ചുവപ്പ്, ചിലർക്ക്
കാളയല്ല;
എങ്കിലും കാളയെപ്പോലെ
ചുവപ്പു കാണുംനേരം
വിറളികൊള്ളും, ചിലർ.
രക്തത്തിന്റെ നിറം
ചുവപ്പല്ലേ?
നിറം, തരം, ഭാഷ, വേഷം, പലതെങ്കിലും
എങ്ങളെ കൊത്ത്യാലും
നിങ്ങളെ കൊത്ത്യാലും
ഒന്നല്ലേ ചോര എന്നല്ലേ?
വെള്ളത്തേക്കാൾ
കട്ടിയും ഉണ്ട്;
അവർക്ക് പക്ഷേ
സ്വന്തം രക്തത്തെപ്പറ്റി,
രക്തത്തിന്റെ ചുവപ്പിനെപ്പറ്റി
അഭിമാനമില്ലായിരിക്കാം;
-അഭിജാതർ,
നീലരക്തം സിരകളിലൂടെ
ഒഴുകുന്നവരത്രേ:
പക്ഷേ,
ചുവപ്പിൽ,സ്വന്തം നിറത്തിൽ, അഭിമാനിക്കാൻ
ചോരയ്ക്കുള്ള അവകാശം,
ദയവായി ആരും
തട്ടിത്തെറിപ്പിക്കരുതേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ