ശാസ്ത്ര സാഹിത്യ പരിഷത്: കേരള സമൂഹത്തിൽ അൻപത് വർഷങ്ങൾ
ശാസ്ത്രസാഹിത്യ പ്രചരണം
മലയാളത്തിൽ`എന്ന ലക്ഷ്യവുമായി 1962
സെപ്റ്റംബർ 10-ന് രൂപീകൃതമായ ശാസ്ത്ര സാഹിത്യ പരിഷത്,
നാല്പത്തിയൊൻപത് വർഷങ്ങളിലെ അഭിമാനാർഹമായ പ്രവർത്തനം പൂർത്തിയാക്കി 2011 സെപ്റ്റംബർ 10-ന് അൻപത് വയസ്സിലേക്ക്, സുവർണ്ണജൂബിലി
വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇക്കാലയളവിൽ, പരിഷത്
അതിന്റെ പ്രവർത്തനമേഖലകളെ ആ എളിയ ലക്ഷ്യത്തിൽ
നിന്ന്
വിപുലീകരിക്കുകയും,
വൈവിധ്യമാർന്ന ഒട്ടേറെ പ്രവർത്തന പരിപാടികളും
തനിമയാർന്ന ഒട്ടേറെ പ്രവർത്തനരീതികളും ആവിഷ്കരിക്കുകയും, തന്റെ
മുദ്രാവാക്യത്തെ വിപ്ളവാത്മകമായി പുനർനിർണ്ണയിക്കുകയും ചെയ്തു. അവയാകട്ടെ സമൂഹത്തിൽ
ചെറുതല്ലാത്ത അനുരണനങ്ങൾ ഉണർത്തി; സമൂഹത്തിന്നിരവധി മേഖലകളിൽ
പുതിയ അവബോധവും ദിശാബോധവും നൽകി; അഖിലേന്ത്യാ തലത്തിൽ തന്നെ പ്രാധാന്യവും പ്രസക്തിയും ഉള്ള ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാക്കി അതിനെ ഉയർത്തി.
കേരളം പോലെയൊരു സംസ്ഥാനത്ത്,
സന്നദ്ധപ്രവർത്തനത്തിന്റെ സന്ദേശവും സംസ്കാരവും ഉയർത്തിപ്പിടിച്ചുകൊണ്ട്ഒരു
സംഘടന ഇത്രകാലവും നിലനിന്നു, എന്നത്, ഇന്ത്യയിലാകമാനം
ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങൾ പിറവി കൊള്ളാൻ അത് പ്രചോദനമായി എന്നത്, നിസ്സാരമല്ല.
പിന്നിട്ടത് സുദീർഘമായ
ഒരു കാലയളവ് തന്നെയാണെങ്കിലും, അൻപത് വയസ്സ് എന്നത് ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം യുവത്വം തന്നെയാണ്. ആ
യുവത്വത്തിന്റെ ഊർജ്ജസ്വലതയും ആ പ്രായത്തിന്റെ പരിപക്വതയും സ്വന്തം പ്രവർത്തനങ്ങളിൽ ആവാഹിക്കാൻ കഴിയുന്നുണ്ടോ, ഇക്കാലം
കൊണ്ട്
സമൂഹത്തിൽ നിന്ന്ആർജ്ജിച്ചെടുത്ത പ്രതീക്ഷകളോടും
തന്റെ തന്നെ സാധ്യതകളോടും കടമകളോടും നീതി പുലർത്താൻ അതിന് കഴിയുന്നുണ്ടോ, ഒരു
സംഘടന എന്ന നിലയിലുള്ള കേവലമായ ബാദ്ധ്യതാ നിർവഹണം മാത്രമായി തന്റെ പ്രവർത്തനങ്ങൾ പോകുന്നുണ്ടോ, എന്നതാണ് സംഘടന ഈ ഘട്ടത്തിൽ ആത്മപരിശോധന നടത്തേണ്ടത്. ആ തരത്തിലുള്ള
സമഗ്രമായ ഒരു പരിശോധന നടത്തിക്കൊണ്ടാവണം ജൂബിലി വർഷത്തിലേക്കുള്ള അതിന്റെ
തുടർ പ്രയാണം.
തീർച്ചയായും പോരാട്ടങ്ങളുടേതു
തന്നെയായിരുന്നു, പരിഷത്തിന്റെ കഴിഞ്ഞ കാലങ്ങൾ എന്നു മാത്രമല്ല ഇപ്പോഴും പോരാട്ടങ്ങളുടെ
പാതയിൽ തന്നെയുമാണ് പരിഷത്. സംഘടനയുടെ സ്ഥാപകർ വിഭാവനം
ചെയ്ത ലക്ഷ്യത്തിൽ നിന്ന് ഇന്നത്തെ
രൂപ-ഭാവങ്ങളിലേക്ക് പരിഷത് വളർച്ച പ്രാപിച്ചത്, പുതിയ
മേഖലകളിലേക്ക്, പലപ്പോഴും
പുതിയ പോരാട്ട രംഗങ്ങളിലേക്ക്, സധൈര്യം കടന്നു ചെന്നും വെല്ലുവിളികളെ
നേർക്കുനേർ അഭിമുഖീകരിച്ചുകൊണ്ടുമാണ്.
അതേസമയം,
നാടിന്റെ സമഗ്രവും പുരോഗമനാത്മകവും സമത്വാധിഷ്ഠിതവുമായ പരിവർത്തനം എന്ന രാഷ്ട്രീയബോധം മാർഗ്ഗദർശനം നൽകിയിരുന്ന
ഒരു സമൂഹത്തിന്റെ നടുവിലാണ് പരിഷദ് സംഘടന പിറവിയെടുത്തതും വളർച്ച കൈവരിച്ചതും എന്നത് മറന്നുകൂടാ.എന്നാൽ
ഇനി പരിഷത്തിന് സഞ്ചരിക്കേണ്ടതായിട്ടുള്ള വരാനിരിക്കുന്ന കാലമാകട്ടെ, ആ
കാലത്തെ മുന്നോട്ട് നയിക്കേണ്ട
തലമുറയാകട്ടെ, ഏതാണ്ട് പൂർണ്ണമായും
അരാഷ്ട്രീയവൽക്കരിക്കപ്പെട്ടവരുടേതോ മുൻതലമുറയ്ക്കുണ്ടായിരുന്ന രാഷ്ട്രീയബോധത്തിന്റെ
തുടർച്ച നഷ്ടപ്പെട്ടവരുടേതോ ആണ്. വ്യക്തിപരമായ പ്രതിഫലേച്ഛയ്ക്കു സ്ഥാനമില്ലാത്ത, സാമൂഹ്യമാറ്റങ്ങൾക്കായുള്ള
സേവനാത്മകമായ സന്നദ്ധപ്രവർത്തനങ്ങൾ ലക്ഷ്യവും ശൈലിയുമായ, പരിഷത്
പോലൊരു പ്രസ്ഥാനത്തെ ഈ മാറിവരുന്ന കാലവും തലമുറയും എത്രകണ്ട് ഉൾക്കൊള്ളും എന്നത്, പരിഷദ് പ്രവർത്തകർ ഗൌര രവത്തോടെ
വിലയിരുത്തേണ്ട ഒരു സമസ്യയാണ്.
ശാസ്ത്രവും
സാങ്കേതികവിദ്യയുമാണ് പോയകാലത്തിന്റെ
കണ്ണുതുറപ്പിക്കുകയും അതിൽ ജീവിച്ച മനുഷ്യരെ ശുഭാപ്തിവിശ്വാസികളാക്കുകയും
ചെയ്ത ശക്തി. അക്കാര്യത്തിൽ അത് ഒരു ആയുധത്തിന്റെ
ധർമ്മമാണ് നിർവഹിച്ചത്. മനുഷ്യരാശിയുടെ ഒന്നടങ്കമുള്ള
വിമോചനം ശാസ്ത്ര-സാങ്കേതികവിദ്യയിലൂടെ സംജാതമാകുമെന്ന പ്രതീക്ഷ ആ സമൂഹത്തെ
ആവേശത്തോടെ നയിച്ചു. എന്നാൽ സമൂഹത്തിന്റെ
സകലമാന മൂല്യസംഹിതകളിൽ നിന്നുമുള്ള വ്യക്തിയുടെ വിമോചനവും സർവതന്ത്ര സ്വതന്ത്രതയുമാണ് ഇന്നത്തെ കാലം ശാസ്ത്ര-സാങ്കേതികവിദ്യയുടെ പ്രയോഗങ്ങളിൽ
നിന്നും കാംക്ഷിക്കുന്നത്. ശാസ്ത്രം പുതിയ
അറിവുകളിലേക്കും നിലവിലുള്ള അറിവുകളുടെ സൂക്ഷ്മമായ ഉള്ളറകളിലേക്കും സഞ്ചരിച്ചുകൊണ്ടേയിരിക്കുമ്പോഴും,
അതിന്റെ സാങ്കേതികവിദ്യാപരമായ ഉപലബ്ധികൾ ഒരു വിമോചനായുധമായല്ല പ്രത്യുത ഒരു വിനോദോപാധിയായാണ് ഇന്ന് സാമാന്യജനതയ്ക്ക് കരഗതമായിരിക്കുന്നത്. സമൂഹത്തിന്റെ ഉൽക്കണ്ഠകൾ അതിന് ഒരു പരിഗണനാവിഷയമാകുന്നതേയില്ല എന്നതിനാൽ പരിഷത്തിന്
അതിനെ സമൂഹവിരുദ്ധം എന്ന്വിമർശിക്കാതെ തരമില്ല. ശാസ്ത്രസാഹിത്യപ്രചരണം
ആവശ്യമായിരുന്ന കാലത്തേതിൽ നിന്ന് തുലോം
വ്യത്യസ്തമാണ്, ശാസ്ത്രവും സാങ്കേതികവിദ്യയും ഓരോരുത്തരുടേയും വ്യക്തിജീവിതത്തിലേക്കുവരെ
ഇറങ്ങിയെത്തി സുപരിചിതമായ സാന്നിദ്ധ്യമായിക്കഴിഞ്ഞ ഇക്കാലം പരിഷത്തിനു മുന്നിലുയർത്തുന്ന
വെല്ലുവിളി. ഒരു ഭാഗത്ത് മത-ജാതി-സമുദായാഭിമാനങ്ങൾ
ഇളക്കമില്ലാത്ത വിശ്വാസങ്ങളുടെ ലോകത്ത് മനുഷ്യരെ തളച്ചിടാനും ഉറപ്പിച്ചുനിർത്താനും ദൃഢപ്രതിജ്ഞരായി
സമൂഹത്തിൽ വർത്തിക്കുന്നുവെങ്കിൽ, മറുഭാഗത്ത്സാങ്കേതികവിദ്യകളുടെ, കേവലം
വിനോദമൂല്യങ്ങൾ മാത്രം ഉത്പാദിപ്പിക്കുകയും വിനിമയം ചെയ്യുകയും ചെയ്യുന്ന വശങ്ങളുടെ
വിവേചനരഹിതമായ പ്രയോഗവും ഉപഭോഗവും
മനുഷ്യരെ ഒരു ജീവജാതിയെന്ന നിലയിലും സമൂഹജീവിയെന്ന നിലയിലും അവർ നേരിടുന്ന
ആഗോളവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധയകറ്റി പരിപാലിക്കുന്നു.
എന്തിനേറെ, സമത്വാധിഷ്ഠിതവും സർവജനസമാശ്ളേഷിയുമായ വികസനം എന്ന
സ്വപ്നം യാഥാർത്ഥ്യമാക്കാൻ പൊരുതിയ ഇന്നലെകളുടെ
ഇടതുപക്ഷമനസ്സുകളെപ്പോലും മാറ്റിയെടുത്ത്, ഇന്നിന്റെ
സൌഭാഗ്യങ്ങളിലും സുഖസൌകര്യങ്ങളിലും വിനോദങ്ങളിലും മൂല്യങ്ങളിലും അഭിരമിക്കുന്നവരും, വലതുപക്ഷമനസ്സുകളുമാക്കിത്തീർക്കാൻ
പുതിയ കാലത്തിന് കഴിഞ്ഞിരിക്കുന്നു; ചോദ്യം
ചെയ്യാൻ ശീലിക്കുകയും സമൂഹത്തെ പരിശീലിപ്പിക്കുകയും ചെയ്ത ഇന്നലെകളിലെ തന്റേടികളെ
ഇന്നിന്റെ സർക്കസ്സ് കൂടാരങ്ങളിലെ കോമാളികളാക്കി അത് മാറ്റിയിരിക്കുന്നു! ഇവിടെ വാഴുന്നത്, തങ്ങളുടെ
വരും തലമുറ മാതൃഭൂമിയോടുള്ള കൂറിലും മാതൃഭാഷയോടുള്ള ആദരവിലും സാമൂഹ്യപ്രതിബദ്ധതയിലും സഹജാത
സ്നേഹത്തിലും
യുക്തിബോധത്തിലും ശാസ്ത്രീയവീക്ഷണത്തിലും മതേതരത്വത്തിലും വളർന്നുവരണം
എന്ന്
ആഗ്രഹിക്കാത്ത ഒരു സമൂഹവും, ഭരണകൂടവുമാണ്;
തങ്ങൾ അധിവസിക്കുന്ന ഈ മണ്ണിനെ രോഗാതുരവും
മലിനവുമാക്കുന്നതിലും അതിന്റെ വിഭവസമ്പത്തുകളെ മുച്ചൂടും കൊള്ളയടിക്കുന്നതിലും
വേവലാതികളില്ലാത്ത ഒരു സമൂഹവും, ഭരണകൂടവുമാണ്; വിപണിയുടെ
മൂല്യസംഹിതയേയും കൊള്ളലാഭേച്ഛയേയും മാത്രം എവിടേയും കുടിയിരുത്താൻ വെമ്പുന്ന ഒരു സമൂഹവും, ഭരണകൂടവുമാണ്.
പരിഷത്തിന്റെ ഒരു പ്രവർത്തനത്തിനും ലഘൂകരണം അനുവദിച്ചുതരാത്ത തരത്തിലുള്ളതാണ് കേരളത്തിന്റെ ഈ വർത്തമാനം.
മേൽപറഞ്ഞ സമസ്യയെ അത് ജടിലവും
സങ്കീർണ്ണവുമാക്കുന്നു. പരിഷത്തിനെ അത് പോരാട്ടങ്ങളുടെ പാതയിൽ തന്നെ നിലയുറപ്പിക്കാൻ
നിർബന്ധിതരാക്കുന്നു; കരുത്താർജ്ജിക്കുക അല്ലെങ്കിൽ കീഴടങ്ങുക എന്ന്കല്പിക്കുന്നു.
ഈ
ഒഴുക്കിനെതിരെയാണ് പരിഷത്തിന് തുഴയാനുള്ളത്. ഈ ഒഴുക്കിനെതിരെയാണ്‘വേണം മറ്റൊരു സാമൂഹ്യക്രമം‘ എന്ന് ഉറക്കെ
വിളിച്ചു പറഞ്ഞുകൊണ്ട് പരിഷത്
ഇക്കാലം മുഴുവൻ തുഴഞ്ഞിരുന്നത്. ആ മുദ്രാവാക്യത്തെ കുറേക്കൂടി മൂർത്തമായി അവതരിപ്പിക്കാൻ ഇക്കഴിഞ്ഞ
വർഷം പരിഷത്തിന് കഴിഞ്ഞു എന്നത് അതിന്റെ
ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്.
ആ പ്രവർത്തനം ആരൊക്കെ കണ്ടില്ലെന്നു നടിച്ചാലും അവിടവിടെ ഓളങ്ങളും ചുഴികളും
സൃഷ്ടിക്കുകയും അത് ചില പ്രവണതകളിൽ നിശ്ചയമായും ഉൾക്കിടിലം
വിതക്കുകയും ചെയ്തു. അതിന് പരിഷത് പ്രയോഗിച്ച സംസ്ഥാനതല പദയാത്ര എന്ന ഉപാധിയാകട്ടെ,
ഉള്ളടക്കവും ഉപാധിയും സമഞ്ജസമായി സമ്മേളിച്ച
ഒരു പ്രവർത്തനവുമായി. അതിന്റെ ഉള്ളടക്കത്തിന്റെ
പ്രക്ഷോഭ സ്വഭാവത്തിന് പദയാത്രയേക്കാൾ അനുയോജ്യമായ ആവിഷ്കാരരൂപം മറ്റൊന്നുണ്ടായിരുന്നില്ല തന്നെ. അപൂർവമായി മാത്രം ആവിഷ്കരിക്കാനും സംഘടിപ്പിക്കാനും
കഴിയുന്ന ഈ പ്രവർത്തനം, സംഘടനയെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസജനകം തന്നെയാണ്;വരാനിരിക്കുന്ന
കാലങ്ങളുയർത്തുന്ന വെല്ലുവിളികൾ നെരിടുന്നതിനുള്ള ഒരു ചവിട്ടുപടിയുമാണ്. കഴിഞ്ഞകാലാനുഭവങ്ങളുടെ കരുത്തിൽ,
കൈവരിക്കാൻ കഴിഞ്ഞ സംഘടനാപരമായ മികവിന്റെ
ആത്മവിശ്വാസത്തിൽ, കാത്തിരിക്കുന്ന പ്രതിബന്ധങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയാവബോധത്തിന്റെ
വഴിവെളിച്ചത്തിൽ അടുത്ത അരനൂറ്റാണ്ടിനേയും
അർത്ഥവത്താക്കാൻ പരിഷത്തിനു കഴിയട്ടെ. ലക്ഷ്യങ്ങളുടെ പൂർത്തീകരണം ഏറെ അകലെയല്ലാതെയാകട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ