കേഴുക പ്രിയ നാടേ
കേഴുക പ്രിയ നാടേ - നീ
നേടിയതെല്ലാമുജ്ജ്വലമെന്നു
നിനയ്‌ക്കരുതെൻ നാടേ
പിന്നിട്ടൂ നീ ദുർഗമമാം പല
പാതകളെന്നാലും
പിന്നിടുവാനിനിയുള്ളവ ദീർഘം,
കാലം കഠിനതരം
ജീവിതഗുണതയി,ലക്ഷരവിദ്യയി-
ലറിവിൽ കഴിവുകളിൽ
ഉലകെങ്ങും പുകൾ പൊങ്ങും മികവുകൾ
നമുക്കു തനതെന്നാൽ
നേടീ,യിതുവരെയാരും നേടാ-
ക്കനവുകൾ പലതെന്നാൽ
അവ നിലകൊള്ളുമടിത്തറ ദുർബല-
മെന്നറിയൂ നാടേ
കേഴുക പ്രിയ നാടേ
മണ്ണിനെ മാഫിയകൾക്കും, മണ്ണിൻ
മൊഴി മറുമൊഴികൾക്കും
പെണ്ണിനെയളവുകളതിരുകളില്ലാ
കാമാതുരതയ്ക്കും
മാനവസാഹോദര്യത്തെ മത-
വെറി,വൈരങ്ങൾക്കും
മുപ്പതു വെള്ളിക്കാശിനു കൂട്ടി-
ക്കൊടുത്തു നാം നാടേ
കേഴുക പ്രിയ നാടേ
ആർത്തികളാസക്തികളാത്മാവിൽ
കാടുവളർത്തുകയായ്-പണ്ടേ
തുടച്ചു നീക്കിയ കാടത്തങ്ങൾ
തഴച്ചു വളരുകയായ് - വീണ്ടും
കട്ടിയിരുട്ടിൻ കോട്ടകൾ വാനം
മുട്ടെ പൊങ്ങുകയായ് - കാലം
നമുക്കു നല്കിയ ബോധനിലാവിനെ-
യിരുട്ടു തിന്നുകയായ് - നമ്മുടെ
ശുഭ പ്രതീക്ഷക,ളടിപതറി തിര-
മാലയിലുലയുകയായ്
കേഴുക പ്രിയ നാടേ
പടുത്തുയർത്താം പ്രതിരോധത്തിൻ
പടയണി വൈകാതെ - നാടിൻ
നടപ്പുരീതികളഴിച്ചു പണിയാ-
നണയാം വൈകാതെ
മറ്റൊരു കേരളമിവിടെപ്പുലരാ-
നുണർന്നെഴുന്നേല്ക്കാം
ഉണർന്നിടേണ്ടവരുറക്കമെങ്കിൽ
വിളിച്ചുണർത്തീടാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ