2013, മേയ് 27, തിങ്കളാഴ്‌ച

- നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ മുഖം രക്ഷിക്കാനോ, അതോ ഞങ്ങളെ രക്ഷപ്പെടുത്തുവാനോ

1992ൽ റിയോയിൽ നടന്ന ആദ്യ ഭൗമഉച്ചകോടിയെ തന്റെ ലഘുപ്രസംഗം കൊണ്ട്‌ പ്രകമ്പനം കൊള്ളിച്ച ഒരു കൊച്ചു പെൺകുട്ടിയുണ്ട്‌. സെവേൺ സുസുക്കി എന്ന പന്തണ്ട്‌ വയസ്സുകാരി. ഇരുപത്‌ വർഷങ്ങൾക്ക്‌ ശേഷം ഇക്കഴിഞ്ഞ റിയോ+20 ഉച്ചകോടിയുടെ ഉദ്ഘാടന വേദിയും, അതുപോലെ മറ്റൊരു പെൺകുട്ടിയുടെ   പ്രസംഗത്തിന്‌ സാക്ഷിയായി. ന്യൂസിലന്റിലെ ഒരു സ്കൂൾ വിദ്യാർത്ഥിനിയായ ബ്രിട്ടനി ട്രിൽഫോർഡ്‌ ആണ്‌ ആ പെൺകുട്ടി. ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടരി ബാൻ കി മൂൺ ബ്രിട്ടനിയുടെ പ്രസംഗത്തെ പരാമർശിച്ചു എന്നതിൽ നിന്നും അതുളവാക്കിയ ചലനം സ്പഷ്ടം.
 പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ.

“…………………….  എന്റെ പേര്‌ ബ്രിട്ടനി ട്രിൽഫോർഡ്‌. ഒരു കുട്ടി. പതിനേഴ്‌ വയസ്സാണ്‌ എനിക്ക്‌; ഇന്ന്‌ ഈ നിമിഷത്തിൽ ഞാൻ എല്ലാ കുട്ടികളുമാണ്‌.നിങ്ങളുടെ കുട്ടികൾ. ലോകത്തിന്റെ മൂന്ന്‌ ശതകോടി കുട്ടികൾ. ഈ ഹ്രസ്വനിമിഷത്തേക്ക്‌ എന്നെ ഈ ലോകത്തിന്റെ പാതി എന്ന്‌ സങ്കൽപിച്ചാലും.
            ഹൃദയത്തിൽ എരിയുന്ന തീയുമായാണ്‌ ഞാൻ ഇവിടെ നിൽക്കുന്നത്‌.ഈ ലോകത്തിന്റെ അവസ്ഥയിൽ എനിക്ക്‌ സംഭ്രമവും രോഷവുമുണ്ട്‌.ഈ അവസ്ഥയെ മാറ്റിമറിക്കുന്നതിന്‌ ഈ സന്ദർഭത്തിൽ നാമെല്ലാം കൂട്ടായി പ്രവർത്തിക്കണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു.നാം തന്നെ സൃഷ്ടിച്ച പ്രശ്നങ്ങൾക്ക്‌, ഒരു കൂട്ടായ്മയെന്ന നിലക്ക്‌ പരിഹാരം കണ്ടെത്തുന്നതിനാണ്‌ നാമെല്ലാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്‌; നമുക്ക്‌ ഒരു ഭാവി ഉണ്ട്‌ എന്ന്‌ ഉറപ്പ്‌ വരുത്താനും.
            ദാരിദ്ര്യത്തിന്റെ ലഘൂകരണവും പരിസ്ഥിതിയുടെ സുസ്ഥിരതയുമെല്ലാം നിങ്ങളും നിങ്ങളുടെ ഭരണകൂടങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്‌.കാലാവസ്ഥാവ്യതിയാനത്തിനെതിരെ പൊരുതാമെന്നും ശുദ്ധജലവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്താമെന്നും നിങ്ങൾ വാഗ്ദാനം ചെയ്തു കഴിഞ്ഞു.ബഹുരാഷ്ട്ര കോർപ്പൊറേഷനുകളാകട്ടെ, പരിസ്ഥിതിയെ ആദരിക്കാമെന്നും അവരുടെ ഉൽപാദനപ്രവർത്തനങ്ങളിൽ ഹരിതപ്രക്രിയകൾ സ്വീകരിക്കാമെന്നും അവരുളവാക്കിയ മലിനീകരണത്തിന്‌ പ്രായശ്ചിത്തം ചെയ്യാമെന്നുംഇതിനകം പ്രതിജ്ഞയെടുത്തിട്ടുണ്ട്‌. അതെ; ഈ വാഗ്ദാനങ്ങളെല്ലാം നൽകപ്പെട്ടിട്ടുണ്ട്‌.  ഏന്നിട്ടും ഇപ്പോഴും അപകടത്തിൽ തന്നെയാണ്‌ നമ്മുടെ ഭാവി.
            സമയം മിടിച്ചുകൊ​‍ിരിക്കുകയാണെന്നും അതിവേഗം ഓടിത്തീർന്നുകൊണ്ടിരിക്കുകയാണെന്നും  ബോധ്യമുള്ളവരാണ്‌, നാമെല്ലാം. നിങ്ങളുടെ  കുഞ്ഞുങ്ങളുടെ, എന്റെ കുഞ്ഞുങ്ങളുടെ, എന്റെ കുഞ്ഞുങ്ങളുടെ  കുഞ്ഞുങ്ങളുടെ വിധി നിണ്ണയിക്കാൻ നമുക്ക്‌ മുന്നിൽ 72 മണിക്കൂറുകൾ ഉണ്ട്‌.ഞാനിതാ നാഴികമണി ചലിപ്പിക്കാൻ തുടങ്ങുകയാണ്‌. ടിക്‌..,ടിക്‌..,ടിക്‌..
            നമുക്ക്‌ ഇരുപത്‌ വർഷം പുറകിലേക്ക്‌ ഒന്ന്‌ ചിന്തിച്ച്‌ നോക്കാം. ഞാൻ എന്റെ മാതാപിതാക്കളുടെ കണ്ണുകളിൽ ഒരു ഇംഗിതം എന്ന അവസ്ഥയിൽ പോലും ഉരുത്തിരിയുന്നതിനും വളരെ മുൻപുള്ള കാലത്തേക്ക്‌, ഇവിടെ 1992ൽ ആദ്യ ഭൌമ ഉച്ചകോടിക്കായി ജനങ്ങൾ ഒത്തുചേർന്ന ഈ റിയോയിലേക്ക്‌, നമ്മുടെ ചിന്തയെ ഒന്ന്‌ പിൻ നടത്താം. മാറ്റങ്ങൾ അനിവാര്യമാണ്‌  എന്ന്‌  ആ ഉച്ചകോടിയിൽ പങ്കെടുത്ത ആളുകൾക്ക്‌ അറിയാമായിരുന്നു. നമുക്ക്‌ ചുറ്റും നമ്മുടെ എല്ലാ വ്യവസ്ഥകളും പരാജയപ്പെടുകയും തകർന്നുകൊണ്ടിരിക്കുകയുമായിരുന്നു.  ഈ വെല്ലുവിളികളെ വകവച്ചുകൊടുത്ത്‌ കൂടുതൽ മെച്ചപ്പെട്ട എന്തിനെങ്കിലും വേണ്ടി പ്രവർത്തിക്കാനും കൂടുതൽ മെച്ചപ്പെട്ട എന്തിനെങ്കിലും വേണ്ടി സ്വയം സമർപ്പിക്കാനും വേണ്ടി ആയിരുന്നു, ഈ ജനങ്ങളാകെ വന്നുചേർന്നത്‌.അവർ മഹത്തായ വാഗ്ദാനങ്ങൾ മുന്നോട്ട്‌ വച്ചു; വാഗ്ദാനങ്ങൾ, വായിക്കുമ്പോഴൊക്കെയും പ്രത്യാശാഭരിതയായിരിക്കാൻ  ഇപ്പോഴും എന്നെ അനുവദിക്കുന്നവ.ഈ വാഗ്ദാനങ്ങളാകെയും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ലംഘിക്കപ്പെട്ടിട്ടില്ല, പക്ഷെ,  ശൂന്യമാണ്‌ ഇന്ന്‌ അവ......
            ഞങ്ങൾ, അടുത്ത തലമുറ, മാറ്റങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങൾ നടപടികൾ ആവശ്യപ്പെടുന്നു.അപ്പോൾ ഞങ്ങൾക്ക്‌ ഒരു  ഭാവി ലഭിക്കും. ആ ഭാവിക്ക്‌ ഉറപ്പ്‌ ഉണ്ടായിരിക്കുകയും ചെയ്യും.ഞങ്ങൾ വിശ്വാസമർപ്പിക്കുകയാണ്‌, നിങ്ങൾ വരുന്ന 72 മണിക്കൂറുകളിൽ മറ്റെല്ലാ താത്പര്യങ്ങൾക്കും ഉപരിയായി ഞങ്ങളുടെ താത്പര്യങ്ങളെ പ്രതിഷ്ഠിക്കുമെന്നും ധീരമായി ശരി ചെയ്യുമെന്നും. ദയവായി നേതൃത്വം നൽകുക. നേതാക്കൾ നേതൃത്വം നൽകുക തന്നെ വേണമെന്നാണ്‌ എന്റെ ആഗ്രഹം.
            എന്റെ ഭാവിക്കുവേണ്ടി സമരം ചെയ്യാനാണ്‌ ഞാൻ ഇവിടെ. അതുകൊണ്ടു തന്നെയാണ്‌ ഞാൻ ഇവിടെ. നിങ്ങൾ എന്തുകൊണ്ടാണ്‌ ഇവിടെയെന്നും എന്താണ്‌ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയുകയെന്നും നിങ്ങളോട്‌ തന്നെ ചോദിച്ചുകൊണ്ട്‌  അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
- നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്‌ നിങ്ങളുടെ മുഖം രക്ഷിക്കാനോ, അതോ ഞങ്ങളെ രക്ഷപ്പെടുത്തുവാനോ?:

(ശാസ്ത്രഗതി മാസികയ്ക്ക് വേണ്ടി-2012 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധപ്പെടുത്തി)

NEIL AMSTRONG

നീൽ ആംസ്ട്രോംഗ്‌ അന്തരിച്ചു.   ചന്ദ്രോപരിതലത്തിൽ കാലെടുത്ത്‌ വച്ച, ഭൂമിയുടെ ആദ്യപ്രതിനിധി. ചന്ദ്രനിൽ ആവാസമുറപ്പിച്ചേക്കാവുന്ന ഭാവിമനുഷ്യരുടെ ആദിപ്രപിതാമഹൻ; അവരുടെ രചിക്കപ്പെടാനിരിക്കുന്ന ഇതിഹാസങ്ങളിലെ നായകൻ. മാനവരാശിയെ സംബന്ധിച്ചിടത്തോളം ബഹിരാകാശ ഗവേഷണ രംഗത്തെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കുതിച്ചുചാട്ടത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം ചന്ദ്രോപരിതലത്തിൽ പതിപ്പിച്ച ആ ആദ്യ ചുവട്‌. ഭൂമി നടത്തിയിട്ടുള്ള ഗോളാന്തരപര്യടനങ്ങളുടെ ചരിത്രത്തിൽ മറ്റൊരു കുതിച്ചുചാട്ടമായി ജിജ്ഞാസ Curiosity-എന്ന ഗവേഷണവാഹനം ചൊവ്വാഗ്രഹത്തിൽ അതിന്റെ ദൗത്യം വിജയകരമായി നിർവഹിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ ഈ ബഹിരാകാശ സഞ്ചാരി വിടപറയുന്നത്‌. കഴിഞ്ഞ ആഗസ്റ്റ്‌ 25നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 82 വയസ്സായിരുന്നു അദ്ദേഹത്തിന്‌.
ചന്ദ്രോപരിതലത്തിലെന്നല്ല, ഏതെങ്കിലുമൊരു ഭൗമേതരപ്രതലത്തിൽ പാദം പതിപ്പിക്കുന്ന ആദ്യമനുഷ്യനായിരുന്നു അദ്ദേഹം. 1969ജൂലൈ 16ന്‌ ഭൂമിയിൽ നിന്ന്‌ പുറപ്പെട്ട അപ്പോളോ 11 എന്ന ബഹിരാകാശവാഹനത്തിലെ കമാൻഡറായിരുന്ന അദ്ദേഹം, അതിലെ ഈഗിൾ എന്ന പേടകത്തിൽ ജൂലൈ 21നാണ്‌ ചന്ദ്രോപരിതലത്തിൽ കാലുകുത്തുന്നത്‌. 
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറു കാൽവയ്പ്‌; എന്നാൽ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം എന്നായിരുന്നു ചന്ദ്രോപരിതലത്തിൽ നിൽക്കുമ്പോഴുള്ള  അദ്ദേഹത്തിന്റെ (പിൽക്കാലത്ത്‌ പ്രസിദ്ധമായ) തത്സമയ പ്രതികരണം.  ഭൂമിയിൽ നിലനിൽക്കുന്ന രാഷ്ട്രവിഭജനങ്ങൾക്കും പരസ്പര ശത്രുതകൾക്കുമുപരിയായി പ്രതിഷ്ഠിക്കപ്പെട്ടതായിരുന്നു,ആ വാക്കുകൾ.  എനിക്ക്‌ കുറച്ചധികം കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത്‌ മഹാരഥന്മാരുടെ ചുമലിൽ ഞാൻ കയറിനിന്നതുകൊണ്ടാണ്‌ എന്ന ഐസക്‌ ന്യൂട്ടന്റെ വാക്കുകൾക്കൊപ്പം നിൽക്കുന്നു ആംസ്ട്രോംഗിന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്ന ആൽഡ്രിന്റെ ഈ വാക്കുകളും ശ്രദ്ധേയം: മനുഷ്യർ ഇതുവരെയും എത്തിച്ചേർന്നിട്ടുള്ള എല്ലായിടങ്ങളെക്കാളും വളരെ വളരെ വിദൂരതയിലാണ്‌ ഞങ്ങളപ്പോൾ നിന്നതെങ്കിലും ഒറ്റയ്ക്കാണെന്ന തോന്നൽ ഞങ്ങൾക്കുണ്ടായതേയില്ല; ലോകം മുഴുവൻ അവിടെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.

ആംസ്ട്രോംഗ്‌  അനുസ്മരിക്കപ്പെടുന്നത്‌ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും നൂതനാവിഷ്കാരം നടത്തിയ ആളെന്ന നിലയിലല്ല. ഒരു ദൗത്യ നിർവഹണത്തിനായി  അനേകരിൽ നിന്നും  തെരഞ്ഞെടുക്കപ്പെട്ട ആൾ മാത്രമായിരുന്നു അദ്ദേഹം. അതിൽ അദ്ദേഹം ഒറ്റയ്ക്കും ആയിരുന്നില്ല. എന്നാൽ സഹയാത്രികരിൽ ഒരാളായിരുന്ന എഡ്വിൻ ആൽഡ്രിന്‌ ചന്ദ്രനിലിറങ്ങുന്ന രണ്ടാം മനുഷ്യനാകാനായിരുന്നു നിയോഗം. സംഘത്തിലെ മൂന്നാമൻ മൈക്കേൽ കോളിൻസിന്‌   കൊളംബിയ എന്ന മാതൃപേടകത്തിന്റെ നിയന്ത്രണോത്തരവാദിത്വവുമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്നെ കാത്തിരിക്കാനും (ചുറ്റിത്തിരിയാനും). അതുകൊണ്ട്‌ ആംസ്ട്രോംഗ്‌ ഒന്നാമനായി. പിന്നെയും അറിയപ്പെടാത്ത എത്രയെത്ര പേർ! അണിയറയിൽ വർഷങ്ങളോളം അക്ഷീണം പ്രവർത്തിച്ചവർ. ഇക്കാരണങ്ങൾ കൊണ്ടുതന്നെ താൻ ഒരു ഹീറോ ആണെന്ന്‌ അദ്ദേഹം സ്വയം കരുതിയിരുന്നതുമില്ല. പുറംലോകം അങ്ങനെ  കരുതിയിരുന്നുവേങ്കിലും. മനുഷ്യന്റെ അറിയാനുള്ള ആഗ്രഹത്തിന്റെയും, അടങ്ങാത്ത അന്വേഷണ ത്വരയുടേയും,  മതാദി സ്ഥിരവിശ്വാസസംഹിതകളുടെ അടഞ്ഞ  ചട്ടക്കൂടുകൾക്കെതിരെയുള്ള കലാപത്തിന്റേയും, ലോകത്തിന്റെ ശാസ്ത്രീയമായ പൊരുളെന്തെന്നറിയാനുള്ള സാഹസികതയുടേയും ഏറ്റവും വലിയ സാഫല്യ പ്രതീകമെന്ന നിലയിലാണ്‌ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം. ഈ സന്ദർഭത്തിൽ, ആംസ്ട്രോംഗിന്റെ കുടുംബം പറയുന്നതുപോലെ, അദ്ദേഹത്തിന്റെ സേവനങ്ങളെ, സാഫല്യങ്ങളെ, എളിമയെ ആദരിക്കുക; നിലാവുള്ള ഒരു രാത്രിയിൽ ഇനി നിങ്ങൾ പുറത്തിറങ്ങുമ്പോൾ, ആകാശത്ത്‌ നിന്ന്‌ അമ്പിളി നിങ്ങളെ നോക്കി മന്ദഹസിക്കുന്നത്‌ കാണു മ്പോൾ, നീൽ ആംസ്ട്രോംഗിനെ അനുസ്മരിക്കുക;അദ്ദേഹത്തിന്റെ നേർക്ക്‌ ഒന്ന്‌ കണ്ണ്‌ ചിമ്മുക. 


അറിവന്വേഷണങ്ങൾക്ക്‌ ഒരിക്കലും അവസാനമില്ല. ബഹിരാകാശമാകട്ടെ നമ്മുടെ നിത്യവിസ്മയവുമാണ്‌. അറിയുംതോറും പിന്നെയും പിന്നെയും  അനന്താജ്ഞാതങ്ങളെ ഒളിച്ചുപിടിക്കുന്ന മഹാപ്രഹേളിക. ഒട്ടും വിട്ടുകൊടുക്കാതെ ആഴങ്ങളിലേക്കും വിശാലതകളിലേക്കും മനുഷ്യന്റെ ജിജ്ഞാസ സഞ്ചരിച്ചുകൊണ്ടേയിരിക്കും. അതിന്റെ മൂർത്തീരൂപമെന്നോണം ഇപ്പോഴിതാ ജിജ്ഞാസ, ഭാവിയിൽ വലിയ കുതിച്ചുചാട്ടങ്ങളായേക്കാവുന്ന ചെറു പരതലുകൾ ചൊവ്വയിൽ തുടരുകയാണ്‌.  ജിജ്ഞാസ പകരുന്ന പുതിയ അറിവുകൾക്കായി നമുക്ക്‌ ജിജ്ഞാസാപൂർവം കാത്തിരിക്കാം. അവിടെ ജീവൻ നിലനിന്നിരുന്നോ? ജലമുണ്ടായിരുന്നോ? ജീവന്‌ വേരിടാനും തളിർക്കാനും പര്യാപ്തമായ പരിസ്ഥിതിയുണ്ടോ? ഭൂമിക്ക്‌ ഏതെങ്കിലും തരത്തിൽ പ്രയോജനമാകാൻ അതിന്‌ കഴിയുമോ? ആരായിരിക്കും ഭൂമിയുടെ, ചൊവ്വയിലേക്കുള്ള  ആംസ്ട്രോംഗ്‌? (ശാസ്ത്രഗതി മാസികയ്ക്ക് വേണ്ടി-2012 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചു)

2012, മേയ് 27, ഞായറാഴ്‌ച


ചുവപ്പ്‌,  ചിലർക്ക്‌

കാളയല്ല;
എങ്കിലും കാള­യെ­പ്പോലെ
ചുവപ്പു കാണും­നേരം
വിറ­ളി­കൊ­ള്ളും, ചിലർ.

രക്ത­ത്തിന്റെ നിറം
ചുവ­പ്പല്ലേ?
നിറം, തരം, ഭാഷ, വേഷം, പല­തെ­ങ്കിലും
എങ്ങളെ കൊത്ത്യാലും
നിങ്ങളെ കൊത്ത്യാലും
ഒന്നല്ലേ ചോര എന്നല്ലേ?
വെള്ള­ത്തേ­ക്കാൾ
കട്ടിയും ഉണ്ട്‌;

അവർക്ക്‌ പക്ഷേ
സ്വന്തം രക്ത­ത്തെ­പ്പ­റ്റി,
രക്ത­ത്തിന്റെ ചുവ­പ്പി­നെ­പ്പറ്റി
അഭി­മാ­ന­മി­ല്ലാ­യി­രിക്കാം;
-അഭി­ജാ­തർ,
നീല­രക്തം സിര­ക­ളിലൂടെ
ഒഴു­കു­ന്ന­വ­രത്രേ:

പക്ഷേ,
ചുവപ്പിൽ,സ്വന്തം നി­റ­ത്തി­ൽ, അഭി­മാ­നി­ക്കാൻ
ചോര­യ്ക്കുള്ള അവ­കാശം,
ദയവായി ആരും
തട്ടി­ത്തെ­റി­പ്പി­ക്കരുതേ...


ശാസ്ത്ര സാഹിത്യ പരിഷത്: കേരള സമൂഹത്തിൽ അൻപത് വർഷങ്ങൾ
ശാ­സ്ത്ര­സാ­ഹിത്യ പ്രച­രണം മല­യാ­ള­ത്തിൽ`എന്ന  ലക്ഷ്യ­വു­മായി 1962 സെപ്റ്റം­ബർ 10-ന്‌ രൂപീ­കൃ­ത­മായ ശാസ്ത്ര സാഹിത്യ പരിഷത്,   നാല്പ­ത്തി­യൊൻപത്‌ വർഷ­ങ്ങ­ളിലെ അഭി­മാ­നാർഹമായ പ്രവർത്തനം പൂർത്തി­യാക്കി 2011  സെപ്റ്റം­ബർ 10-ന്‌ അൻപത്‌ വയ­സ്സി­ലേക്ക്‌, സുവർണ്ണജൂ­ബിലി വർഷ­ത്തി­ലേക്ക്‌ കട­ന്നി­രി­ക്കു­ക­യാ­ണ്‌. ഇക്കാ­ല­യ­ളവിൽ, പരിഷത് അതിന്റെ പ്രവർത്ത­ന­മേ­ഖ­ല­കളെ  ആ എളിയ ലക്ഷ്യ­ത്തിൽ നിന്ന്‌ വിപു­ലീ­ക­രി­ക്കു­കയുംവൈവി­ധ്യ­മാർന്ന ഒട്ടേറെ പ്രവർത്തന പരി­പാ­ടി­കളും തനി­മ­യാർന്ന ഒട്ടേറെ പ്രവർത്ത­ന­രീ­തി­കളും ആവി­ഷ്ക­രി­ക്കു­കയും, തന്റെ മുദ്രാവാ­ക്യത്തെ വിപ്ളവാത്മ­ക­മായി പുനർനിർണ്ണ­യി­ക്കു­കയും ചെയ്തു. അവയാകട്ടെ സമൂ­ഹ­ത്തിൽ ചെറു­ത­ല്ലാത്ത അനു­ര­ണ­ന­ങ്ങൾ ഉണർത്തി; സമൂ­ഹ­ത്തിന്‌നിര­വധി മേഖ­ല­ക­ളിൽ പുതിയ അവ­ബോ­ധവും ദിശാ­ബോധവും നൽകിഅഖി­ലേന്ത്യാ തല­ത്തിൽ തന്നെ പ്രാധാ­ന്യവും പ്രസ­ക്തി­യും ഉള്ള  ഒരു ജന­കീയ ശാസ്ത്ര പ്രസ്ഥാ­ന­മാക്കി അതിനെ ഉയർത്തി. കേരളം പോലെ­യൊരു സംസ്ഥാ­നത്ത്,  സന്ന­ദ്ധ­പ്ര­വർത്ത­ന­ത്തിന്റെ സന്ദേ­ശവും സംസ്കാ­രവും ഉയർത്തി­പ്പി­ടി­ച്ചു­കൊണ്ട്‌ഒരു സംഘടന ഇത്ര­കാ­ലവും നില­നിന്നു, ‌ എന്നത്‌, ഇന്ത്യ­യി­ലാ­ക­മാനം ഇത്ത­ര­ത്തി­ലുള്ള പ്രസ്ഥാ­ന­ങ്ങൾ പിറവി കൊള്ളാൻ അത്‌ പ്രചോ­ദ­ന­മായി എന്ന­ത്‌, നിസ്സാരമ­ല്ല.

            പിന്നി­ട്ടത്‌ സുദീർഘ­മായ ഒരു കാല­യ­ളവ് ‌തന്നെ­യാ­ണെ­ങ്കി­ലും, അൻപത്‌ വയസ്സ് ‌എന്നത്‌ ഒരു സംഘ­ട­നയെ സംബ­ന്ധി­ച്ചി­ട­ത്തോളം യുവത്വം തന്നെ­യാ­ണ്‌. ആ യുവ­ത്വ­ത്തിന്റെ ഊർജ്ജ­സ്വ­ല­തയും ആ പ്രായ­ത്തിന്റെ പ­രി­പക്വതയും  സ്വന്തം പ്രവർത്ത­ന­ങ്ങ­ളിൽ ആവാ­ഹി­ക്കാൻ കഴി­യു­ന്നുണ്ടോ, ഇക്കാലം കൊണ്ട്‌ സമൂ­ഹ­ത്തിൽ നിന്ന്‌ആർജ്ജി­ച്ചെ­ടുത്ത പ്രതീ­ക്ഷ­ക­ളോടും തന്റെ തന്നെ സാധ്യ­ത­ക­ളോടും കട­മ­ക­ളോടും നീതി പുലർത്താൻ  അതിന് കഴി­യു­ന്നു­ണ്ടോ, ഒരു സംഘ­ടന എന്ന നില­യിലുള്ള കേവ­ല­മായ ബാദ്ധ്യ­താ ­നിർവ­ഹ­ണം മാത്ര­­മായി തന്റെ പ്രവർത്ത­ന­ങ്ങൾ പോകു­ന്നു­ണ്ടോ, എന്ന­താണ് ‌സംഘടന ഈ ഘട്ട­ത്തിൽ ആത്മ­പ­രി­ശോ­ധന നട­ത്തേ­ണ്ട­ത്‌. ആ ത­ര­ത്തി­ലുള്ള സമ­ഗ്ര­മായ ഒരു പരി­ശോ­ധന നട­ത്തി­ക്കൊ­ണ്ടാവണം ജൂബിലി വർഷ­ത്തി­ലേക്കുള്ള അതിന്റെ തുടർ പ്രയാ­ണം.

             തീർച്ച­യായും പോരാ­ട്ട­ങ്ങ­ളു­ടേതു തന്നെയായി­രു­ന്നു, പരിഷത്തിന്റെ കഴിഞ്ഞ കാല­ങ്ങൾ എന്നു മാത്ര­മല്ല ഇപ്പോഴും പോരാ­ട്ട­ങ്ങ­ളുടെ പാത­യിൽ തന്നെ­യു­മാണ് ‌പരിഷത്. സംഘ­ട­ന­യുടെ സ്ഥാപ­കർ വിഭാ­വനം ചെയ്ത ലക്ഷ്യ­ത്തിൽ നിന്ന്‌ ഇന്നത്തെ രൂപ­-­ഭാ­വ­ങ്ങ­ളി­ലേക്ക്‌ പരിഷത്  വളർച്ച പ്രാപി­ച്ച­ത്‌, പുതിയ  മേഖ­ല­ക­ളി­ലേ­ക്ക്‌, പല­പ്പോഴും പുതിയ പോരാ­ട്ട രംഗ­ങ്ങ­ളി­ലേ­ക്ക്‌, സധൈര്യം കടന്നു ചെന്നും വെല്ലു­വി­ളി­കളെ നേർക്കു­നേർ അഭി­മു­ഖീ­ക­രി­ച്ചു­കൊ­ണ്ടു­മാ­ണ്‌അതേസമയം, നാടിന്റെ സമ­ഗ്രവും പുരോ­ഗ­മ­നാ­ത്മ­കവും സമ­ത്വാ­ധി­ഷ്ഠി­ത­വു­മായ പരി­വർത്തനം എന്ന   രാഷ്ട്രീ­യ­ബോ­ധം മാർഗ്ഗദർശനം നൽ­കി­യി­രുന്ന ഒരു  സ­മൂ­ഹ­ത്തിന്റെ നടു­വി­ലാണ്‌ പരിഷദ് സംഘ­ടന പിറ­വി­യെ­ടു­ത്തതും വളർച്ച കൈവ­രി­ച്ച­തും എന്നത് മറന്നുകൂടാ.എന്നാൽ ഇനി പരിഷത്തിന് സഞ്ച­രി­ക്കേ­ണ്ട­താ­യി­ട്ടുള്ള വരാ­നി­രി­ക്കുന്ന കാല­മാ­ക­ട്ടെ, ആ കാലത്തെ മുന്നോട്ട്‌  നയി­ക്കേണ്ട തല­മു­റ­യാ­ക­ട്ടെ, ഏതാണ്ട് ‌പൂർണ്ണ­മായും അരാ­ഷ്ട്രീ­യ­വൽക്ക­രി­ക്ക­പ്പെ­ട്ട­വ­രു­ടേതോ മുൻത­ല­മു­റയ്‌­ക്കു­ണ്ടാ­യി­രുന്ന രാഷ്ട്രീ­യ­ബോ­ധ­ത്തിന്റെ തുടർച്ച നഷ്ട­പ്പെ­ട്ട­വ­രു­ടേതോ ആണ്‌. വ്യക്തി­പ­ര­മായ പ്രതി­ഫ­ലേ­ച്ഛയ്ക്കു സ്ഥാന­മി­ല്ലാ­ത്ത, സാമൂ­ഹ്യ­മാ­റ്റ­ങ്ങൾക്കാ­യുള്ള സേവ­നാ­ത്മ­ക­മായ സന്ന­ദ്ധപ്ര­വർത്തനങ്ങൾ ലക്ഷ്യവും ശൈലി­യു­മായ, പരിഷത് ­പോ­ലൊരു പ്രസ്ഥാ­നത്തെ ഈ മാറി­വ­രുന്ന കാലവും തല­മു­റയും എത്ര­കണ്ട് ‌ഉൾക്കൊള്ളും എന്നത്‌, പരിഷദ് പ്രവർത്തകർ ഗൌര ര­വ­ത്തോടെ വില­യി­രു­ത്തേണ്ട ഒരു സമ­സ്യ­യാ­ണ്‌.
           
            ശാസ്ത്രവും സാങ്കേ­തി­കവി­ദ്യ­യു­മാണ്‌ പോയ­കാ­ല­ത്തിന്റെ കണ്ണു­തു­റ­പ്പി­ക്കു­കയും അതിൽ ജീവിച്ച മനു­ഷ്യരെ ശുഭാ­പ്തി­വി­ശ്വാ­സി­ക­ളാ­ക്കു­കയും ചെയ്ത ശക്തി. അക്കാ­ര്യ­ത്തിൽ അത്‌ ഒരു ആയു­ധ­ത്തിന്റെ ധർമ്മമാണ് ‌നിർവ­ഹി­ച്ച­ത്‌. മനു­ഷ്യ­രാ­ശി­യുടെ ഒന്ന­ട­ങ്ക­മുള്ള വിമോ­ചനം ശാസ്ത്ര-സാങ്കേ­തി­കവി­ദ്യയിലൂടെ സംജാ­ത­മാ­കു­മെന്ന പ്രതീക്ഷ ആ സമൂ­ഹത്തെ ആവേ­ശ­ത്തോടെ നയി­ച്ചു. എന്നാൽ    സമൂ­ഹ­ത്തിന്റെ സകലമാന മൂല്യ­സം­ഹി­ത­ക­ളിൽ നിന്നുമുള്ള വ്യക്തി­യുടെ വിമോ­ച­ന­വും സർവതന്ത്ര സ്വത­ന്ത്ര­തയുമാ­ണ് ‌ഇന്നത്തെ കാലം ശാസ്ത്ര-സാങ്കേ­തി­കവി­ദ്യയുടെ പ്രയോ­ഗ­ങ്ങ­ളിൽ നിന്നും  കാം­ക്ഷി­ക്കുന്നത്‌. ശാസ്ത്രം പുതിയ അറി­വു­ക­ളി­ലേക്കും നില­വി­ലുള്ള അറി­വു­ക­ളുടെ സൂക്ഷ്മ­മായ ഉള്ള­റ­ക­ളി­ലേക്കും സഞ്ച­രി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­മ്പോഴുംഅതിന്റെ സാങ്കേ­തി­ക­വി­ദ്യാ­പ­ര­മായ ഉപ­ല­ബ്ധി­കൾ   ഒരു വിമോ­ച­നാ­യുധ­മായ­ല്ല പ്രത്യുത ഒരു വിനോ­ദോ­പാ­ധി­യാ­യാണ്‌ ഇന്ന്‌ സാമാ­ന്യ­ജ­ന­തയ്ക്ക് ‌കര­ഗ­ത­മാ­യി­രി­ക്കു­ന്ന­ത്‌. സമൂ­ഹ­ത്തിന്റെ ഉൽക്കണ്ഠ­കൾ അതിന്‌ ഒരു പരി­ഗ­ണ­നാ­വി­ഷ­യ­മാ­കു­ന്ന­തേ­യി­ല്ല എന്ന­തി­നാൽ പരിഷത്തിന് അതിനെ സമൂ­ഹ­വി­രുദ്ധം എന്ന്‌വിമർശി­ക്കാതെ തര­മി­ല്ല. ശാസ്ത്ര­സാ­ഹി­ത്യ­പ്ര­ച­രണം ആവ­ശ്യ­മാ­യി­രുന്ന കാല­ത്തേ­തിൽ നിന്ന്‌ തുലോം വ്യത്യ­സ്ത­മാ­ണ്‌, ശാസ്ത്രവും സാങ്കേ­തി­ക­വി­ദ്യയും ഓരോ­രു­ത്ത­രു­ടേയും വ്യക്തി­ജീ­വി­ത­ത്തി­ലേ­ക്കു­വരെ ഇറ­ങ്ങി­യെത്തി സുപ­രി­ചി­ത­മായ സാന്നിദ്ധ്യ­മായിക്കഴിഞ്ഞ ഇക്കാ­ലം പരിഷത്തിനു മുന്നി­ലു­യർത്തുന്ന ­ വെല്ലു­വി­ളി. ഒരു ഭാഗത്ത്‌ മത­-­ജാ­തി­-­സ­മു­ദാ­യാ­ഭി­മാ­ന­ങ്ങൾ ഇള­ക്ക­മി­ല്ലാത്ത വിശ്വാ­സ­ങ്ങ­ളുടെ ലോകത്ത്‌ മനു­ഷ്യരെ തള­ച്ചി­ടാനും ഉറ­പ്പി­ച്ചു­നിർത്താനും ദൃഢ­പ്ര­തി­ജ്ഞ­രായി സമൂ­ഹ­ത്തിൽ വർത്തി­ക്കു­ന്നു­വെ­ങ്കിൽമറു­ഭാ­ഗത്ത്‌സാങ്കേ­തി­ക­വി­ദ്യ­ക­ളുടെ, കേവലം വിനോ­ദ­മൂല്യങ്ങൾ മാ­ത്രം ഉത്പാ­ദി­പ്പിക്കുകയും വിനിമയം ചെയ്യു­കയും ചെയ്യുന്ന ­ വശ­ങ്ങ­ളുടെ വിവേ­ച­ന­ര­ഹി­ത­മായ ­പ്ര­യോഗവും ഉപ­ഭോ­ഗവും­  മനു­ഷ്യരെ ഒരു ജീവ­ജാ­തി­യെന്ന നില­യിലും സമൂ­ഹ­ജീ­വി­യെന്ന നില­യിലും അവർ നേരി­ടുന്ന ആഗോ­ളവും ദേശീ­യവും പ്രാദേ­ശി­ക­വു­മായ പ്രശ്ന­ങ്ങ­ളിൽ നിന്നും ശ്രദ്ധ­യ­കറ്റി പരി­പാ­ലി­ക്കു­ന്നു. എന്തി­നേ­റെ, സമ­ത്വാ­ധി­ഷ്ഠി­തവും സർവ­ജ­ന­സ­മാ­ശ്ളേ­ഷി­യു­മായ വിക­സനം എന്ന സ്വപ്നം യാഥാർത്ഥ്യ­മാ­ക്കാൻ പൊരു­തിയ  ഇന്ന­ലെ­ക­ളുടെ ഇട­തു­പ­ക്ഷ­മ­ന­സ്സു­ക­ളെ­പ്പോലും മാറ്റി­യെ­ടുത്ത്‌, ഇന്നിന്റെ സൌഭാ­ഗ്യ­ങ്ങ­ളിലും സുഖ­സൌ­ക­ര്യ­ങ്ങ­ളിലും വിനോ­ദ­ങ്ങ­ളിലും മൂല്യ­ങ്ങ­ളിലും അഭി­ര­മി­ക്കു­ന്ന­വരും, വല­തു­പ­ക്ഷ­മ­ന­സ്സു­ക­ളു­മാക്കിത്തീർക്കാൻ പുതിയ കാല­ത്തിന്‌ കഴി­ഞ്ഞി­രി­ക്കുന്നു; ചോദ്യം ചെയ്യാൻ ശീലി­ക്കു­കയും സമൂ­ഹത്തെ പരി­ശീ­ലി­പ്പി­ക്കു­കയും ചെയ്ത ഇന്ന­ലെ­കളിലെ തന്റേ­ടി­കളെ ഇന്നിന്റെ സർക്കസ്സ്‌ കൂടാ­ര­ങ്ങ­ളിലെ കോമാ­ളി­ക­ളാക്കി അത്‌ മാറ്റി­യി­രി­ക്കു­ന്നു! ഇവിടെ വാഴു­ന്നത്, തങ്ങ­ളുടെ വരും തല­മുറ മാതൃ­ഭൂ­മി­യോ­ടുള്ള കൂറിലും മാതൃ­ഭാ­ഷ­യോ­ടുള്ള  ആദ­ര­വിലും സാമൂ­ഹ്യ­പ്ര­തി­ബദ്ധ­ത­യിലും സഹ­ജാത സ്നേഹ­ത്തിലും യുക്തി­ബോ­ധ­ത്തിലും ശാസ്ത്രീ­യ­വീ­ക്ഷ­ണ­ത്തിലും മതേ­ത­ര­ത്വ­ത്തിലും വളർന്നു­വ­രണം എന്ന്‌ ആഗ്ര­ഹി­ക്കാത്ത ഒരു സമൂ­ഹവും, ഭര­ണ­കൂ­ടവുമാണ്‌തങ്ങൾ അധി­വ­സി­ക്കുന്ന ഈ മണ്ണിനെ രോഗാ­തു­രവും മലി­നവുമാക്കു­ന്ന­തിലും അതിന്റെ വിഭ­വ­സ­മ്പ­ത്തു­കളെ മുച്ചൂടും കൊള്ള­യ­ടി­ക്കു­ന്ന­തിലും വേവ­ലാ­തി­ക­ളി­ല്ലാ­ത്ത ഒരു സമൂ­ഹവും, ഭര­ണ­കൂ­ടവുമാണ്‌; വിപ­ണി­യുടെ മൂല്യ­സം­ഹി­ത­യേയും കൊള്ളലാഭേ­ച്ഛ­യേയും മാത്രം എവി­ടേയും കുടി­യി­രു­ത്താൻ വെമ്പുന്ന  ഒരു സമൂ­ഹവും, ഭര­ണ­കൂ­ടവുമാണ്‌. പരിഷത്തിന്റെ ഒരു പ്രവർത്ത­ന­ത്തിനും ലഘൂ­ക­രണം അനു­വ­ദി­ച്ചു­ത­രാ­ത്ത­ തര­ത്തി­ലുള്ളതാ­ണ്‌ കേരള­ത്തിന്റെ ഈ വർത്ത­മാ­നം.  മേൽപ­റഞ്ഞ സമ­സ്യയെ അത്‌ ജടി­ലവും സങ്കീർണ്ണ­വുമാ­ക്കു­ന്നു. പരിഷത്തിനെ അത് പോരാ­ട്ട­ങ്ങ­ളുടെ പാത­യിൽ തന്നെ നില­യു­റ­പ്പി­ക്കാൻ നിർബ­ന്ധി­ത­രാ­ക്കു­ന്നു; കരു­ത്താർജ്ജി­ക്കുക അല്ലെ­ങ്കിൽ കീഴ­ട­ങ്ങുക എന്ന്‌കല്പി­ക്കു­ന്നു.

            ഈ ഒഴു­ക്കി­നെ­തി­രെ­യാണ്‌ പരി­ഷത്തിന്‌ തുഴയാനുള്ളത്‌.  ഈ ഒഴു­ക്കി­നെ­തി­രെ­യാണ്‌വേണം മറ്റൊരു സാമൂ­ഹ്യ­ക്രമം എന്ന്‌ ഉറക്കെ വിളിച്ചു പറ­ഞ്ഞു­കൊണ്ട്‌ പരിഷത് ഇക്കാ­ലം മുഴു­വൻ തുഴ­ഞ്ഞി­രു­ന്ന­ത്‌. ആ മുദ്രാ­വാ­ക്യത്തെ  കുറേ­ക്കൂടി മൂർത്ത­മായി അവ­ത­രി­പ്പി­ക്കാൻ ഇക്ക­ഴിഞ്ഞ വർഷം പരിഷത്തിന് കഴി­ഞ്ഞു എന്നത്‌ അതിന്റെ ചരി­ത്ര­ത്തിലെ തന്നെ ഒരു നാഴി­ക­ക്ക­ല്ലാണ്‌.  ആ പ്രവർത്തനം ആരൊക്കെ കണ്ടി­ല്ലെന്നു നടി­ച്ചാലും അവി­ട­വിടെ ഓള­ങ്ങളും ചുഴി­കളും സൃഷ്ടി­ക്കുകയും അത് ‌ചില പ്രവ­ണ­ത­ക­ളിൽ നിശ്ച­യ­മായും ഉൾക്കി­ടിലം വിത­ക്കുകയും ചെയ്തു. അതിന് ‌പരിഷത്  പ്രയോ­ഗിച്ച സംസ്ഥാ­ന­തല പദ­യാത്ര എന്ന ഉപാ­ധി­യാ­ക­ട്ടെഉള്ള­ട­ക്കവും ഉപാ­ധിയും സമ­ഞ്ജ­സ­മായി സമ്മേ­ളിച്ച ഒരു പ്രവർത്ത­ന­വുമാ­യി­.  അതിന്റെ ഉള്ള­ട­ക്ക­ത്തിന്റെ പ്രക്ഷോ­ഭ­ സ്വ­ഭാ­വ­ത്തിന്‌ പദ­യാ­ത്ര­യേ­ക്കാൾ അനു­യോ­ജ്യ­മായ  ആവി­ഷ്കാ­ര­രൂപം മറ്റൊന്നുണ്ടായിരുന്നില്ല തന്നെ.  അപൂർവ­മായി മാത്രം ആവി­ഷ്ക­രി­ക്കാനും സംഘ­ടി­പ്പി­ക്കാനും കഴിയുന്ന ഈ പ്രവർത്ത­നം, സംഘ­ട­ന­യെ സംബ­ന്ധി­ച്ചി­ട­ത്തോളം  ആത്മവി­ശ്വാ­സ­ജ­ന­കം തന്നെയാണ്;വരാ­നി­രി­ക്കുന്ന കാല­ങ്ങ­ളു­യർത്തുന്ന വെല്ലു­വി­ളി­ക­ൾ നെരിടുന്നതിനുള്ള ഒരു ചവിട്ടുപടിയുമാണ്.  കഴി­ഞ്ഞ­കാ­ലാ­നു­ഭ­വ­ങ്ങ­ളുടെ കരു­ത്തിൽകൈവ­രി­ക്കാൻ കഴിഞ്ഞ സംഘ­ട­നാ­പ­ര­മായ മിക­വിന്റെ ആത്മ­വി­ശ്വാ­സ­ത്തിൽ, ­കാത്തിരിക്കുന്ന പ്രതിബന്ധങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയാവബോധത്തിന്റെ വഴിവെളിച്ചത്തിൽ  അടുത്ത അരനൂറ്റാണ്ടിനേയും അർത്ഥവത്താക്കാൻ പരിഷത്തിനു കഴിയട്ടെ. ലക്ഷ്യങ്ങളുടെ പൂർത്തീകരണം ഏറെ അകലെയല്ലാതെയാകട്ടെ.

2012, മേയ് 2, ബുധനാഴ്‌ച


കേഴുക പ്രിയ നാടേ
കേഴുക പ്രിയ നാടേ - നീ
നേടിയതെല്ലാമുജ്ജ്വലമെന്നു
നിനയ്‌ക്കരുതെൻ നാടേ
പിന്നിട്ടൂ നീ ദുർഗമമാം പല
പാതകളെന്നാലും
പിന്നിടുവാനിനിയുള്ളവ ദീർഘം,
കാലം കഠി­നതരം

ജീവിതഗുണതയി,ലക്ഷരവിദ്യയി-
ലറിവിൽ കഴിവുകളിൽ
ഉലകെങ്ങും പുകൾ പൊങ്ങും മികവുകൾ
നമുക്കു തനതെന്നാൽ
നേടീ,യിതുവരെയാരും നേടാ-
ക്കനവുകൾ പലതെന്നാൽ
അവ നിലകൊള്ളുമടിത്തറ ദുർബല-
മെന്നറിയൂ നാടേ
കേഴുക പ്രിയ നാടേ

മണ്ണിനെ മാഫിയകൾക്കും, മണ്ണിൻ
മൊഴി മറുമൊഴികൾക്കും
പെണ്ണിനെയളവുകളതിരുകളില്ലാ
കാമാതുരതയ്ക്കും
മാനവസാഹോദര്യത്തെ മത- 
വെറിവൈരങ്ങൾക്കും
മുപ്പതു വെള്ളിക്കാശിനു കൂട്ടി-
ക്കൊടുത്തു നാം നാടേ
കേഴുക പ്രിയ നാടേ

ആർത്തികളാസക്തികളാത്മാവിൽ
കാടുവളർത്തുകയായ്‌-പണ്ടേ
തുടച്ചു നീക്കിയ കാടത്തങ്ങൾ
തഴച്ചു വളരുകയായ്‌ - വീണ്ടും
കട്ടിയിരുട്ടിൻ കോട്ടകൾ വാനം
മുട്ടെ പൊങ്ങുകയായ്‌ - കാലം
നമുക്കു­ നല്കിയ ബോധനിലാവിനെ-
യിരുട്ടു തിന്നുകയായ്‌ - നമ്മുടെ
ശുഭ പ്രതീക്ഷക,ളടിപതറി തിര-
മാലയിലുലയുകയായ്‌
കേഴുക പ്രിയ നാടേ

പടുത്തുയർത്താം പ്രതിരോധത്തിൻ
പടയണി വൈകാതെ - നാടിൻ
നടപ്പുരീതികളഴിച്ചു പണിയാ-
നണയാം വൈകാതെ
മറ്റൊരു കേരളമിവിടെപ്പുലരാ-
നുണർന്നെഴുന്നേല്ക്കാം
ഉണർന്നിടേണ്ടവരുറക്കമെങ്കിൽ
വിളിച്ചുണർത്തീടാം


 പുതിയ കേരളം പിറക്കണം
ഒരു ധീരനൂതനകേരളത്തിന്നരു-
ണോദയമരികെ കിനാവു കണ്ടു, നമ്മ-
ളണിചേർന്നു മുന്നേറിയെത്തിയതീ
ബഹുദൂരം പിന്നിലെയിരുളിലെന്നോ?
ഒരു നവ സംസ്കൃതിയ്ക്കായ്‌ പൊരുതി
നമ്മളൊടുവിൽ കിരാതരായ്‌ തീർന്നുവെന്നോ?

കാലം, ഇതാസുരകാല,മീ നാടിന്റെ
നേരുകൾ,നെറികൾ, മറഞ്ഞകാലം;
ഒരുപാടു  നരകങ്ങളിഹലോകജാതരെ 
പലപാടു ദുരിതങ്ങൾക്കിരയാക്കും കാലം;
തകരുന്നു മൂല്യങ്ങൾ, പെരുകു,ന്നധർമ്മങ്ങൾ
സ്വാർത്ഥാടനം പുതിയകാല പ്രമാണം!
കൂർത്ത നഖങ്ങളിൽ കോർത്തു പറക്കു-
വാനണയുന്ന കഴുകന്റെ ചിറകൊച്ച ചാരെ

മദം പൊട്ടി നില്പ്പൂ മതങ്ങൾ;
മദം പൊട്ടി നില്പ്പൂ മതങ്ങൾ; തഴയ്ക്കുന്നു-
കൺകളിൽ കത്തികൾ;  വേവുന്നു- 
കരളുകൾ തോറും കൊടും വിഷം;  ചുരമാന്തി-
യുണരുന്നധോലോക വാസനകൾ....
ചിതലരിക്കുന്നൂ, സഹജാതസ്‌നേഹം,
ചിതയിലെരിയുന്നൂ, സമത്വാവബോധം;
ഇവിടെ വാഴ്‌വതും വാഴ്ത്തപ്പെടുന്നതും 
കരുണയില്ലാത്ത കമ്പോള വേദം.

അല്ലിതല്ല നമ്മളാരുമാഗ്രഹിച്ച കേരളം
അമര,രഗ്രഗാമികൾ നമുക്കു തന്ന കേരളം
ഇനി വരുന്ന തലമുറയ്ക്കു വേരിടാൻ, തളിർക്കുവാൻ
അല്ലിതല്ല, നമ്മൾ പണിതു നൽകിടേണ്ട കേരളം
വേണം,വേണമിവിടെ വേണംവേണം,പുതിയ കേരളം;
വേണമിവിടെ വേണം,വേണംവേണം,മറെറാരു കേരളം
നൂറുകാതം പിന്നിലേ,യ്ക്കിരുൾയുഗങ്ങൾ തന്നിലേയ്ക്ക്‌
വഴി നടത്തുവോരിൽ നിന്നു നാട്‌ മുക്തി നേടണം
സ്ഥിതിസമത്വം, യുക്തിചിന്ത,ശാസ്ത്രബോധമെന്നിവ
അസ്തിവാരമിട്ട പുതിയ കേരളം പിറക്കണം.
വേണം,വേണമിവിടെ വേണംവേണം,പുതിയ കേരളം;
വേണമിവിടെ വേണം,വേണംവേണം,മറെറാരു കേരളം

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

RIGHTS OF MOTHER EARTH/ഭൂമിയുടെ അവകാശങ്ങൾ


ഭൂമിയുടെ അവകാശങ്ങൾ

ധാരാളമായി ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞ ഒരു വിഷയമാണ്,
നമ്മുടെ ഈ കാലഘട്ടത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ സംഭവിച്ച
ഇടർച്ചകളും ധാർമ്മികച്യുതിയും എന്നത്.
പാളിച്ചകൾ ഉണ്ടായത് വാസ്തവത്തിൽ പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിലാണ്
എന്ന വസ്തുതയാകട്ടെ, ഏറെ തലപുകഞ്ഞുള്ള ചർച്ചകളൊന്നും കൂടാതെ
ഏവർക്കും ബോധ്യമുള്ളതുമാണ്.
പ്രകൃതിയോട് നമ്മുടെ പൊതുവിലുള്ള പെരുമാറ്റം വളരെ അധാർമ്മികമാവുകയും
പ്രകൃതി വിഭവങ്ങളോടും വിഭവ സ്രോതസ്സുകളോടും ജൈവ വൈവിധ്യത്തോടുമുള്ള നമ്മുടെ സമീപനം വളരെ അശാസ്ത്രീയമാവുകയും ചെയ്തു.
നമ്മുടെ പൌരാണികർ ഭൂമിയെ ഇത്തരത്തിൽ ചൂഷണോപാധിയായി കണ്ടവരല്ല.
ഗുഹാജീവിയായി പ്രകൃതിയോടിണങ്ങി കാലം കഴിച്ചിരുന്ന ആദിമ ഘട്ടത്തിൽ നിന്ന് ആത്യാധുനികതയിലേക്ക് ക്രമാനുഗതമായി കൈവരിച്ച വികാസത്തിന് ഒപ്പം
സംഭവിച്ചതാണ്, പ്രകൃതിയോടുള്ള നമ്മുടെ സമീപന മാറ്റവും.
അതാകട്ടെ, ഈ ഭൂമി നമുക്ക് പാർക്കാൻ ലഭ്യമായിട്ടുള്ള ഒരേയൊരു ഗ്രഹമാണെന്ന ബോധത്തെപ്പോലും ധിക്കരിക്കുന്ന മനോഭാവത്തിലെത്തിയിരിക്കുന്നു, ഇന്ന്.
പ്രകൃതിയല്ല, മനുഷ്യന്റെ പ്രവർത്തികളാണ് പ്രകൃതിപ്രതിഭാസങ്ങളുടെ തീവ്രത നിർണ്ണയിക്കുന്നത്
എന്ന സ്ഥിതിവിശേഷം പോലും സംജാതമായി.
പ്രകൃതിയാകട്ടെ, നമ്മുടെ അനർത്ഥങ്ങളുടെ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ പറ്റി
ചെറുതല്ലാത്ത സൂചനകൾ നമുക്ക് നൽകിയും കഴിഞ്ഞു.
ഇനി നമ്മുടെ ഊഴമാണ്.
നാം എന്തു ചെയ്യാൻ പോകുന്നു?

ഭൂമിയോട് പാരമ്പര്യമായിത്തന്നെ രണ്ട് വിധത്തിലുള്ള സമീപനങ്ങൾ
മനുഷ്യരാശി വച്ചു പുലർത്തുന്നതായി കാണാം.
ഒന്ന്, ഭൂമിയെ ഈശ്വരതുല്യയായി-ഒരു ദേവിയെപ്പോലെയോ മാതാവിനെപ്പോലെയോ-
നോക്കിക്കാണുന്ന, ആരാധിക്കുന്ന രീതി.
മറ്റൊന്ന് ഭൂമി നമുക്ക് സ്വേച്ഛ പോലെ അനുഭവിക്കാൻ സൃഷ്ടിക്കപ്പെട്ടതാണ് എന്ന
അവകാശാധിഷ്ഠിതമായ രീതി.
എന്നാൽ ഇതിൽ ആദ്യത്തേത് കേവല കാൽപനികതയുടെ തലത്തിൽ ഒതുങ്ങുകയും
രണ്ടാമത്തെ രീതി പൊതുസമ്മതി കൈവരിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്
നമ്മുടെ സമകാല യാഥാർത്ഥ്യം.
ഭൂമിയെച്ചൊല്ലി കേഴാൻ, ഭൂമിക്കായി ഒരു ചുവട് വയ്ക്കാൻ
ആരുമില്ല എന്ന ഈ അവസ്ഥ നിലനിൽക്കുമ്പോഴാണ്,
ചുറ്റുപാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന അന്ധതമസ്സിൽ തീർത്തും വ്യത്യസ്തമായ ഒരു നിലപാടിന്റെ
ചെറുതിരി കൊളുത്തിക്കൊണ്ട് തെക്കേ അമേരിക്കയിലെ ബൊളീവിയ എന്ന കൊച്ചു രാജ്യം
മുന്നോട്ട് വന്നിരിക്കുന്നത് -ഭൂമിക്ക് ചില അവകാശങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുകയും
അവ സംരക്ഷിക്കുന്നതിനുള്ള ഒരു നിയമത്തിന് രൂപം കൊടുക്കുകയും ചെയ്തുകൊണ്ട്!

വിപ്ലവാത്മകമായ പല മുന്നേറ്റങ്ങൾക്കും അരങ്ങൊരുക്കിക്കൊണ്ട്
ചരിത്രത്തിൽ പണ്ടേ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞ രാജ്യമാണ് ബൊളീവിയ.
ഭൂമിയെ അമ്മയും ദേവിയുമായി ആരാധിക്കുന്ന കൂട്ടത്തിലാണ് ബൊളീവിയക്കാർ .
പച്ചാമാമ (Pachamama) എന്നാണ് അവർ ഭൂമിയെ വിളിക്കുന്നത്.
കേവലം ഭൂമി എന്നല്ല, ഭൂമിമാതാവ് എന്നു തന്നെയാണ് അവരുടെ ഭാഷയിൽ അതിനർത്ഥം.
ജീവിതവും ഭക്ഷണവും സംരക്ഷണവും നൽകുന്ന മാതാവായി
പച്ചാമാമയെ അവർ കാണുന്നു.
അവരെ സംബന്ധിച്ചിടത്തോളം ഭൂമാതാവ് പരിശുദ്ധയും ഉർവ്വരയും ജീവന്റെ ഉറവിടവുമാണ്.
തന്റെ ഗർഭപാത്രത്തിൽ എല്ലാ ജീവരൂപങ്ങളേയും ഊട്ടിവളർത്തുകയും
പരിപാലിക്കുകയും ചെയ്യുന്നവളാണ്.
ഒരേ ഭാഗധേയം പങ്കു വയ്ക്കുന്ന,
പരസ്പരബന്ധിതവും പരസ്പരാശ്രിതവും പരസ്പരപൂരകവുമായ
എല്ലാത്തരം പരിസ്ഥിതിവ്യൂഹങ്ങളുടേയും ജീവ രൂപങ്ങളുടേയും സംഘാതമാണ് അവൾ. പ്രദേശവാസികളുടെ സമൂഹങ്ങളും പരിസ്ഥിതിവ്യൂഹവും തമ്മിൽ നിലവിലുള്ള സന്തുലനം
തകർക്കുന്ന തരത്തിലുള്ള വൻകിട വികസന-നിർമ്മാണ പദ്ധതികളാൽ
ബാധിതമാകാതിരിക്കുന്നതിനുള്ള അവകാശം അവൾക്ക് ഉണ്ട്.
പച്ചാമാമയോടുള്ള ആദരാർപ്പണങ്ങളിൽ എല്ലാ ജീവജാലങ്ങളോടുമുള്ള
സമഭാവനയും ബഹുമാനവും അവർ ഉൾപ്പെടുത്തുന്നു.
കാരണം, അവ അവരുടെ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം
ആ അമ്മയുടെ സൃഷ്ടിയുടെ ഫലങ്ങൾ മാത്രമല്ല, അവളുടെ ഭാഗങ്ങൾ തന്നെയാണ്.
ഇത്രകാലവും ഒരാളും അംഗീകരിക്കാതിരുന്ന അവകാശങ്ങൾ വകവച്ചുകൊടുക്കുന്നതിലൂടെ,
അവ പാലിക്കാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുന്നതിലൂടെ,
തങ്ങളുടെ പച്ചാമാമയോടുള്ള കടപ്പാട് നിറവേറ്റാനാണ് അവർ ശ്രമിക്കുന്നത്.

ഭൂമാതാവിന്റെ പ്രധാന അവകാശങ്ങൾ നിയമം എടുത്തു പറയുന്നത് ഇങ്ങനെയാണ്: ജൈവവ്യൂഹത്തെയും പ്രകൃതിപ്രക്രിയകളേയും കാത്തുരക്ഷിക്കുന്നതിനും
നിലനിർത്തുന്നതിനുമുള്ള അവകാശം;
എല്ലാ ജീവരൂപങ്ങളുടേയും വൈവിധ്യത്തേയും നാനാത്വത്തേയും
കൃത്രിമ മാർഗ്ഗങ്ങളിലൂടെയുള്ള ജനിതകപരിവർത്തനത്തിൽ നിന്നും
ഘടനാപരമായ നവീകരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള അവകാശം;
ജലചക്രത്തിന്റെ പ്രവർത്തനം നിർബാധം നടക്കുന്നതിനും,
ജലസ്രോതസ്സുകളെ മലിനീകരണ മുക്തമായി നിലനിർത്തുന്നതിനും,
ജീവജാലവ്യൂഹങ്ങൾക്ക് പുലരുവാൻ അനുപേക്ഷണീയമായ അളവിലും ഗുണത്തിലും
ജലം ലഭ്യമാക്കുന്നതിനും ഉള്ള അവകാശം;
ജീവജാലവ്യൂഹങ്ങളുടെ സുസ്ഥിരതക്കു വേണ്ടി വായുവിന്റെ പരിശുദ്ധിയും ഘടനയും കാത്തുരക്ഷിക്കുന്നതിനുമുള്ള അവകാശം;
വിവിധങ്ങളായ ചാക്രിക പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും
ജൈവപ്രക്രിയകളുടെ പുനരുൽപാദനത്തിനും വേണ്ടി
വ്യത്യസ്ത ഭൌമഘടകങ്ങളുടെ പരസ്പരബന്ധം, പരസ്പരാശ്രിതത്വം, പരസ്പര സഹായം, പ്രവർത്തനക്ഷമത എന്നിവ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിനും
പരിപാലിക്കുന്നതിനും ഉള്ള അവകാശം;
മനുഷ്യപ്രവൃത്തികൾ മൂലം പ്രത്യക്ഷമായോ പരോക്ഷമായോ കെടുതികൾക്കിരയായിട്ടുള്ള
ജീവജാലങ്ങളുടെ സമയോചിതവും കാര്യക്ഷമവുമായ പുനസ്ഥാപനത്തിനുള്ള അവകാശം;
ഭൂമാതാവിന്റെ ഏതെങ്കിലും ഘടകങ്ങളെ മനുഷ്യപ്രവൃത്തിജന്യമായ ദൂഷണങ്ങളിൽ നിന്നും
വിഷമയമോ അണുപ്രസരമുള്ളതോ ആയ മലിനോച്ഛിഷ്ഠങ്ങളിൽ നിന്നും
സംരക്ഷിക്കുന്നതിനുള്ള അവകാശം.

മനുഷ്യൻ പ്രകൃതിക്കുവേണ്ടി ആവിഷ്കരിച്ച ഒരു നിയമമാണെങ്കിലും
ഫലത്തിൽ ഇത് അവനവനു വേണ്ടിത്തന്നെയുള്ള ഒരു നിയമമാണെന്ന് വ്യക്തം.
ഭൂമിയെ സംരക്ഷിച്ചുകൊണ്ടേ ഭൂമിയിൽ മനുഷ്യന് നിലനിൽക്കാനാവൂ എന്ന സത്യമാണ്
ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ഭൂമിയെന്ന വിശാലതയുടെ സ്ഥാനത്ത് നമ്മുടെ സ്വന്തം വീടുകളെ പ്രതിഷ്ഠിച്ച് ചിന്തിച്ചു നോക്കുമ്പോൾ
ഇത് വളരെ ലളിതമായി നമുക്ക് ബോധ്യമാവും.
തന്റെ ഗേഹത്തെ താൻ കാത്തുസൂക്ഷിക്കുന്നില്ലെങ്കിൽ ആ ഗേഹം
തനിക്ക് വസിക്കാൻ കൊള്ളരുതാത്തത്താകും എന്നു പറയുന്നത്ര ലളിതം.
വാസ്തവത്തിൽ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേയും ജീവിതത്തിനും പുനരുജ്ജീവനത്തിനും
ജൈവ വൈവിധ്യത്തിനും ശുദ്ധവായുവിനും ശുദ്ധജലത്തിനും സന്തുലനത്തിനും ഉള്ള അവകാശങ്ങൾ തന്നെയാണ്, നിയമം, ഭൂമിയ്ക്കായി ഉറപ്പാക്കാൻ ശ്രമിക്കുന്നത്!
അതേ സമയം പ്രായോഗിക തലത്തിൽ ഇത് ബൊളീവിയയ്ക്കു മേൽ പുതിയ നിരവധി
ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നുണ്ട്.
തങ്ങളുടെ നാട്ടിൽ നിലവിലുള്ള എല്ലാ നിയമങ്ങളും അവർ ഇതനുസരിച്ച് പുനർനിർമ്മിക്കേണ്ടി വരും.
പ്രകൃതി നിശ്ചയിച്ചിട്ടുള്ള പാരിസ്ഥിതിക പരിധികളെ മറികടക്കാതിരിക്കാനുള്ള
ജാഗ്രത പുലർത്തേണ്ടി വരും.
യാതൊരു പുതുക്കൽ സാദ്ധ്യതയുമില്ലാത്ത ഊർജ്ജസ്രോതസ്സുകൾ കയ്യൊഴിഞ്ഞ്
ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരും.
പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തുകൊണ്ടുള്ള കൂടുതൽ ഉത്പാദനം, കൂടുതൽ ഉപഭോഗം
എന്നതിൽ നിന്ന്, പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുകൊണ്ടുള്ള പദ്ധതികളിലേക്ക്
ദിശ മാറ്റേണ്ടി വരും.
അന്തരീക്ഷ താപനത്തിനിടവരുത്തുന്ന ഹരിതഗൃഹവാതകങ്ങളുടെ വമനം നിയന്ത്രിക്കുകയും,
ജൈവകൃഷി, ഊർജ്ജക്ഷമത, എന്നിവ സംബന്ധിച്ച ഗവേഷണങ്ങൾക്കും നിക്ഷേപങ്ങൾക്കും
മുൻതൂക്കം നൽകേണ്ടിയും വരും.
എല്ലാ പൌരന്മാരും സ്ഥാപനങ്ങളും വ്യവസായശാലകളും പരിസ്ഥിതി നാശങ്ങൾക്ക്
സമാധാനം പറയേണ്ട അവസ്ഥ സൃഷ്ടിക്കപ്പെടും;
രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുള്ള പ്രധാന മാനദണ്ഡമായി
അവയുടെ പാരിസ്ഥിതിക ആഘാതത്തെയും, അവയുടെ പ്രവർത്തന വിലയിരുത്തലിനുള്ള മാനദണ്ഡമായി പാരിസ്ഥിക ഓഡിറ്റിങ്ങിനേയും അംഗീകരിക്കേണ്ടി വരും.........
ഏതായാലും, നിയമം നടപ്പാക്കുന്നതിന് ഒരു പുതിയ മന്ത്രാലയം തന്നെ രൂപീകരിച്ചുകൊണ്ടും
നിയമ നടത്തിപ്പ് പരിശോധിക്കുന്നതിന് ഓംബുഡ്സ്മാനെ നിയമിച്ചുകൊണ്ടും
ബൊളീവിയ തങ്ങളുടെ നിശ്ചയദാർഢ്യം വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു, ഇതിനകം.

എന്നാൽ എപ്രകാരമാണ് വിപ്ലവകരമായ ഈ നിയമം നടപ്പാക്കാനാവുക
എന്നതാണ് കണ്ടറിയേണ്ടത്.
ഖനന വ്യവസായത്തെ ഗണ്യമായ തോതിൽ ആശ്രയിക്കുന്ന ഒരു
സമ്പദ്വ്യവസ്ഥയാണ് ബൊളീവിയയുടേത്.
പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാർ അവിടെയുള്ള വെള്ളി നിക്ഷേപം
കണ്ടു പിടിച്ചതിനു ശേഷമുള്ള ബൊളീവിയയുടെ ചരിത്രം,
അതിന്റെ ജനതയ്ക്കും പരിസ്ഥിതിയ്ക്കും നേരിടേണ്ടി വന്ന കണ്ണിൽ ചോരയില്ലാത്ത ചൂഷണങ്ങളുടേതാണ്.ബൊളീവിയയുടെ ഈ പ്രകൃതിവിഭവങ്ങൾ യൂറോപ്പിന്റെ വ്യവസായ
വികസനത്തിന്റെ ഇന്ധനമായി വർത്തിച്ചു.
ബൊളീവിയയുടെ 2010ലെ കയറ്റുമതിയുടെ എഴുപത് ശതമാനവും
ധാതുദ്രവ്യങ്ങൾ, എണ്ണ-പ്രകൃതി വാതകങ്ങൾ എന്നിവയായിരുന്നുവേന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
ഈ ഘടനാപരമായ ആശ്രിതത്വത്തിന്റെ കുരുക്കഴിക്കുക പ്രയാസകരമായിരിക്കും.
പ്രബലരായ ഖനന-കാർഷികവ്യവസായ ശക്തികൾ
അതിശക്തമായ ചെറുത്തുനിൽപ്പ് നടത്തുമെന്നതിലും സംശയമില്ല.
തങ്ങളുടെ ലാഭത്തെ ബാധിക്കുന്ന പാരിസ്ഥിതിക നിയന്ത്രണം,
അതിനായി നിലകൊള്ളുന്നവർ ലോകത്തൊരിടത്തും വകവച്ചുകൊടുക്കുകയില്ലല്ലോ.
സർക്കാരിനാകട്ടെ ഖനികൾ അടച്ചു പൂട്ടാനൊന്നും ആവുകയുമില്ല.
ഈ നിയമത്തിന്റെ നടത്തിപ്പിൽ ഉയർന്നുവരാൻ പോകുന്ന മുഖ്യ തടസ്സം ഈ രംഗത്തു നിന്നായിരിക്കും. ചുരുക്കത്തിൽ ഭൂമിയെപ്പോലെ തന്നെ
ഭൌമാവകാശ നിയമവും നിരവധി വെല്ലുവിളികളാണ് നേരിടുന്നത്.
എന്നാൽ ഇത് ബൊളീവിയയുടെ മാത്രമായ ഒരു ഉൽക്കണ്ഠയാണോ?
ആധുനികതയെ, തദ്ദേശ സാംസ്കാരികത്തനിമകളുമായുള്ള ഒരു ഏറ്റുമുട്ടലിൽ
എത്തിച്ചിരിക്കുകയാണ് ഈ നിയമം എന്നു വിമർശിക്കാമെങ്കിലും,
വർദ്ധിച്ചുവരുന്ന പാരിസ്ഥിതികാത്യാഹിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശാസ്ത്രവും
സാങ്കേതിക വിദ്യയും പരാജയപ്പെടുന്ന നിലക്ക്,
ഇത്തരം പരമ്പരാഗത സാംസ്കാരിക മൂല്യങ്ങളുടെ വീണ്ടെടുപ്പ് പ്രസക്തവും അനിവാര്യവുമാണ് എന്നതും, മനുഷ്യനും പ്രകൃതിയുമായുള്ള ഐക്യത്തിന്റെ ആവശ്യകതയിൽ കവിഞ്ഞൊന്നും
നിയമം മുന്നോട്ട് വയ്ക്കുന്നില്ല എന്നതും
മനസ്സിലാക്കപ്പെടാതെ പോകരുത്.
ആധുനിക ലോകത്തിന്റെ ഒട്ടേറെ സമസ്യകൾക്ക് പ്രയോജനകരമായ പരിഹാരം
തദ്ദേശ സംസ്കാരങ്ങൾക്ക് കരഗതമായിട്ടുണ്ട്.
ഇന്ത്യയും ഇത്തരത്തിലുള്ള സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമയാണ്.
ഒന്നുമാത്രം നാമെല്ലാം മറക്കാതിരിക്കുക:
നമ്മൾ ഭൂമിയുടേതാണ്,
ഭൂമി നമ്മളുടേതല്ല.
അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം കാത്തുരക്ഷിക്കേണ്ടതാണ് ഈ നിയമം;
എറ്റെടുക്കേണ്ടതാണ് ഈ വെല്ലുവിളി.