നീൽ ആംസ്ട്രോംഗ് അന്തരിച്ചു. ചന്ദ്രോപരിതലത്തിൽ കാലെടുത്ത് വച്ച, ഭൂമിയുടെ ആദ്യപ്രതിനിധി. ചന്ദ്രനിൽ ആവാസമുറപ്പിച്ചേക്കാവുന്ന ഭാവിമനുഷ്യരുടെ ആദിപ്രപിതാമഹൻ; അവരുടെ രചിക്കപ്പെടാനിരിക്കുന്ന ഇതിഹാസങ്ങളിലെ നായകൻ. മാനവരാശിയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ ഗവേഷണ രംഗത്തെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കുതിച്ചുചാട്ടത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം ചന്ദ്രോപരിതലത്തിൽ പതിപ്പിച്ച ആ ആദ്യ ചുവട്. ഭൂമി നടത്തിയിട്ടുള്ള ഗോളാന്തരപര്യടനങ്ങളുടെ ചരിത്രത്തിൽ മറ്റൊരു കുതിച്ചുചാട്ടമായി ജിജ്ഞാസ Curiosity-എന്ന ഗവേഷണവാഹനം ചൊവ്വാഗ്രഹത്തിൽ അതിന്റെ ദൗത്യം വിജയകരമായി നിർവഹിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ബഹിരാകാശ സഞ്ചാരി വിടപറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് 25നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 82 വയസ്സായിരുന്നു അദ്ദേഹത്തിന്.
ചന്ദ്രോപരിതലത്തിലെന്നല്ല, ഏതെങ്കിലുമൊരു ഭൗമേതരപ്രതലത്തിൽ പാദം പതിപ്പിക്കുന്ന ആദ്യമനുഷ്യനായിരുന്നു അദ്ദേഹം. 1969ജൂലൈ 16ന് ഭൂമിയിൽ നിന്ന് പുറപ്പെട്ട അപ്പോളോ 11 എന്ന ബഹിരാകാശവാഹനത്തിലെ കമാൻഡറായിരുന്ന അദ്ദേഹം, അതിലെ ഈഗിൾ എന്ന പേടകത്തിൽ ജൂലൈ 21നാണ് ചന്ദ്രോപരിതലത്തിൽ കാലുകുത്തുന്നത്.
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറു കാൽവയ്പ്; എന്നാൽ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം എന്നായിരുന്നു ചന്ദ്രോപരിതലത്തിൽ നിൽക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ (പിൽക്കാലത്ത് പ്രസിദ്ധമായ) തത്സമയ പ്രതികരണം. ഭൂമിയിൽ നിലനിൽക്കുന്ന രാഷ്ട്രവിഭജനങ്ങൾക്കും പരസ്പര ശത്രുതകൾക്കുമുപരിയായി പ്രതിഷ്ഠിക്കപ്പെട്ടതായിരുന്നു,ആ വാക്കുകൾ. എനിക്ക് കുറച്ചധികം കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് മഹാരഥന്മാരുടെ ചുമലിൽ ഞാൻ കയറിനിന്നതുകൊണ്ടാണ് എന്ന ഐസക് ന്യൂട്ടന്റെ വാക്കുകൾക്കൊപ്പം നിൽക്കുന്നു ആംസ്ട്രോംഗിന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്ന ആൽഡ്രിന്റെ ഈ വാക്കുകളും ശ്രദ്ധേയം: മനുഷ്യർ ഇതുവരെയും എത്തിച്ചേർന്നിട്ടുള്ള എല്ലായിടങ്ങളെക്കാളും വളരെ വളരെ വിദൂരതയിലാണ് ഞങ്ങളപ്പോൾ നിന്നതെങ്കിലും ഒറ്റയ്ക്കാണെന്ന തോന്നൽ ഞങ്ങൾക്കുണ്ടായതേയില്ല; ലോകം മുഴുവൻ അവിടെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
ആംസ്ട്രോംഗ് അനുസ്മരിക്കപ്പെടുന്നത് മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും നൂതനാവിഷ്കാരം നടത്തിയ ആളെന്ന നിലയിലല്ല. ഒരു ദൗത്യ നിർവഹണത്തിനായി അനേകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആൾ മാത്രമായിരുന്നു അദ്ദേഹം. അതിൽ അദ്ദേഹം ഒറ്റയ്ക്കും ആയിരുന്നില്ല. എന്നാൽ സഹയാത്രികരിൽ ഒരാളായിരുന്ന എഡ്വിൻ ആൽഡ്രിന് ചന്ദ്രനിലിറങ്ങുന്ന രണ്ടാം മനുഷ്യനാകാനായിരുന്നു നിയോഗം. സംഘത്തിലെ മൂന്നാമൻ മൈക്കേൽ കോളിൻസിന് കൊളംബിയ എന്ന മാതൃപേടകത്തിന്റെ നിയന്ത്രണോത്തരവാദിത്വവുമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്നെ കാത്തിരിക്കാനും (ചുറ്റിത്തിരിയാനും). അതുകൊണ്ട് ആംസ്ട്രോംഗ് ഒന്നാമനായി. പിന്നെയും അറിയപ്പെടാത്ത എത്രയെത്ര പേർ! അണിയറയിൽ വർഷങ്ങളോളം അക്ഷീണം പ്രവർത്തിച്ചവർ. ഇക്കാരണങ്ങൾ കൊണ്ടുതന്നെ താൻ ഒരു ഹീറോ ആണെന്ന് അദ്ദേഹം സ്വയം കരുതിയിരുന്നതുമില്ല. പുറംലോകം അങ്ങനെ കരുതിയിരുന്നുവേങ്കിലും. മനുഷ്യന്റെ അറിയാനുള്ള ആഗ്രഹത്തിന്റെയും, അടങ്ങാത്ത അന്വേഷണ ത്വരയുടേയും, മതാദി സ്ഥിരവിശ്വാസസംഹിതകളുടെ അടഞ്ഞ ചട്ടക്കൂടുകൾക്കെതിരെയുള്ള കലാപത്തിന്റേയും, ലോകത്തിന്റെ ശാസ്ത്രീയമായ പൊരുളെന്തെന്നറിയാനുള്ള സാഹസികതയുടേയും ഏറ്റവും വലിയ സാഫല്യ പ്രതീകമെന്ന നിലയിലാണ് ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം. ഈ സന്ദർഭത്തിൽ, ആംസ്ട്രോംഗിന്റെ കുടുംബം പറയുന്നതുപോലെ, അദ്ദേഹത്തിന്റെ സേവനങ്ങളെ, സാഫല്യങ്ങളെ, എളിമയെ ആദരിക്കുക; നിലാവുള്ള ഒരു രാത്രിയിൽ ഇനി നിങ്ങൾ പുറത്തിറങ്ങുമ്പോൾ, ആകാശത്ത് നിന്ന് അമ്പിളി നിങ്ങളെ നോക്കി മന്ദഹസിക്കുന്നത് കാണു മ്പോൾ, നീൽ ആംസ്ട്രോംഗിനെ അനുസ്മരിക്കുക;അദ്ദേഹത്തിന്റെ നേർക്ക് ഒന്ന് കണ്ണ് ചിമ്മുക.
അറിവന്വേഷണങ്ങൾക്ക് ഒരിക്കലും അവസാനമില്ല. ബഹിരാകാശമാകട്ടെ നമ്മുടെ നിത്യവിസ്മയവുമാണ്. അറിയുംതോറും പിന്നെയും പിന്നെയും അനന്താജ്ഞാതങ്ങളെ ഒളിച്ചുപിടിക്കുന്ന മഹാപ്രഹേളിക. ഒട്ടും വിട്ടുകൊടുക്കാതെ ആഴങ്ങളിലേക്കും വിശാലതകളിലേക്കും മനുഷ്യന്റെ ജിജ്ഞാസ സഞ്ചരിച്ചുകൊണ്ടേയിരിക്കും. അതിന്റെ മൂർത്തീരൂപമെന്നോണം ഇപ്പോഴിതാ ജിജ്ഞാസ, ഭാവിയിൽ വലിയ കുതിച്ചുചാട്ടങ്ങളായേക്കാവുന്ന ചെറു പരതലുകൾ ചൊവ്വയിൽ തുടരുകയാണ്. ജിജ്ഞാസ പകരുന്ന പുതിയ അറിവുകൾക്കായി നമുക്ക് ജിജ്ഞാസാപൂർവം കാത്തിരിക്കാം. അവിടെ ജീവൻ നിലനിന്നിരുന്നോ? ജലമുണ്ടായിരുന്നോ? ജീവന് വേരിടാനും തളിർക്കാനും പര്യാപ്തമായ പരിസ്ഥിതിയുണ്ടോ? ഭൂമിക്ക് ഏതെങ്കിലും തരത്തിൽ പ്രയോജനമാകാൻ അതിന് കഴിയുമോ? ആരായിരിക്കും ഭൂമിയുടെ, ചൊവ്വയിലേക്കുള്ള ആംസ്ട്രോംഗ്? (ശാസ്ത്രഗതി മാസികയ്ക്ക് വേണ്ടി-2012 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചു)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ