവനയും ബഹുമാനവും അവർ ഉൾപ്പെടുത്തുന്നു.
കാരണം, അവ അവരുടെ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം
ആ അമ്മയുടെ സൃഷ്ടിയുടെ ഫലങ്ങൾ മാത്രമല്ല, അവളുടെ ഭാഗങ്ങൾ തന്നെയാണ്.
ഇത്രകാലവും ഒരാളും അംഗീകരിക്കാതിരുന്ന അവകാശങ്ങൾ വകവച്ചുകൊടുക്കുന്നതിലൂടെ,
അവ പാലിക്കാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുന്നതിലൂടെ,
തങ്ങളുടെ പച്ചാമാമയോടുള്ള കടപ്പാട് നിറവേറ്റാനാണ് അവർ ശ്രമിക്കുന്നത്.

ഭൂമാതാവിന്റെ പ്രധാന അവകാശങ്ങൾ നിയമം എടുത്തു പറയുന്നത് ഇങ്ങനെയാണ്: ജൈവവ്യൂഹത്തെയും പ്രകൃതിപ്രക്രിയകളേയും കാത്തുരക്ഷിക്കുന്നതിനും
നിലനിർത്തുന്നതിനുമുള്ള അവകാശം;
എല്ലാ ജീവരൂപങ്ങളുടേയും വൈവിധ്യത്തേയും നാനാത്വത്തേയും
കൃത്രിമ മാർഗ്ഗങ്ങളിലൂടെയുള്ള ജനിതകപരിവർത്തനത്തിൽ നിന്നും
ഘടനാപരമായ നവീകരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള അവകാശം;
ജലചക്രത്തിന്റെ പ്രവർത്തനം നിർബാധം നടക്കുന്നതിനും,
ജലസ്രോതസ്സുകളെ മലിനീകരണ മുക്തമായി നിലനിർത്തുന്നതിനും,
ജീവജാലവ്യൂഹങ്ങൾക്ക് പുലരുവാൻ അനുപേക്ഷണീയമായ അളവിലും ഗുണത്തിലും
ജലം ലഭ്യമാക്കുന്നതിനും ഉള്ള അവകാശം;
ജീവജാലവ്യൂഹങ്ങളുടെ സുസ്ഥിരതക്കു വേണ്ടി വായുവിന്റെ പരിശുദ്ധിയും ഘടനയും കാത്തുരക്ഷിക്കുന്നതിനുമുള്ള അവകാശം;
വിവിധങ്ങളായ ചാക്രിക പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും
ജൈവപ്രക്രിയകളുടെ പുനരുൽപാദനത്തിനും വേണ്ടി
വ്യത്യസ്ത ഭൌമഘടകങ്ങളുടെ പരസ്പരബന്ധം, പരസ്പരാശ്രിതത്വം, പരസ്പര സഹായം, പ്രവർത്തനക്ഷമത എന്നിവ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിനും
പരിപാലിക്കുന്നതിനും ഉള്ള അവകാശം;
മനുഷ്യപ്രവൃത്തികൾ മൂലം പ്രത്യക്ഷമായോ പരോക്ഷമായോ കെടുതികൾക്കിരയായിട്ടുള്ള
ജീവജാലങ്ങളുടെ സമയോചിതവും കാര്യക്ഷമവുമായ പുനസ്ഥാപനത്തിനുള്ള അവകാശം;
ഭൂമാതാവിന്റെ ഏതെങ്കിലും ഘടകങ്ങളെ മനുഷ്യപ്രവൃത്തിജന്യമായ ദൂഷണങ്ങളിൽ നിന്നും
വിഷമയമോ അണുപ്രസരമുള്ളതോ ആയ മലിനോച്ഛിഷ്ഠങ്ങളിൽ നിന്നും
സംരക്ഷിക്കുന്നതിനുള്ള അവകാശം.

മനുഷ്യൻ പ്രകൃതിക്കുവേണ്ടി ആവിഷ്കരിച്ച ഒരു നിയമമാണെങ്കിലും
ഫലത്തിൽ ഇത് അവനവനു വേണ്ടിത്തന്നെയുള്ള ഒരു നിയമമാണെന്ന് വ്യക്തം.
ഭൂമിയെ സംരക്ഷിച്ചുകൊണ്ടേ ഭൂമിയിൽ മനുഷ്യന് നിലനിൽക്കാനാവൂ എന്ന സത്യമാണ്
ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ഭൂമിയെന്ന വിശാലതയുടെ സ്ഥാനത്ത് നമ്മുടെ സ്വന്തം വീടുകളെ പ്രതിഷ്ഠിച്ച് ചിന്തിച്ചു നോക്കുമ്പോൾ
ഇത് വളരെ ലളിതമായി നമുക്ക് ബോധ്യമാവും.
തന്റെ ഗേഹത്തെ താൻ കാത്തുസൂക്ഷിക്കുന്നില്ലെങ്കിൽ ആ ഗേഹം
തനിക്ക് വസിക്കാൻ കൊള്ളരുതാത്തത്താകും എന്നു പറയുന്നത്ര ലളിതം.
വാസ്തവത്തിൽ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേയും ജീവിതത്തിനും പുനരുജ്ജീവനത്തിനും
ജൈവ വൈവിധ്യത്തിനും ശുദ്ധവായുവിനും ശുദ്ധജലത്തിനും സന്തുലനത്തിനും ഉള്ള അവകാശങ്ങൾ തന്നെയാണ്, നിയമം, ഭൂമിയ്ക്കായി ഉറപ്പാക്കാൻ ശ്രമിക്കുന്നത്!
അതേ സമയം പ്രായോഗിക തലത്തിൽ ഇത് ബൊളീവിയയ്ക്കു മേൽ പുതിയ നിരവധി
ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നുണ്ട്.
തങ്ങളുടെ നാട്ടിൽ നിലവിലുള്ള എല്ലാ നിയമങ്ങളും അവർ ഇതനുസരിച്ച് പുനർനിർമ്മിക്കേണ്ടി വരും.
പ്രകൃതി നിശ്ചയിച്ചിട്ടുള്ള പാരിസ്ഥിതിക പരിധികളെ മറികടക്കാതിരിക്കാനുള്ള
ജാഗ്രത പുലർത്തേണ്ടി വരും.
യാതൊരു പുതുക്കൽ സാദ്ധ്യതയുമില്ലാത്ത ഊർജ്ജസ്രോതസ്സുകൾ കയ്യൊഴിഞ്ഞ്
ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരും.
പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തുകൊണ്ടുള്ള കൂടുതൽ ഉത്പാദനം, കൂടുതൽ ഉപഭോഗം
എന്നതിൽ നിന്ന്, പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുകൊണ്ടുള്ള പദ്ധതികളിലേക്ക്
ദിശ മാറ്റേണ്ടി വരും.
അന്തരീക്ഷ താപനത്തിനിടവരുത്തുന്ന ഹരിതഗൃഹവാതകങ്ങളുടെ വമനം നിയന്ത്രിക്കുകയും,
ജൈവകൃഷി, ഊർജ്ജക്ഷമത, എന്നിവ സംബന്ധിച്ച ഗവേഷണങ്ങൾക്കും നിക്ഷേപങ്ങൾക്കും
മുൻതൂക്കം നൽകേണ്ടിയും വരും.
എല്ലാ പൌരന്മാരും സ്ഥാപനങ്ങളും വ്യവസായശാലകളും പരിസ്ഥിതി നാശങ്ങൾക്ക്
സമാധാനം പറയേണ്ട അവസ്ഥ സൃഷ്ടിക്കപ്പെടും;
രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുള്ള പ്രധാന മാനദണ്ഡമായി
അവയുടെ പാരിസ്ഥിതിക ആഘാതത്തെയും, അവയുടെ പ്രവർത്തന വിലയിരുത്തലിനുള്ള മാനദണ്ഡമായി പാരിസ്ഥിക ഓഡിറ്റിങ്ങിനേയും അംഗീകരിക്കേണ്ടി വരും.........
ഏതായാലും, നിയമം നടപ്പാക്കുന്നതിന് ഒരു പുതിയ മന്ത്രാലയം തന്നെ രൂപീകരിച്ചുകൊണ്ടും
നിയമ നടത്തിപ്പ് പരിശോധിക്കുന്നതിന് ഓംബുഡ്സ്മാനെ നിയമിച്ചുകൊണ്ടും
ബൊളീവിയ തങ്ങളുടെ നിശ്ചയദാർഢ്യം വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു, ഇതിനകം.

എന്നാൽ എപ്രകാരമാണ് വിപ്ലവകരമായ ഈ നിയമം നടപ്പാക്കാനാവുക
എന്നതാണ് കണ്ടറിയേണ്ടത്.
ഖനന വ്യവസായത്തെ ഗണ്യമായ തോതിൽ ആശ്രയിക്കുന്ന ഒരു
സമ്പദ്വ്യവസ്ഥയാണ് ബൊളീവിയയുടേത്.
പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാർ അവിടെയുള്ള വെള്ളി നിക്ഷേപം
കണ്ടു പിടിച്ചതിനു ശേഷമുള്ള ബൊളീവിയയുടെ ചരിത്രം,
അതിന്റെ ജനതയ്ക്കും പരിസ്ഥിതിയ്ക്കും നേരിടേണ്ടി വന്ന കണ്ണിൽ ചോരയില്ലാത്ത ചൂഷണങ്ങളുടേതാണ്.ബൊളീവിയയുടെ ഈ പ്രകൃതിവിഭവങ്ങൾ യൂറോപ്പിന്റെ വ്യവസായ
വികസനത്തിന്റെ ഇന്ധനമായി വർത്തിച്ചു.
ബൊളീവിയയുടെ 2010ലെ കയറ്റുമതിയുടെ എഴുപത് ശതമാനവും
ധാതുദ്രവ്യങ്ങൾ, എണ്ണ-പ്രകൃതി വാതകങ്ങൾ എന്നിവയായിരുന്നുവേന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
ഈ ഘടനാപരമായ ആശ്രിതത്വത്തിന്റെ കുരുക്കഴിക്കുക പ്രയാസകരമായിരിക്കും.
പ്രബലരായ ഖനന-കാർഷികവ്യവസായ ശക്തികൾ
അതിശക്തമായ ചെറുത്തുനിൽപ്പ് നടത്തുമെന്നതിലും സംശയമില്ല.
തങ്ങളുടെ ലാഭത്തെ ബാധിക്കുന്ന പാരിസ്ഥിതിക നിയന്ത്രണം,
അതിനായി നിലകൊള്ളുന്നവർ ലോകത്തൊരിടത്തും വകവച്ചുകൊടുക്കുകയില്ലല്ലോ.
സർക്കാരിനാകട്ടെ ഖനികൾ അടച്ചു പൂട്ടാനൊന്നും ആവുകയുമില്ല.
ഈ നിയമത്തിന്റെ നടത്തിപ്പിൽ ഉയർന്നുവരാൻ പോകുന്ന മുഖ്യ തടസ്സം ഈ രംഗത്തു നിന്നായിരിക്കും. ചുരുക്കത്തിൽ ഭൂമിയെപ്പോലെ തന്നെ
ഭൌമാവകാശ നിയമവും നിരവധി വെല്ലുവിളികളാണ് നേരിടുന്നത്.
എന്നാൽ ഇത് ബൊളീവിയയുടെ മാത്രമായ ഒരു ഉൽക്കണ്ഠയാണോ?
ആധുനികതയെ, തദ്ദേശ സാംസ്കാരികത്തനിമകളുമായുള്ള ഒരു ഏറ്റുമുട്ടലിൽ
എത്തിച്ചിരിക്കുകയാണ് ഈ നിയമം എന്നു വിമർശിക്കാമെങ്കിലും,
വർദ്ധിച്ചുവരുന്ന പാരിസ്ഥിതികാത്യാഹിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശാസ്ത്രവും
സാങ്കേതിക വിദ്യയും പരാജയപ്പെടുന്ന നിലക്ക്,
ഇത്തരം പരമ്പരാഗത സാംസ്കാരിക മൂല്യങ്ങളുടെ വീണ്ടെടുപ്പ് പ്രസക്തവും അനിവാര്യവുമാണ് എന്നതും, മനുഷ്യനും പ്രകൃതിയുമായുള്ള ഐക്യത്തിന്റെ ആവശ്യകതയിൽ കവിഞ്ഞൊന്നും
നിയമം മുന്നോട്ട് വയ്ക്കുന്നില്ല എന്നതും
മനസ്സിലാക്കപ്പെടാതെ പോകരുത്.
ആധുനിക ലോകത്തിന്റെ ഒട്ടേറെ സമസ്യകൾക്ക് പ്രയോജനകരമായ പരിഹാരം
തദ്ദേശ സംസ്കാരങ്ങൾക്ക് കരഗതമായിട്ടുണ്ട്.
ഇന്ത്യയും ഇത്തരത്തിലുള്ള സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമയാണ്.
ഒന്നുമാത്രം നാമെല്ലാം മറക്കാതിരിക്കുക:
നമ്മൾ ഭൂമിയുടേതാണ്,
ഭൂമി നമ്മളുടേതല്ല.
അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം കാത്തുരക്ഷിക്കേണ്ടതാണ് ഈ നിയമം;
എറ്റെടുക്കേണ്ടതാണ് ഈ വെല്ലുവിളി.

2010 ജൂൺ 6, ഞായറാഴ്‌ച

ഭൂമി-ഒരേയൊരു ഭൂമി

• ലോക പരിസ്ഥിതിദിനം പ്രമാണിച്ച് ശാസ്ത്രസാഹിത്യ പരിഷത് പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമിഗീതങ്ങളുടെ കാസറ്റിന്റെ ആമുഖവിവരണം തയ്യാറാക്കാനുള്ള ഒരു അവസരം കിട്ടി. വ്യക്തിപരമായിതന്നെ എനിക്ക് ഏറ്റവും താത്പര്യമുള്ള ഒരു വിഷയമാണ് ഇത്- ശരിക്കു പറഞ്ഞാൽ പ്രൊഫ. എസ്. ശിവദാസിന്റെ ‘കീയോ കീയോ’ വായിച്ച കാലം മുതൽ മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒരു വിഷയമായി കൂടെയുണ്ട്. ‘റബർ’ മാസികയിൽ ഞാൻ കൈകാര്യം ചെയ്തുവരുന്ന പംക്തിയിലും ഏറ്റവും പരാമർശിക്കപ്പെട്ട വിഷയം ഇതു തന്നെ. അതുകൊണ്ട് വിവരണം തയ്യാറാക്കുക എളുപ്പമായിരുന്നു. പക്ഷേ പറഞ്ഞുവന്നപ്പോഴോ, അല്പം ദൈർഘ്യം കൂടിപ്പോയി. അതുകൊണ്ട് ചെത്തിച്ചുരുക്കിയ രൂപമാണ് റിക്കാർഡ് ചെയ്തത്. പൂർണ്ണരൂപം, ഈ വഴി വരുന്നവർക്കായി ഇവിടെ ചേർക്കുന്നു.

ഭൂമി-ഒരേയൊരു ഭൂമി:
അറിയപ്പെട്ടിടത്തോളം, ഈ മഹാപ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരിടം;
ഇവിടെ മാത്രമേ ജീവൻ എന്ന പ്രതിഭാസത്തിന് കിളിർക്കാനും തളിർക്കാനും വളരാനും പടരാനും അനുയോജ്യമായ അന്തരീക്ഷമുള്ളു;
താപനിലയുള്ളു;
പ്രാണവായുവും ജലവുമുള്ളു;

-ചുരുക്കത്തിൽ ഈ ഭൂമി പോലെ ഈ ഭൂമി മാത്രം!

ആരുടെയാണീ ഭൂമി?
-അത്, ഒറ്റപ്പെട്ട കുറേ വ്യക്തികളുടെ മാത്രം സ്വത്തല്ല;
-ഏതെങ്കിലും ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തുമല്ല;
-എന്തിന്, ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും കൂട്ടുസ്വത്തുപോലുമല്ല അത്!

കാരണം, ജീവപരിണാമത്തിന്റെ സിദ്ധാന്തങ്ങളനുസരിച്ച്, ഭൂമിയിൽ ഏറ്റവും അവസാനത്തേതായി ഉരുത്തിരിഞ്ഞുവന്ന ജീവിവർഗ്ഗമാണ്, മനുഷ്യൻ.
ഇന്നു കാണായ സകല ജീവജാതികളും നമുക്കു മുന്നേ ഇവിടെ ഉണ്ടായതാണ്. -അതുകൊണ്ട് അവരുടേതുകൂടിയാണ് ഈ ഭൂമി.
അവരുടേതു മാത്രമല്ല, ഇനി വരാനിരിക്കുന്ന തലമുറകളുടേതും ഇനിയും ഉരുത്തിരിയാനിരിക്കുന്ന ജീവിവർഗ്ഗങ്ങളുടേതും കൂടിയാണ് അത്.
അതായത്, ഭൂമിയുടെ ഒരേയൊരു അവകാശിയല്ലെന്നുമാത്രമല്ല,
അതിന്റെ ആദ്യത്തേയോ രണ്ടാമത്തേയോ മൂന്നാമത്തേയോ പോലും അവകാശികളല്ല മനുഷ്യർ!

മനുഷ്യർ ഭൂമിയുടെ ഗുണഭോക്താക്കൾ മാത്രമാണ്;
നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പട്ടതായി അതിനെ വരും തലമുറയ്ക്ക് കൈമാറാൻ ബാദ്ധ്യതപ്പെട്ടവർ…

എന്നാൽ നമ്മുടെ ഇന്നത്തെ ഭൂവിനിയോഗ ശൈലി ഈ ഉത്തരവാദിത്തം പാടേ മറന്നുകൊണ്ടുള്ളതാണ്.
അമിതമായ ഉപഭോഗാസക്തിയാൽ നയിക്കപ്പെടുന്ന വികസന ഭ്രാന്തിന്റേതാണ് ആ ശൈലി.
ഇതര ജീവജാതികൾ ഭൂമിയുമായി സഹവസിക്കുക മാത്രം ചെയ്യുമ്പോൾ നമ്മൾ സർവാധികാരികളായി ഭൂമിയ്ക്കു മേൽ അധീശത്വം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഇടപെടലുകൾ ഭൂമിയുടെ സഹജപ്രകൃതം തന്നെ മറ്റിമറിക്കുന്നു.
മണ്ണും മരവും ജലവും ധാതുവിഭവങ്ങളും നമ്മുടെ അതിരുകടന്ന വികസനത്വരയുടെ ഇരകളായിത്തീർന്നിരിക്കുന്നു.
“ഇക്കാണായതെല്ലാം മനുഷ്യനു വേണ്ടിയുള്ളതാണ്”- നാം അഹങ്കരിക്കുന്നു; “അതുകൊണ്ട് എല്ലാറ്റിനേയും നമുക്ക് കവർന്നെടുക്കാം, ഇടിച്ചുനിരത്താം,
വെട്ടിപ്പൊളിക്കാം, തുരന്നെടുക്കാം,
തകർത്ത് തരിപ്പണമാക്കാം…;
എന്നിട്ട് നിർമ്മിക്കാം എടുപ്പുകൾ, പാതകൾ, ഖനികൾ,
അണക്കെട്ടുകൾ, തുരങ്കങ്ങൾ..”
-നാം ഊറ്റം കൊള്ളുന്നു….

ഈ ഭ്രാന്തവും സ്വാർത്ഥലാഭാധിഷ്ഠിതവുമായ വികസന നെട്ടോട്ടത്തിൽ നമ്മുടെ പ്രകൃതിവിഭവസമ്പത്ത് മുച്ചൂടും മുടിഞ്ഞുപോകുകയാണ്:
ജൈവവൈവിദ്ധ്യം അപ്രത്യക്ഷമാവുകയാണ്:
ഭക്ഷ്യസുരക്ഷ സന്ദിഗ്ദ്ധമാവുകയാണ്;
ജീവിച്ച് ജീവിച്ച് നമ്മൾ ഈ ഭൂമിയെ ജീവിതയോഗ്യമല്ലാതാക്കുകയാണ്;
അങ്ങനെ, ഇതരജീവജാലങ്ങളെ അപേക്ഷിച്ച്, മനുഷ്യൻ, ഭൂമിയ്ക്ക് പറ്റിയ ഒരു അബദ്ധമായി മാറിയിരിക്കുകയുമാണ്…

നമ്മുടെ ഭൂവിനിയോഗരീതികളുടെ അശാസ്ത്രീയത തിരിച്ചറിയാൻ നാം വളരെ വൈകിയിരിക്കുന്നു.
ഈ ഭൂമിയെ - ഒരേയൊരു ഭൂമിയെ - സംരക്ഷിച്ചുകൊണ്ടുമാത്രമേ നമുക്കും നമ്മുടെ ചുറ്റുപാടുമുള്ള അസംഖ്യം ജീവജാതികൾക്കും സസ്യജാലങ്ങൾക്കും നിലനില്പുള്ളു. അതുകൊണ്ട്, ഭൂമിയുടെമേൽ അതിന്റെ പാരിസ്ഥിതിക സുസ്ഥിരത നിലനിർത്തിക്കൊണ്ടുള്ള രൂപാന്തരണപ്രവർത്തനങ്ങൾ മാത്രമേ വികസനത്തിന്റെ പേരിൽ ആകാവൂ;
ജൈവ സന്തുലിതാവസ്ഥയുടെ പുന:സ്ഥാപനത്തിൽ ഊന്നുന്ന ഭൂവിനിയോഗ വ്യവസ്ഥയേ നടപ്പിലാക്കാവൂ;
അവയുടെ മേൽ സമൂഹത്തിന് ഉത്തരവാദിത്വവും നിയന്ത്രണവും ഉണ്ടായേ മതിയാവൂ.

ഈ അർത്ഥത്തിൽ രൂപപ്പെടുത്തിയ, “ഭൂമി നമ്മുടെ പൊതുസ്വത്ത്” എന്ന മുദ്രാവാക്യം മുൻ നിർത്തി നിരവധി പ്രവർത്തനപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്.
ഈ സന്ദേശം കൂടുതൽ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയിട്ടുള്ള വിവിധങ്ങളായ പ്രചരണ മാധ്യമങ്ങളിലൊന്നാണ് “ഭൂമിഗീതങ്ങൾ” എന്ന ഈ ഗാനശേഖരം.
നിലവിലുള്ള ഭൂവിനിയോഗരീതികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികദുരന്തങ്ങളെ സംബന്ധിച്ച ചില ചില ഉൽക്കണ്ഠകളെ,, നേരിയതോതിലെങ്കിലും നമ്മുടെ സമൂഹത്തിൽ ഉണർത്താൻ ഇതിലെ ഗാനങ്ങൾ പര്യാപ്തമാവും എന്ന പ്രതീക്ഷയോടെ, കേരള ശാസ്ത്ര സാഹിത്യ പരിഷത് അവതരിപ്പിക്കുന്നു, “ഭൂമിഗീതങ്ങൾ”.