2009, മാർച്ച് 20, വെള്ളിയാഴ്‌ച

ശാസ്ത്രം:അറിവുംഅവബോധവും

അമേരിക്കയിൽ ഇയ്യിടെ നടന്ന ഒരു സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും 2009ലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രശ്നമായി സാമ്പത്തികപ്രതിസന്ധിയെ തെരഞ്ഞെടുത്തപ്പോൾ
ഏറ്റവും കുറച്ചു പേർ മാത്രമാണു് കാലാവസ്ഥാവ്യതിയാനത്തെ ഒന്നാം പ്രശ്നമായി കണ്ടത്. അതുകൊണ്ട്, തെരഞ്ഞെടുക്കപ്പെട്ട 20 വിഷയങ്ങളിൽ അവസാന സ്ഥാനം മാത്രമാണ് ആ വിഷയത്തിനു ലഭിച്ചത്!
പരിസ്ഥിതി എന്ന വിഷയം പതിനാറാം സ്ഥാനത്ത് എത്തി.തൊഴിൽ ലഭ്യത,ഭീകരവാദം,സാമൂഹ്യസുരക്ഷ,വിദ്യാഭാസം,ഊർജം,ആരോഗ്യപരിപാലനം,ബജറ്റ് കമ്മി,ആരോഗ്യ ഇൻഷ്വറൻസ്,ദരിദ്രരെ സഹായിക്കൽ,
കുറ്റക്രുത്യങ്ങൾ,മൂല്യച്യുതി,സൈനികം,നികുതി,കുടിയേറ്റം,നിക്ഷിപ്തതാല്പര്യങ്ങൾ,വാണിജ്യനയം എന്നിവയൊക്കെയാണ് ആദ്യസ്ഥാനങ്ങൾ കൈയ്യടക്കിയത്.ശാസ്ത്രവിജ്ഞാനം തഴച്ചുവളർന്നാലും ശാസ്ത്രബോധം കായ്ക്കണമെന്നില്ലെന്ന് അർഥം!

ശാസ്ത്രത്തേയും ശാസ്ത്രബോധത്തേയും പറ്റിയുള്ള ചില വിചാരങ്ങൾക്ക് ഈ വാർത്ത തിരികൊളുത്തുന്നു. സയൻസ് എന്ന പദത്തിന് നമ്മുടെ ഭാഷാ‍വിവർത്തനം ആണ് ശാസ്ത്രം എന്ന പദം.എന്നാൽ ഉത്തരേന്ത്യൻഭാഷകളിൽ ശാസ്ത്രമെന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത് സയൻസിനെയല്ല, പിന്നെയോ, നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായ വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കുടികൊള്ളുന്ന സംഹിതകളെയാണ്.ഒരു ഹിന്ദി നാടകത്തിൽ അഛൻ മകളോട് “ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികൾ ഒരു ഭാഗത്ത് അടങ്ങിയൊതുങ്ങിയിരിക്കണം” എന്നു പറയുമ്പോൾ, “ഏതു ശാസ്ത്രത്തിലാണ് അഛാ അങ്ങനെ പറയുന്നത്?” എന്നാണ് മകളുടെ മറുചോദ്യം! അവിടെ ശാസ്ത്രം എന്ന പദം മനസ്സിലാക്കപ്പെടുന്നത് അങ്ങിനെയാണ്. നമ്മുടെ പാരമ്പര്യത്തിന്റെ ഈടുവയ്പുകളായ ഗ്രന്ഥങ്ങളെയും അവയുടെ ഉള്ളടക്കത്തെയും “വേദങ്ങളും ശാസ്ത്രങ്ങളും” എന്നു നമ്മളും വിശേഷിപ്പിക്കാ‍റുണ്ട്. സയൻസിന്, ശാസ്ത്രം എന്നു പരിഭാഷ നടത്തിയ നമ്മൾ ശാസ്ത്രമല്ലാത്ത പലതിനെയും ശാസ്ത്രം എന്നു നാമകരണം ചെയ്യാനും മടിച്ചില്ല.അങ്ങനെ നമുക്കു പക്ഷിശാസ്ത്രവും ഹസ്തരേഖാശാസ്ത്രവും വാസ്തുശാസ്ത്രവും ഉണ്ടായി.ദൈവവിശ്വാസവും ശാസ്ത്രവും ഒത്തുപോകില്ല എന്നു പറയുമ്പോഴും “ദൈവശാസ്ത്രം” എന്നൊരു നാമകരണവും ഇവിടെ ഉണ്ടാവുകയും ശാസ്ത്രത്തെ അംഗീകരിക്കാത്തവരും ഇതൊക്കെയും ശാസ്ത്രങ്ങളാണെന്ന് അംഗീകരിക്കുകയും ചെയ്തു.

എങ്കിലും ശാസ്ത്രം എന്നാൽ നമുക്ക് തെളിയിക്കപ്പെട്ടതും ആധികാരികവുമായ വിജ്ഞാനം തന്നെയാണ്. ഉത്തരേന്ത്യൻ ഭാഷകളിൽ സയൻസിന്റെ വിവർത്തനരൂപവും വിജ്ഞാനം എന്നുതന്നെയാണ്. വിജ്ഞാനമെന്നാൽ വിശേഷപ്പെട്ട അറിവ്-സവിശേഷമായ ജ്ഞാനം- തന്നെ.
മലയാള പരിഭാഷ അർഥത്തെ കേവലം ധ്വനിപ്പിക്കുക മാത്രമാണു ചെയ്യുന്നതെങ്കിൽ
ഉത്തരേന്ത്യൻ പദം അർഥത്തെ സ്ഫുടമായി ദ്യോതിപ്പിക്കുക തന്നെ ചെയ്യുന്നു-അർഥശങ്കയ്ക്കിടയില്ലാതെ! അതുകൊണ്ട് അവിടെ “ശാസ്ത്ര”വും “വിജ്ഞാന”വും രണ്ട് അർഥങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം അത്ര അർഥവ്യത്യസ്ഥത
ആ വാക്കുകൾക്ക് വരുന്നില്ല. വിജ്ഞാനം തന്നെയാണ്-വിശേഷപ്പെട്ട അറിവു തന്നെയാണു് ശാസ്ത്രം എന്നു മാത്രമല്ല, ഈ അറിവ് മാ‍നവരാശി ഇന്നോളം ആർജ്ജിച്ച അറിവുകളുടെ ആകെത്തുകയുമാണ്. സിദ്ധാന്തവൽക്കരിക്കപ്പെട്ട, പ്രായോഗികാനുഭവാർജ്ജിതമായ, അറിവുകളുടെ ആകെത്തുക. ഇന്നലെ, അല്ലെങ്കിൽ മനുഷ്യരാശി അതിന്റെ ഉൽഭവകാലത്ത്, സമ്പാദിച്ച ഒരു അറിവിനെ അനുഭവങ്ങളിലൂടെയും പ്രയോഗത്തിലൂടെയും കൂടുതൽ മെച്ചപ്പെടുത്തി, സ്ഫുടം ചെയ്ത്, എത്തിച്ചേർന്ന മറ്റൊരു ജ്ഞാനഘട്ടം മാത്രമാണ് ഇന്നത്തെ അറിവ്. ഇത് സ്ഥിരമാകണമെന്നുമില്ല. നാളെ കൂടുതൽ അനുഭവങ്ങളിലൂടെ കൂടുതൽ വ്യക്തതയിലെത്തുന്ന ഒന്ന് കൂടിയാണ് ഇന്നത്തെ അറിവ്. അതുകൊണ്ട്, ഒന്നു രണ്ട് കാര്യങ്ങൾ കൂടി ഈ വിശേഷജ്ഞാനത്തെപ്പറ്റിപ്പറയുമ്പോൾ നമുക്ക് പറഞ്ഞുവയ്ക്കാം: ഒന്ന്, ഇന്ന് ഒരു പ്രത്യേകജ്ഞാനഘട്ടത്തിൽ എത്തിച്ചേരുന്ന ശാസ്ത്രസത്യാന്വേഷിയുടെ സ്വന്തമല്ല അയാൾ എത്തിനിൽക്കുന്ന ആ പുതിയ അറിവ്; രണ്ട്, അത്, മനുഷ്യവംശത്തിനാകെ അവകാശപ്പെട്ടതാണ്. ഒരു കെട്ടിടം പണിയുന്നത് അവസാനത്തെ ഇഷ്ടിക വച്ച ആൾ മാത്രമല്ലല്ലോ; അതിനു ചുവടെയുള്ള ഇഷ്ടികകൾ അതിനുമുന്നേ വച്ച എല്ലാ‍വരും കൂടിച്ചേർന്നാണല്ലോ.

അറിവിന്റെ ഈ ആന്തരികസത്ത എല്ലാറ്റിലുമുയരെ ഉയർത്തിപ്പിടിക്കേണ്ട ഒരു കാലമാണിത്.ശാസ്ത്രം മാനവരാശിയുടെ ജീവിതപ്രക്രിയയിലും വികാസത്തിലും വഹിച്ചിട്ടുള്ളത് ചരിത്രപരമായ പങ്കാണ്.ശാസ്ത്രത്തെ പ്രയോഗിക്കുകയും ശാസ്ത്രം വികാസം പ്രാപിക്കുകയും ചെയ്യുന്ന സമൂഹം ഏത് തരത്തിലുള്ളതായാലും, അതിന്റെ സ്വഭാവസവിശേഷതകൾക്ക് നിരപേക്ഷമായി പ്രവർത്തിക്കുന്നുണ്ടോ ശാസ്ത്രം? ആ സമൂഹത്തിലെ അംഗങ്ങളുടെ ആവശ്യങ്ങൾക്കും താൽ‌പ്പര്യങ്ങൾക്കും വിധേയമായി മാത്രം സേവനമനുഷ്ഠിക്കുന്ന ഒരു ശക്തിയാണോ ശാസ്ത്രം?അതിന്റെ ദിശ, നിഷേധാത്മകമായ പ്രയോഗങ്ങൾക്കുള്ള സാധ്യതയടക്കം,നിർണ്ണയിക്കുന്നത് സമൂഹം തന്നെയാണോ?മനുഷ്യപുരോഗതിക്ക് എത്രത്തോളം സംഭാവന നൽകാൻ ആവുമെന്നതുപോലെതന്നെ, മനുഷ്യപുരോഗതിയെ എത്രത്തോളം അപകടത്തിൽ‌പ്പെടുത്താനും ശാസ്ത്രത്തിന് കഴിയും? സാമൂഹികവ്യവസ്ഥിതിയോടും അതിനെ പരുവപ്പെടുത്തുന്ന ഘടകങ്ങളോടും ഉള്ളതുപോലെതന്നെയുള്ള ഒരു പാരസ്പര്യം മാനുഷികമൂല്യങ്ങളോടും അത് പുലർത്തുമോ?ശാസ്ത്രവികാസത്തിൽ മാനുഷികമൂല്യങ്ങൾക്ക് എന്തെകിലും സ്ഥാനം ഉണ്ടോ? ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസഗതിയ്ക്കനുസ്രുതമായി മനുഷ്യനിൽ എങ്ങനെയൊക്കെയാണ് മാറ്റം വരിക?അതുപോലെതന്നെ മനുഷ്യനിലും അവന്റെ സംസ്കാരത്തിലും നാഗരികതയിലും ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസ്രുതമായി ശാസ്ത്രം എപ്രകാരമാണ് രൂപാന്തരം പ്രാപിക്കുക?-ഇതൊക്കെ ഇന്നത്തെ കാലത്തിന്റെ മുന്നിൽ ശാസ്ത്രത്തിന്റെ കുതിപ്പ്, വിജ്ഞാനത്തിന്റെ വിസ്ഫോടനം എന്ന് പറയാവുന്ന കുതിപ്പ്, ഉന്നയിക്കുന്ന ചോദ്യങ്ങളാണ്.ഈ ചോദ്യങ്ങളുടെ സാംഗത്യം കേവലം സൈദ്ധാന്തികതലത്തിൽ മാത്രം ആകുന്നുമില്ല;ആഗോളമാനങ്ങൾ ഉള്ളപ്പോൾതന്നെ വിവിധ
വ്യത്യസ്ത സാമൂഹികവ്യവസ്ഥകൾക്കുള്ളിൽ ഉത്തരം തേടേണ്ടവയാണു താനും.

അറിവിനെ അധീശത്വത്തിനായുള്ള ഒരു ആയുധമായി അത് കയ്യാളുന്നവർ ഉപയോഗപ്പെടുത്തുന്ന ഒന്നാ‍ണ് ഈ കാലം.പേറ്റന്റ് നിയമങ്ങളുടെ സഹായത്തോടെ നടത്തുന്ന ഈ കുത്തകവൽക്കരണം നിരവധി ധാർമ്മിക സമസ്യകളും മുന്നോട്ട് വയ്ക്കുന്നുണ്ട്.അറിവിന്റെ സ്രഷ്ടാക്കളായ മാനവരാശിക്കെതിരെതന്നെ നടത്തപ്പെടുന്ന അറിവിന്റെ ദുരുപയോഗം ആണിത്.എല്ലാ മനുഷ്യരും അറിവിന്റെ നിർമ്മാണത്തിൽ പങ്കാളികളാണോ എന്ന കുതർക്കം ഉയരുന്ന ഒരു കഥാസന്ധിയാണ് ഇത്.തീർച്ചയായും അതെ എന്നുതന്നെയാണ് ഉത്തരം.കാരണം, ഓരോ സമൂഹവും അതിന്റെ വ്യവസ്ഥകളും ഓരോരോ കാലത്തും അതാതിന്റെ ആവശ്യത്തിനായി സ്രുഷ്ടിക്കുന്നതാണ് ഓരോരോ അറിവുകളും.സാമൂഹികമായ ആവശ്യകതയില്ലാതെ ഒരു അറിവും സ്രുഷ്ടിക്കപ്പെടുന്നില്ല.ഭൌമകേന്ദ്രിതമായ വിശ്വാസപ്രമാണങ്ങൾ കൊണ്ട് കാലത്തെ മനസ്സിലാക്കാനും കാലചക്രത്തെ അടിസ്ഥാനമാക്കിയുള്ള ക്രുഷിപ്പണികളും മറ്റും നടത്താനും അസാദ്ധ്യമായപ്പോഴാണ് ഇനി ഇത് അങ്ങനെയല്ലെന്നുണ്ടോ എന്ന സന്ദേഹവുമായി ആകാശനിരീക്ഷണം നടത്താൻ ചിലർ മുന്നോട്ടു വന്നിരിക്കുക. ആ വക അന്വേഷണങ്ങൾക്കിടെ വീണുകിട്ടുന്ന അറിവുകളും തീർച്ചയായും ഉണ്ടായിരിക്കും എന്നു മാത്രം.

ജീവിതവുമായി ബന്ധപ്പെട്ട ഇത്തരം ആവശ്യങ്ങൾ അന്വേഷണങ്ങൾക്ക് പ്രേരകമായിത്തീർന്ന ആ കാലത്തിൽ നിന്ന് ജീവിതത്തിനും ജീവനു തന്നെയും എതിർ നിൽക്കുന്ന അനാവശ്യങ്ങൾക്കായുള്ള അന്വേഷണങ്ങളിലേക്ക് ദിശ മാറി, ശാസ്ത്രത്തിന് ധാർമ്മികത നഷ്ടമായി പിന്നീട്, ആധുനിക കാലത്ത്.ജീവൻ രക്ഷാ ഔഷധങ്ങൾക്കായുള്ള ഗവേഷണങ്ങൾ പോലും കടുത്ത സ്വാർത്ഥലാഭേഛയോടുകൂടിയായി;അറിവ് കുത്തകവൽക്കരിക്കപ്പെടുകയും സ്വകാര്യസ്വത്തായി സംരക്ഷിക്കപ്പെടുകയുമായി;പലപ്പോഴും ജനവിരുദ്ധവുമായി.അതും ഓരോരോ കാലത്തും പ്രാമാണ്യത്തിൽ വന്ന ഓരോരോ സാമൂഹ്യവ്യവസ്ഥയുടെയും നിശ്ചയമായിരുന്നു.എന്തും ലാഭനഷ്ടാടിസ്ഥാനത്തിൽ വർത്തിക്കുന്ന ഒരു സമൂഹത്തിൽ അറിവും അങ്ങനെതന്നെയായിരിക്കും;എന്തും വിറ്റഴിക്കപ്പെടുന്ന ഒരിടത്ത് അറിവും ഒരു ചരക്ക് മാത്രമായിരിക്കും;എന്തും അധീശത്വത്തിന്റെ ആയുധമാകുന്ന ഒരു വ്യവസ്ഥിതിയിൽ അറിവും ഒരു അധീശഛിഹ്നമായിരിക്കും. അറിവിന്റെ പ്രയുക്ത രൂപമായ സാങ്കേതികവിദ്യ, ഇന്ന് സാർവലൌകികമാണ്;പ്രാപ്യമാണ്.എന്നാൽ അറിവ് സാർവജനീനമായിട്ടില്ല, ജനങ്ങളുടേതായിട്ടില്ല; ജനവിരുദ്ധമായിട്ടുണ്ട് താനും.

സാങ്കേതികവിദ്യയ്ക്കൊപ്പം അറിവിന്റെ നിയന്ത്രണവും പ്രയോഗാധികാരവും ജനതയുടേതാവണം;അറിവ് അവരുടെ ജീവിതാവസ്ഥകളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ആയുധമായിത്തീരണം;സ്വന്തം ജീവിതാവസ്ഥകളെ മെച്ചപ്പെടുത്താൻ ജനത നടത്തുന്ന പരിശ്രമങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു അടിസ്ഥാനഘടകമായി അറിവിന്റെ സ്വാംശീകരണം മാറണം;അറിവ് അതിന്റെ സ്രഷ്ടാക്കളിലേയ്ക്ക് തിരിച്ചു വരണം. അതോടൊപ്പം പ്രധാനപ്പെട്ട ഒന്നാ‍ണ്, ശാസ്ത്രത്തിന്റെ
രീതിശാസ്ത്രം കൂടി ഉൾക്കൊള്ളാൻ കഴിയുകയെന്നതും.

എന്താണ് ശാസ്ത്രത്തിന്റെ രീതിശാസ്ത്രം?ഒരു അറിവിനെ അറിവായി ശാസ്ത്രം അംഗീകരിക്കുക, നിരീക്ഷണം, പരീക്ഷണം, നിഗമനം എന്ന അതിന്റെ തനത് പ്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമാണ്.ഈ പ്രക്രിയയെയാണ് ശാസ്ത്രത്തിന്റെ രീതിശാസ്ത്രം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.ശാസ്ത്രം ഒന്നിനേയും അപ്പടി അംഗീകരിക്കുന്നില്ല,ഒന്നിലും അപ്പടി വിശ്വസിക്കുന്നില്ല.അന്ധമായ സമ്മതി നൽകുക ശാസ്ത്രത്തിന്റെ രീതിയല്ല.പ്രതിഭാസങ്ങളെ നിരന്തരം നിരീക്ഷണവിധേയമാക്കുകയാണ് പകരം അത് ചെയ്യുക.അത്തരത്തിലുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പല പല സാഹചര്യങ്ങളിൽ വച്ച് അതിന്മേൽ പരീക്ഷണങ്ങൾ നടത്തുകയാണ് പിന്നെ ചെയ്യുക. നിരീക്ഷിച്ചുകിട്ടിയ ധാരണകൾ പരീക്ഷണങ്ങളിലൂടെ ഉറപ്പിക്കേണ്ടതുണ്ട്;കുറ്റമറ്റതായ നിഗമനമാക്കേണ്ടതുണ്ട്.ആ പ്രക്രിയയിലൂടെ തെളിയിക്കപ്പെടുമ്പോഴാണ് അതു സംബന്ധിച്ച ഏറ്റവും ശരിയായ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ അന്വേഷകന് കഴിയുക;ഒരു സിദ്ധാന്തമായി അത് അംഗീകരിക്കപ്പെടുക.

ഇത് ശാസ്ത്രത്തിൽ നിന്ന് നിത്യജീവിതത്തിലേക്ക് നാം സ്വാംശീകരിക്കുകയും അതിനുശേഷം അനുവർത്തിക്കുകയും ചെയ്യേണ്ട ഒരു രീതിയാണെന്നത് നിസ്തർക്കമാണല്ലോ.അന്ധമായി വിശ്വസിക്കുകയും എടുത്തുചാടി നിഗമനങ്ങളിൽ എത്തുകയും ചെയ്യുന്ന രീതിയുടെ അടിമകളാണ് വാസ്തവത്തിൽ സാധാരണജനങ്ങൾ.അതുകൊണ്ട് തങ്ങളുടെ ജീവിതത്തിലെ ദുരവസ്ഥകളുടെ യഥാർഥ കാരണങ്ങളിലേക്ക് എത്തിച്ചേരാൻ അവർക്ക് കഴിയാതെ പോകുന്നു.ശാസ്ത്രത്തിന്റെ രീതിയായ കാര്യ-കാരണാന്വേഷണം തങ്ങളുടെ ജീവിതത്തിൽ സ്വാംശീകരിക്കാൻ കഴിഞ്ഞാൽ,പുതിയൊരു തിരിച്ചറിവിലേക്കായിരിക്കും അത് അവരെ നയിക്കുക.പ്രശ്നങ്ങളുടെ കാരണം താനാണോ തന്റെ രീതികളാണോ/അയൽശ്രാസ്ത്രത്തെ അയൽവാസിയുടെ ജാതിയും മതവുമാണോ/അതിനപ്പുറം സമൂഹത്തിന്റെ നടത്തിപ്പ് രീതികളാണോ ,പ്രക്രുതിയുടെ വ്യതിയാനങ്ങളാണോ,മറ്റാരുടെയെങ്കിലും ഇടപെടലുകളാണോ/എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങളിലേക്ക്, ചോദ്യങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങളിലേക്ക്,പുത്തൻ തിരിച്ചറിവുകളിലേക്ക്, എല്ലാം അയാളെ നയിക്കാൻ ഈരീതി സഹായകമാകും;ഏറ്റവും ശരിയായ പ്രതികരണത്തിലേക്ക് എത്തിച്ചേരാനും അതിലൂടെ അയാൾക്ക് കഴിയും.അവബോധമുള്ള ഒരു ജനതയായിരിക്കും , ശാസ്ത്രീയമായ വിശകലന ശൈലി സ്വായത്തമാക്കിയ ഒരു ജനതയായിരിക്കും, സമൂഹത്തിന്റെ നേട്ടം. എന്തിനേയും ഏതിനേയും കാര്യ-കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണ-പരീക്ഷണങ്ങൾക്ക് വിധേയമാക്കി മാത്രം അംഗീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഒരു ജനസമൂഹം എങ്ങനെയാവും വ്യക്തി-വ്യക്തിബന്ധ തലങ്ങളിൽ പെരുമാറുകയെന്നത് ഇവിടെ ഉന്നയിക്കാവുന്ന രസകരമായ ഒരു ചോദ്യമായിരിക്കും.അതിന്റെ മറുപടി മറ്റൊരു സന്ദർഭവുമായി ബന്ധപ്പെടുത്തി ഏംഗത്സ് പരഞ്ഞതു തന്നെയാണ്.”അതിന് ശേഷിയുള്ളവരാണ് ആ ജനത എന്നതിനാൽ അപ്പോഴെങ്ങനെ വേണമെന്നു നിശ്ചയിക്കാനുള്ള ശേഷിയും അവർക്കുണ്ടായിരിക്കും;നാം അത് ചിന്തിച്ച് ബേജാറാകേണ്ടതില്ല”

മനുഷ്യരാശി ഒന്നടങ്കം ഇത:പര്യന്തം നേടിയ അറിവുകളുടെ ശ്രുംഗത്തിൽ നിൽക്കുമ്പോൾ നമ്മെ സംബന്ധിച്ചിടത്തോളം, ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളവും, ചില ഓർമ്മിച്ചെടുക്കലുകളുടെ ഒരു കാലം കൂടിയാണ് ഇത്: ഒന്ന്, ജീവജാതികളുടെ ഉല്പ്ത്തിയിൽ പരിണാമപ്രക്രിയയ്ക്കുള്ള പങ്ക് കണ്ടെത്തിയ ചാൾസ് ഡാർവിന്റെ ഇരുന്നൂറാം ജന്മവാർഷികവും അദ്ദേഹത്തിന്റെ സൈദ്ധാന്തിക ഗ്രന്ഥത്തിന്റെ പ്രസാധനത്തിന്റെ നൂറ്റി അമ്പതാം വാർഷികവും; രണ്ട്, ഗലീലിയോ, തന്റെ ടെലസ്കോപ് ആകാശത്തിന്റെ അനന്തതകളിലേക്ക് തിരിച്ചുവച്ചതിന്റെ നാന്നൂറാം വാർഷികം.ഈ അടിത്തറകളിൽ നിന്ന് വളർന്ന് വികസിച്ച ധാരകൾകൂടി ഉൾച്ചേർന്നതാണ് ശാസ്ത്രത്തിന്റെ ഇന്ന് നാം കാണുന്ന ബഹുമുഖമായ പ്രവാഹം.അവ നമ്മുടെ ബോധമണ്ഡലത്തിലും ജീവിതത്തിലും ഉണ്ടാക്കിയ പ്രകമ്പനങ്ങൾ വിപ്ലവാത്മകമായിരുന്നു.ചില ചലനനിയമങ്ങൾക്ക് അനുസ്രുതമായാണ് ഭൌതിക പ്രപഞ്ചവും ജീവപ്രപഞ്ചവും ചരിക്കുന്നതെന്നും സമൂഹവും അത്തരം ചില ചലന നിയമങ്ങൾക്ക് വിധേയമാണെന്നുമുള്ള സാമൂഹിക സിദ്ധാന്തങ്ങളെ ബലിഷ്ഠമാക്കുന്നതുകൂടിയായിരുന്നു, ഡാർവിന്റെ കണ്ടെത്തലുകൾ.ഇപ്രകാരമൊക്കെ സുപ്രധാനമായതും മനുഷ്യരാശിയെ ആകമാനം സ്വാധീനിക്കുന്നതുമായ തരത്തിൽ ശാസ്ത്രം പ്രവർത്തിച്ചതിന്റെ ഓർമ്മകൾ ഇവിടെ ഉണർത്തപ്പെടുകയാണ്.2009, അതുകൊണ്ട് അന്താരാഷ്റ്റ്ര ജ്യോതിശാസ്ത്രവർഷമായി ആചരിക്കപ്പെടുകയാണ്-അതെ: അടിത്തറയിലെ ഇഷ്ടികകളെ ലോകം അനുസ്മരിക്കുകയാണ്, മേൽ‌പ്പുരയിൽ നിന്നുകൊണ്ട്......

ശാസ്ത്രം മുൻപിൻ നോക്കതെ ഉപയോഗിക്കപ്പെടുന്നതുകൊണ്ട് വൻ തോതിൽ ജനവിരുദ്ധമാകാൻ തുടങ്ങിയത് ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധകാലത്തെ അറ്റംബോബ് പ്രയോഗം മുതലാവാം.അത്തരം ഇടപെടലുകളും ആധിപത്യങ്ങളും ഇന്ന് പല തലങ്ങളിലേക്കും വള്ര്ന്നിരിക്കുന്നു എന്നതാണ് മനുഷ്യരാശി ഇപ്പോൾ അഭിമുഖീകരിക്കുന്ന നിസ്സഹയാത.അന്തരീക്ഷതാപനന്വും കാലാവസ്ഥാവ്യതിയാനവും മറ്റും മറ്റുമായി പരിസ്ഥിതിരംഗത്തും ആരോഗ്യരംഗത്തും സാമൂഹ്യ-സാമ്പത്തിക മേഖലകളിലും അവ ഉളവാക്കുന്ന ആഘാതങ്ങൾ നമ്മുടെയൊക്കെ അനുഭവപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.പ്രക്രുതിമര്യാദകൾക്ക് വിരുദ്ധവും അതുകൊണ്ട് ജനവിരുദ്ധവുമായ ഗവേഷണങ്ങൾ അരങ്ങുതകർക്കുന്നു.ശാസ്ത്രവ്ജ്ഞാനം ഭൂരിപക്ഷത്തിന്റെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിലും ഏറെയായി ന്യൂനപക്ഷത്തിന് സുഖഭോഗത്തുരുത്തുകൾ നിർമ്മിച്ചു നൽകുന്നതിൽ വ്യാപ്രുതമായിരിക്കുന്നു:അതെ;ശാസ്ത്രവിജ്ഞാനം വേണ്ടുവോളം; എന്നാൽ ശാസ്ത്രബോധമോ, അദ്റുശ്യവും അപര്യാപ്തവും!
൨൮.3.2009
Published in 'RUBBER' Magazine of Rubber Board, Kottayam. This is the unedited version
COURTSY: KSSP



















രു














ചെയ്യേണ്ട