2012, മേയ് 2, ബുധനാഴ്‌ച



 പുതിയ കേരളം പിറക്കണം
ഒരു ധീരനൂതനകേരളത്തിന്നരു-
ണോദയമരികെ കിനാവു കണ്ടു, നമ്മ-
ളണിചേർന്നു മുന്നേറിയെത്തിയതീ
ബഹുദൂരം പിന്നിലെയിരുളിലെന്നോ?
ഒരു നവ സംസ്കൃതിയ്ക്കായ്‌ പൊരുതി
നമ്മളൊടുവിൽ കിരാതരായ്‌ തീർന്നുവെന്നോ?

കാലം, ഇതാസുരകാല,മീ നാടിന്റെ
നേരുകൾ,നെറികൾ, മറഞ്ഞകാലം;
ഒരുപാടു  നരകങ്ങളിഹലോകജാതരെ 
പലപാടു ദുരിതങ്ങൾക്കിരയാക്കും കാലം;
തകരുന്നു മൂല്യങ്ങൾ, പെരുകു,ന്നധർമ്മങ്ങൾ
സ്വാർത്ഥാടനം പുതിയകാല പ്രമാണം!
കൂർത്ത നഖങ്ങളിൽ കോർത്തു പറക്കു-
വാനണയുന്ന കഴുകന്റെ ചിറകൊച്ച ചാരെ

മദം പൊട്ടി നില്പ്പൂ മതങ്ങൾ;
മദം പൊട്ടി നില്പ്പൂ മതങ്ങൾ; തഴയ്ക്കുന്നു-
കൺകളിൽ കത്തികൾ;  വേവുന്നു- 
കരളുകൾ തോറും കൊടും വിഷം;  ചുരമാന്തി-
യുണരുന്നധോലോക വാസനകൾ....
ചിതലരിക്കുന്നൂ, സഹജാതസ്‌നേഹം,
ചിതയിലെരിയുന്നൂ, സമത്വാവബോധം;
ഇവിടെ വാഴ്‌വതും വാഴ്ത്തപ്പെടുന്നതും 
കരുണയില്ലാത്ത കമ്പോള വേദം.

അല്ലിതല്ല നമ്മളാരുമാഗ്രഹിച്ച കേരളം
അമര,രഗ്രഗാമികൾ നമുക്കു തന്ന കേരളം
ഇനി വരുന്ന തലമുറയ്ക്കു വേരിടാൻ, തളിർക്കുവാൻ
അല്ലിതല്ല, നമ്മൾ പണിതു നൽകിടേണ്ട കേരളം
വേണം,വേണമിവിടെ വേണംവേണം,പുതിയ കേരളം;
വേണമിവിടെ വേണം,വേണംവേണം,മറെറാരു കേരളം
നൂറുകാതം പിന്നിലേ,യ്ക്കിരുൾയുഗങ്ങൾ തന്നിലേയ്ക്ക്‌
വഴി നടത്തുവോരിൽ നിന്നു നാട്‌ മുക്തി നേടണം
സ്ഥിതിസമത്വം, യുക്തിചിന്ത,ശാസ്ത്രബോധമെന്നിവ
അസ്തിവാരമിട്ട പുതിയ കേരളം പിറക്കണം.
വേണം,വേണമിവിടെ വേണംവേണം,പുതിയ കേരളം;
വേണമിവിടെ വേണം,വേണംവേണം,മറെറാരു കേരളം

അഭിപ്രായങ്ങളൊന്നുമില്ല: