2012, മേയ് 27, ഞായറാഴ്‌ച


ചുവപ്പ്‌,  ചിലർക്ക്‌

കാളയല്ല;
എങ്കിലും കാള­യെ­പ്പോലെ
ചുവപ്പു കാണും­നേരം
വിറ­ളി­കൊ­ള്ളും, ചിലർ.

രക്ത­ത്തിന്റെ നിറം
ചുവ­പ്പല്ലേ?
നിറം, തരം, ഭാഷ, വേഷം, പല­തെ­ങ്കിലും
എങ്ങളെ കൊത്ത്യാലും
നിങ്ങളെ കൊത്ത്യാലും
ഒന്നല്ലേ ചോര എന്നല്ലേ?
വെള്ള­ത്തേ­ക്കാൾ
കട്ടിയും ഉണ്ട്‌;

അവർക്ക്‌ പക്ഷേ
സ്വന്തം രക്ത­ത്തെ­പ്പ­റ്റി,
രക്ത­ത്തിന്റെ ചുവ­പ്പി­നെ­പ്പറ്റി
അഭി­മാ­ന­മി­ല്ലാ­യി­രിക്കാം;
-അഭി­ജാ­തർ,
നീല­രക്തം സിര­ക­ളിലൂടെ
ഒഴു­കു­ന്ന­വ­രത്രേ:

പക്ഷേ,
ചുവപ്പിൽ,സ്വന്തം നി­റ­ത്തി­ൽ, അഭി­മാ­നി­ക്കാൻ
ചോര­യ്ക്കുള്ള അവ­കാശം,
ദയവായി ആരും
തട്ടി­ത്തെ­റി­പ്പി­ക്കരുതേ...


ശാസ്ത്ര സാഹിത്യ പരിഷത്: കേരള സമൂഹത്തിൽ അൻപത് വർഷങ്ങൾ
ശാ­സ്ത്ര­സാ­ഹിത്യ പ്രച­രണം മല­യാ­ള­ത്തിൽ`എന്ന  ലക്ഷ്യ­വു­മായി 1962 സെപ്റ്റം­ബർ 10-ന്‌ രൂപീ­കൃ­ത­മായ ശാസ്ത്ര സാഹിത്യ പരിഷത്,   നാല്പ­ത്തി­യൊൻപത്‌ വർഷ­ങ്ങ­ളിലെ അഭി­മാ­നാർഹമായ പ്രവർത്തനം പൂർത്തി­യാക്കി 2011  സെപ്റ്റം­ബർ 10-ന്‌ അൻപത്‌ വയ­സ്സി­ലേക്ക്‌, സുവർണ്ണജൂ­ബിലി വർഷ­ത്തി­ലേക്ക്‌ കട­ന്നി­രി­ക്കു­ക­യാ­ണ്‌. ഇക്കാ­ല­യ­ളവിൽ, പരിഷത് അതിന്റെ പ്രവർത്ത­ന­മേ­ഖ­ല­കളെ  ആ എളിയ ലക്ഷ്യ­ത്തിൽ നിന്ന്‌ വിപു­ലീ­ക­രി­ക്കു­കയുംവൈവി­ധ്യ­മാർന്ന ഒട്ടേറെ പ്രവർത്തന പരി­പാ­ടി­കളും തനി­മ­യാർന്ന ഒട്ടേറെ പ്രവർത്ത­ന­രീ­തി­കളും ആവി­ഷ്ക­രി­ക്കു­കയും, തന്റെ മുദ്രാവാ­ക്യത്തെ വിപ്ളവാത്മ­ക­മായി പുനർനിർണ്ണ­യി­ക്കു­കയും ചെയ്തു. അവയാകട്ടെ സമൂ­ഹ­ത്തിൽ ചെറു­ത­ല്ലാത്ത അനു­ര­ണ­ന­ങ്ങൾ ഉണർത്തി; സമൂ­ഹ­ത്തിന്‌നിര­വധി മേഖ­ല­ക­ളിൽ പുതിയ അവ­ബോ­ധവും ദിശാ­ബോധവും നൽകിഅഖി­ലേന്ത്യാ തല­ത്തിൽ തന്നെ പ്രാധാ­ന്യവും പ്രസ­ക്തി­യും ഉള്ള  ഒരു ജന­കീയ ശാസ്ത്ര പ്രസ്ഥാ­ന­മാക്കി അതിനെ ഉയർത്തി. കേരളം പോലെ­യൊരു സംസ്ഥാ­നത്ത്,  സന്ന­ദ്ധ­പ്ര­വർത്ത­ന­ത്തിന്റെ സന്ദേ­ശവും സംസ്കാ­രവും ഉയർത്തി­പ്പി­ടി­ച്ചു­കൊണ്ട്‌ഒരു സംഘടന ഇത്ര­കാ­ലവും നില­നിന്നു, ‌ എന്നത്‌, ഇന്ത്യ­യി­ലാ­ക­മാനം ഇത്ത­ര­ത്തി­ലുള്ള പ്രസ്ഥാ­ന­ങ്ങൾ പിറവി കൊള്ളാൻ അത്‌ പ്രചോ­ദ­ന­മായി എന്ന­ത്‌, നിസ്സാരമ­ല്ല.

            പിന്നി­ട്ടത്‌ സുദീർഘ­മായ ഒരു കാല­യ­ളവ് ‌തന്നെ­യാ­ണെ­ങ്കി­ലും, അൻപത്‌ വയസ്സ് ‌എന്നത്‌ ഒരു സംഘ­ട­നയെ സംബ­ന്ധി­ച്ചി­ട­ത്തോളം യുവത്വം തന്നെ­യാ­ണ്‌. ആ യുവ­ത്വ­ത്തിന്റെ ഊർജ്ജ­സ്വ­ല­തയും ആ പ്രായ­ത്തിന്റെ പ­രി­പക്വതയും  സ്വന്തം പ്രവർത്ത­ന­ങ്ങ­ളിൽ ആവാ­ഹി­ക്കാൻ കഴി­യു­ന്നുണ്ടോ, ഇക്കാലം കൊണ്ട്‌ സമൂ­ഹ­ത്തിൽ നിന്ന്‌ആർജ്ജി­ച്ചെ­ടുത്ത പ്രതീ­ക്ഷ­ക­ളോടും തന്റെ തന്നെ സാധ്യ­ത­ക­ളോടും കട­മ­ക­ളോടും നീതി പുലർത്താൻ  അതിന് കഴി­യു­ന്നു­ണ്ടോ, ഒരു സംഘ­ടന എന്ന നില­യിലുള്ള കേവ­ല­മായ ബാദ്ധ്യ­താ ­നിർവ­ഹ­ണം മാത്ര­­മായി തന്റെ പ്രവർത്ത­ന­ങ്ങൾ പോകു­ന്നു­ണ്ടോ, എന്ന­താണ് ‌സംഘടന ഈ ഘട്ട­ത്തിൽ ആത്മ­പ­രി­ശോ­ധന നട­ത്തേ­ണ്ട­ത്‌. ആ ത­ര­ത്തി­ലുള്ള സമ­ഗ്ര­മായ ഒരു പരി­ശോ­ധന നട­ത്തി­ക്കൊ­ണ്ടാവണം ജൂബിലി വർഷ­ത്തി­ലേക്കുള്ള അതിന്റെ തുടർ പ്രയാ­ണം.

             തീർച്ച­യായും പോരാ­ട്ട­ങ്ങ­ളു­ടേതു തന്നെയായി­രു­ന്നു, പരിഷത്തിന്റെ കഴിഞ്ഞ കാല­ങ്ങൾ എന്നു മാത്ര­മല്ല ഇപ്പോഴും പോരാ­ട്ട­ങ്ങ­ളുടെ പാത­യിൽ തന്നെ­യു­മാണ് ‌പരിഷത്. സംഘ­ട­ന­യുടെ സ്ഥാപ­കർ വിഭാ­വനം ചെയ്ത ലക്ഷ്യ­ത്തിൽ നിന്ന്‌ ഇന്നത്തെ രൂപ­-­ഭാ­വ­ങ്ങ­ളി­ലേക്ക്‌ പരിഷത്  വളർച്ച പ്രാപി­ച്ച­ത്‌, പുതിയ  മേഖ­ല­ക­ളി­ലേ­ക്ക്‌, പല­പ്പോഴും പുതിയ പോരാ­ട്ട രംഗ­ങ്ങ­ളി­ലേ­ക്ക്‌, സധൈര്യം കടന്നു ചെന്നും വെല്ലു­വി­ളി­കളെ നേർക്കു­നേർ അഭി­മു­ഖീ­ക­രി­ച്ചു­കൊ­ണ്ടു­മാ­ണ്‌അതേസമയം, നാടിന്റെ സമ­ഗ്രവും പുരോ­ഗ­മ­നാ­ത്മ­കവും സമ­ത്വാ­ധി­ഷ്ഠി­ത­വു­മായ പരി­വർത്തനം എന്ന   രാഷ്ട്രീ­യ­ബോ­ധം മാർഗ്ഗദർശനം നൽ­കി­യി­രുന്ന ഒരു  സ­മൂ­ഹ­ത്തിന്റെ നടു­വി­ലാണ്‌ പരിഷദ് സംഘ­ടന പിറ­വി­യെ­ടു­ത്തതും വളർച്ച കൈവ­രി­ച്ച­തും എന്നത് മറന്നുകൂടാ.എന്നാൽ ഇനി പരിഷത്തിന് സഞ്ച­രി­ക്കേ­ണ്ട­താ­യി­ട്ടുള്ള വരാ­നി­രി­ക്കുന്ന കാല­മാ­ക­ട്ടെ, ആ കാലത്തെ മുന്നോട്ട്‌  നയി­ക്കേണ്ട തല­മു­റ­യാ­ക­ട്ടെ, ഏതാണ്ട് ‌പൂർണ്ണ­മായും അരാ­ഷ്ട്രീ­യ­വൽക്ക­രി­ക്ക­പ്പെ­ട്ട­വ­രു­ടേതോ മുൻത­ല­മു­റയ്‌­ക്കു­ണ്ടാ­യി­രുന്ന രാഷ്ട്രീ­യ­ബോ­ധ­ത്തിന്റെ തുടർച്ച നഷ്ട­പ്പെ­ട്ട­വ­രു­ടേതോ ആണ്‌. വ്യക്തി­പ­ര­മായ പ്രതി­ഫ­ലേ­ച്ഛയ്ക്കു സ്ഥാന­മി­ല്ലാ­ത്ത, സാമൂ­ഹ്യ­മാ­റ്റ­ങ്ങൾക്കാ­യുള്ള സേവ­നാ­ത്മ­ക­മായ സന്ന­ദ്ധപ്ര­വർത്തനങ്ങൾ ലക്ഷ്യവും ശൈലി­യു­മായ, പരിഷത് ­പോ­ലൊരു പ്രസ്ഥാ­നത്തെ ഈ മാറി­വ­രുന്ന കാലവും തല­മു­റയും എത്ര­കണ്ട് ‌ഉൾക്കൊള്ളും എന്നത്‌, പരിഷദ് പ്രവർത്തകർ ഗൌര ര­വ­ത്തോടെ വില­യി­രു­ത്തേണ്ട ഒരു സമ­സ്യ­യാ­ണ്‌.
           
            ശാസ്ത്രവും സാങ്കേ­തി­കവി­ദ്യ­യു­മാണ്‌ പോയ­കാ­ല­ത്തിന്റെ കണ്ണു­തു­റ­പ്പി­ക്കു­കയും അതിൽ ജീവിച്ച മനു­ഷ്യരെ ശുഭാ­പ്തി­വി­ശ്വാ­സി­ക­ളാ­ക്കു­കയും ചെയ്ത ശക്തി. അക്കാ­ര്യ­ത്തിൽ അത്‌ ഒരു ആയു­ധ­ത്തിന്റെ ധർമ്മമാണ് ‌നിർവ­ഹി­ച്ച­ത്‌. മനു­ഷ്യ­രാ­ശി­യുടെ ഒന്ന­ട­ങ്ക­മുള്ള വിമോ­ചനം ശാസ്ത്ര-സാങ്കേ­തി­കവി­ദ്യയിലൂടെ സംജാ­ത­മാ­കു­മെന്ന പ്രതീക്ഷ ആ സമൂ­ഹത്തെ ആവേ­ശ­ത്തോടെ നയി­ച്ചു. എന്നാൽ    സമൂ­ഹ­ത്തിന്റെ സകലമാന മൂല്യ­സം­ഹി­ത­ക­ളിൽ നിന്നുമുള്ള വ്യക്തി­യുടെ വിമോ­ച­ന­വും സർവതന്ത്ര സ്വത­ന്ത്ര­തയുമാ­ണ് ‌ഇന്നത്തെ കാലം ശാസ്ത്ര-സാങ്കേ­തി­കവി­ദ്യയുടെ പ്രയോ­ഗ­ങ്ങ­ളിൽ നിന്നും  കാം­ക്ഷി­ക്കുന്നത്‌. ശാസ്ത്രം പുതിയ അറി­വു­ക­ളി­ലേക്കും നില­വി­ലുള്ള അറി­വു­ക­ളുടെ സൂക്ഷ്മ­മായ ഉള്ള­റ­ക­ളി­ലേക്കും സഞ്ച­രി­ച്ചു­കൊ­ണ്ടേ­യി­രി­ക്കു­മ്പോഴുംഅതിന്റെ സാങ്കേ­തി­ക­വി­ദ്യാ­പ­ര­മായ ഉപ­ല­ബ്ധി­കൾ   ഒരു വിമോ­ച­നാ­യുധ­മായ­ല്ല പ്രത്യുത ഒരു വിനോ­ദോ­പാ­ധി­യാ­യാണ്‌ ഇന്ന്‌ സാമാ­ന്യ­ജ­ന­തയ്ക്ക് ‌കര­ഗ­ത­മാ­യി­രി­ക്കു­ന്ന­ത്‌. സമൂ­ഹ­ത്തിന്റെ ഉൽക്കണ്ഠ­കൾ അതിന്‌ ഒരു പരി­ഗ­ണ­നാ­വി­ഷ­യ­മാ­കു­ന്ന­തേ­യി­ല്ല എന്ന­തി­നാൽ പരിഷത്തിന് അതിനെ സമൂ­ഹ­വി­രുദ്ധം എന്ന്‌വിമർശി­ക്കാതെ തര­മി­ല്ല. ശാസ്ത്ര­സാ­ഹി­ത്യ­പ്ര­ച­രണം ആവ­ശ്യ­മാ­യി­രുന്ന കാല­ത്തേ­തിൽ നിന്ന്‌ തുലോം വ്യത്യ­സ്ത­മാ­ണ്‌, ശാസ്ത്രവും സാങ്കേ­തി­ക­വി­ദ്യയും ഓരോ­രു­ത്ത­രു­ടേയും വ്യക്തി­ജീ­വി­ത­ത്തി­ലേ­ക്കു­വരെ ഇറ­ങ്ങി­യെത്തി സുപ­രി­ചി­ത­മായ സാന്നിദ്ധ്യ­മായിക്കഴിഞ്ഞ ഇക്കാ­ലം പരിഷത്തിനു മുന്നി­ലു­യർത്തുന്ന ­ വെല്ലു­വി­ളി. ഒരു ഭാഗത്ത്‌ മത­-­ജാ­തി­-­സ­മു­ദാ­യാ­ഭി­മാ­ന­ങ്ങൾ ഇള­ക്ക­മി­ല്ലാത്ത വിശ്വാ­സ­ങ്ങ­ളുടെ ലോകത്ത്‌ മനു­ഷ്യരെ തള­ച്ചി­ടാനും ഉറ­പ്പി­ച്ചു­നിർത്താനും ദൃഢ­പ്ര­തി­ജ്ഞ­രായി സമൂ­ഹ­ത്തിൽ വർത്തി­ക്കു­ന്നു­വെ­ങ്കിൽമറു­ഭാ­ഗത്ത്‌സാങ്കേ­തി­ക­വി­ദ്യ­ക­ളുടെ, കേവലം വിനോ­ദ­മൂല്യങ്ങൾ മാ­ത്രം ഉത്പാ­ദി­പ്പിക്കുകയും വിനിമയം ചെയ്യു­കയും ചെയ്യുന്ന ­ വശ­ങ്ങ­ളുടെ വിവേ­ച­ന­ര­ഹി­ത­മായ ­പ്ര­യോഗവും ഉപ­ഭോ­ഗവും­  മനു­ഷ്യരെ ഒരു ജീവ­ജാ­തി­യെന്ന നില­യിലും സമൂ­ഹ­ജീ­വി­യെന്ന നില­യിലും അവർ നേരി­ടുന്ന ആഗോ­ളവും ദേശീ­യവും പ്രാദേ­ശി­ക­വു­മായ പ്രശ്ന­ങ്ങ­ളിൽ നിന്നും ശ്രദ്ധ­യ­കറ്റി പരി­പാ­ലി­ക്കു­ന്നു. എന്തി­നേ­റെ, സമ­ത്വാ­ധി­ഷ്ഠി­തവും സർവ­ജ­ന­സ­മാ­ശ്ളേ­ഷി­യു­മായ വിക­സനം എന്ന സ്വപ്നം യാഥാർത്ഥ്യ­മാ­ക്കാൻ പൊരു­തിയ  ഇന്ന­ലെ­ക­ളുടെ ഇട­തു­പ­ക്ഷ­മ­ന­സ്സു­ക­ളെ­പ്പോലും മാറ്റി­യെ­ടുത്ത്‌, ഇന്നിന്റെ സൌഭാ­ഗ്യ­ങ്ങ­ളിലും സുഖ­സൌ­ക­ര്യ­ങ്ങ­ളിലും വിനോ­ദ­ങ്ങ­ളിലും മൂല്യ­ങ്ങ­ളിലും അഭി­ര­മി­ക്കു­ന്ന­വരും, വല­തു­പ­ക്ഷ­മ­ന­സ്സു­ക­ളു­മാക്കിത്തീർക്കാൻ പുതിയ കാല­ത്തിന്‌ കഴി­ഞ്ഞി­രി­ക്കുന്നു; ചോദ്യം ചെയ്യാൻ ശീലി­ക്കു­കയും സമൂ­ഹത്തെ പരി­ശീ­ലി­പ്പി­ക്കു­കയും ചെയ്ത ഇന്ന­ലെ­കളിലെ തന്റേ­ടി­കളെ ഇന്നിന്റെ സർക്കസ്സ്‌ കൂടാ­ര­ങ്ങ­ളിലെ കോമാ­ളി­ക­ളാക്കി അത്‌ മാറ്റി­യി­രി­ക്കു­ന്നു! ഇവിടെ വാഴു­ന്നത്, തങ്ങ­ളുടെ വരും തല­മുറ മാതൃ­ഭൂ­മി­യോ­ടുള്ള കൂറിലും മാതൃ­ഭാ­ഷ­യോ­ടുള്ള  ആദ­ര­വിലും സാമൂ­ഹ്യ­പ്ര­തി­ബദ്ധ­ത­യിലും സഹ­ജാത സ്നേഹ­ത്തിലും യുക്തി­ബോ­ധ­ത്തിലും ശാസ്ത്രീ­യ­വീ­ക്ഷ­ണ­ത്തിലും മതേ­ത­ര­ത്വ­ത്തിലും വളർന്നു­വ­രണം എന്ന്‌ ആഗ്ര­ഹി­ക്കാത്ത ഒരു സമൂ­ഹവും, ഭര­ണ­കൂ­ടവുമാണ്‌തങ്ങൾ അധി­വ­സി­ക്കുന്ന ഈ മണ്ണിനെ രോഗാ­തു­രവും മലി­നവുമാക്കു­ന്ന­തിലും അതിന്റെ വിഭ­വ­സ­മ്പ­ത്തു­കളെ മുച്ചൂടും കൊള്ള­യ­ടി­ക്കു­ന്ന­തിലും വേവ­ലാ­തി­ക­ളി­ല്ലാ­ത്ത ഒരു സമൂ­ഹവും, ഭര­ണ­കൂ­ടവുമാണ്‌; വിപ­ണി­യുടെ മൂല്യ­സം­ഹി­ത­യേയും കൊള്ളലാഭേ­ച്ഛ­യേയും മാത്രം എവി­ടേയും കുടി­യി­രു­ത്താൻ വെമ്പുന്ന  ഒരു സമൂ­ഹവും, ഭര­ണ­കൂ­ടവുമാണ്‌. പരിഷത്തിന്റെ ഒരു പ്രവർത്ത­ന­ത്തിനും ലഘൂ­ക­രണം അനു­വ­ദി­ച്ചു­ത­രാ­ത്ത­ തര­ത്തി­ലുള്ളതാ­ണ്‌ കേരള­ത്തിന്റെ ഈ വർത്ത­മാ­നം.  മേൽപ­റഞ്ഞ സമ­സ്യയെ അത്‌ ജടി­ലവും സങ്കീർണ്ണ­വുമാ­ക്കു­ന്നു. പരിഷത്തിനെ അത് പോരാ­ട്ട­ങ്ങ­ളുടെ പാത­യിൽ തന്നെ നില­യു­റ­പ്പി­ക്കാൻ നിർബ­ന്ധി­ത­രാ­ക്കു­ന്നു; കരു­ത്താർജ്ജി­ക്കുക അല്ലെ­ങ്കിൽ കീഴ­ട­ങ്ങുക എന്ന്‌കല്പി­ക്കു­ന്നു.

            ഈ ഒഴു­ക്കി­നെ­തി­രെ­യാണ്‌ പരി­ഷത്തിന്‌ തുഴയാനുള്ളത്‌.  ഈ ഒഴു­ക്കി­നെ­തി­രെ­യാണ്‌വേണം മറ്റൊരു സാമൂ­ഹ്യ­ക്രമം എന്ന്‌ ഉറക്കെ വിളിച്ചു പറ­ഞ്ഞു­കൊണ്ട്‌ പരിഷത് ഇക്കാ­ലം മുഴു­വൻ തുഴ­ഞ്ഞി­രു­ന്ന­ത്‌. ആ മുദ്രാ­വാ­ക്യത്തെ  കുറേ­ക്കൂടി മൂർത്ത­മായി അവ­ത­രി­പ്പി­ക്കാൻ ഇക്ക­ഴിഞ്ഞ വർഷം പരിഷത്തിന് കഴി­ഞ്ഞു എന്നത്‌ അതിന്റെ ചരി­ത്ര­ത്തിലെ തന്നെ ഒരു നാഴി­ക­ക്ക­ല്ലാണ്‌.  ആ പ്രവർത്തനം ആരൊക്കെ കണ്ടി­ല്ലെന്നു നടി­ച്ചാലും അവി­ട­വിടെ ഓള­ങ്ങളും ചുഴി­കളും സൃഷ്ടി­ക്കുകയും അത് ‌ചില പ്രവ­ണ­ത­ക­ളിൽ നിശ്ച­യ­മായും ഉൾക്കി­ടിലം വിത­ക്കുകയും ചെയ്തു. അതിന് ‌പരിഷത്  പ്രയോ­ഗിച്ച സംസ്ഥാ­ന­തല പദ­യാത്ര എന്ന ഉപാ­ധി­യാ­ക­ട്ടെഉള്ള­ട­ക്കവും ഉപാ­ധിയും സമ­ഞ്ജ­സ­മായി സമ്മേ­ളിച്ച ഒരു പ്രവർത്ത­ന­വുമാ­യി­.  അതിന്റെ ഉള്ള­ട­ക്ക­ത്തിന്റെ പ്രക്ഷോ­ഭ­ സ്വ­ഭാ­വ­ത്തിന്‌ പദ­യാ­ത്ര­യേ­ക്കാൾ അനു­യോ­ജ്യ­മായ  ആവി­ഷ്കാ­ര­രൂപം മറ്റൊന്നുണ്ടായിരുന്നില്ല തന്നെ.  അപൂർവ­മായി മാത്രം ആവി­ഷ്ക­രി­ക്കാനും സംഘ­ടി­പ്പി­ക്കാനും കഴിയുന്ന ഈ പ്രവർത്ത­നം, സംഘ­ട­ന­യെ സംബ­ന്ധി­ച്ചി­ട­ത്തോളം  ആത്മവി­ശ്വാ­സ­ജ­ന­കം തന്നെയാണ്;വരാ­നി­രി­ക്കുന്ന കാല­ങ്ങ­ളു­യർത്തുന്ന വെല്ലു­വി­ളി­ക­ൾ നെരിടുന്നതിനുള്ള ഒരു ചവിട്ടുപടിയുമാണ്.  കഴി­ഞ്ഞ­കാ­ലാ­നു­ഭ­വ­ങ്ങ­ളുടെ കരു­ത്തിൽകൈവ­രി­ക്കാൻ കഴിഞ്ഞ സംഘ­ട­നാ­പ­ര­മായ മിക­വിന്റെ ആത്മ­വി­ശ്വാ­സ­ത്തിൽ, ­കാത്തിരിക്കുന്ന പ്രതിബന്ധങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയാവബോധത്തിന്റെ വഴിവെളിച്ചത്തിൽ  അടുത്ത അരനൂറ്റാണ്ടിനേയും അർത്ഥവത്താക്കാൻ പരിഷത്തിനു കഴിയട്ടെ. ലക്ഷ്യങ്ങളുടെ പൂർത്തീകരണം ഏറെ അകലെയല്ലാതെയാകട്ടെ.

2012, മേയ് 2, ബുധനാഴ്‌ച


കേഴുക പ്രിയ നാടേ
കേഴുക പ്രിയ നാടേ - നീ
നേടിയതെല്ലാമുജ്ജ്വലമെന്നു
നിനയ്‌ക്കരുതെൻ നാടേ
പിന്നിട്ടൂ നീ ദുർഗമമാം പല
പാതകളെന്നാലും
പിന്നിടുവാനിനിയുള്ളവ ദീർഘം,
കാലം കഠി­നതരം

ജീവിതഗുണതയി,ലക്ഷരവിദ്യയി-
ലറിവിൽ കഴിവുകളിൽ
ഉലകെങ്ങും പുകൾ പൊങ്ങും മികവുകൾ
നമുക്കു തനതെന്നാൽ
നേടീ,യിതുവരെയാരും നേടാ-
ക്കനവുകൾ പലതെന്നാൽ
അവ നിലകൊള്ളുമടിത്തറ ദുർബല-
മെന്നറിയൂ നാടേ
കേഴുക പ്രിയ നാടേ

മണ്ണിനെ മാഫിയകൾക്കും, മണ്ണിൻ
മൊഴി മറുമൊഴികൾക്കും
പെണ്ണിനെയളവുകളതിരുകളില്ലാ
കാമാതുരതയ്ക്കും
മാനവസാഹോദര്യത്തെ മത- 
വെറിവൈരങ്ങൾക്കും
മുപ്പതു വെള്ളിക്കാശിനു കൂട്ടി-
ക്കൊടുത്തു നാം നാടേ
കേഴുക പ്രിയ നാടേ

ആർത്തികളാസക്തികളാത്മാവിൽ
കാടുവളർത്തുകയായ്‌-പണ്ടേ
തുടച്ചു നീക്കിയ കാടത്തങ്ങൾ
തഴച്ചു വളരുകയായ്‌ - വീണ്ടും
കട്ടിയിരുട്ടിൻ കോട്ടകൾ വാനം
മുട്ടെ പൊങ്ങുകയായ്‌ - കാലം
നമുക്കു­ നല്കിയ ബോധനിലാവിനെ-
യിരുട്ടു തിന്നുകയായ്‌ - നമ്മുടെ
ശുഭ പ്രതീക്ഷക,ളടിപതറി തിര-
മാലയിലുലയുകയായ്‌
കേഴുക പ്രിയ നാടേ

പടുത്തുയർത്താം പ്രതിരോധത്തിൻ
പടയണി വൈകാതെ - നാടിൻ
നടപ്പുരീതികളഴിച്ചു പണിയാ-
നണയാം വൈകാതെ
മറ്റൊരു കേരളമിവിടെപ്പുലരാ-
നുണർന്നെഴുന്നേല്ക്കാം
ഉണർന്നിടേണ്ടവരുറക്കമെങ്കിൽ
വിളിച്ചുണർത്തീടാം


 പുതിയ കേരളം പിറക്കണം
ഒരു ധീരനൂതനകേരളത്തിന്നരു-
ണോദയമരികെ കിനാവു കണ്ടു, നമ്മ-
ളണിചേർന്നു മുന്നേറിയെത്തിയതീ
ബഹുദൂരം പിന്നിലെയിരുളിലെന്നോ?
ഒരു നവ സംസ്കൃതിയ്ക്കായ്‌ പൊരുതി
നമ്മളൊടുവിൽ കിരാതരായ്‌ തീർന്നുവെന്നോ?

കാലം, ഇതാസുരകാല,മീ നാടിന്റെ
നേരുകൾ,നെറികൾ, മറഞ്ഞകാലം;
ഒരുപാടു  നരകങ്ങളിഹലോകജാതരെ 
പലപാടു ദുരിതങ്ങൾക്കിരയാക്കും കാലം;
തകരുന്നു മൂല്യങ്ങൾ, പെരുകു,ന്നധർമ്മങ്ങൾ
സ്വാർത്ഥാടനം പുതിയകാല പ്രമാണം!
കൂർത്ത നഖങ്ങളിൽ കോർത്തു പറക്കു-
വാനണയുന്ന കഴുകന്റെ ചിറകൊച്ച ചാരെ

മദം പൊട്ടി നില്പ്പൂ മതങ്ങൾ;
മദം പൊട്ടി നില്പ്പൂ മതങ്ങൾ; തഴയ്ക്കുന്നു-
കൺകളിൽ കത്തികൾ;  വേവുന്നു- 
കരളുകൾ തോറും കൊടും വിഷം;  ചുരമാന്തി-
യുണരുന്നധോലോക വാസനകൾ....
ചിതലരിക്കുന്നൂ, സഹജാതസ്‌നേഹം,
ചിതയിലെരിയുന്നൂ, സമത്വാവബോധം;
ഇവിടെ വാഴ്‌വതും വാഴ്ത്തപ്പെടുന്നതും 
കരുണയില്ലാത്ത കമ്പോള വേദം.

അല്ലിതല്ല നമ്മളാരുമാഗ്രഹിച്ച കേരളം
അമര,രഗ്രഗാമികൾ നമുക്കു തന്ന കേരളം
ഇനി വരുന്ന തലമുറയ്ക്കു വേരിടാൻ, തളിർക്കുവാൻ
അല്ലിതല്ല, നമ്മൾ പണിതു നൽകിടേണ്ട കേരളം
വേണം,വേണമിവിടെ വേണംവേണം,പുതിയ കേരളം;
വേണമിവിടെ വേണം,വേണംവേണം,മറെറാരു കേരളം
നൂറുകാതം പിന്നിലേ,യ്ക്കിരുൾയുഗങ്ങൾ തന്നിലേയ്ക്ക്‌
വഴി നടത്തുവോരിൽ നിന്നു നാട്‌ മുക്തി നേടണം
സ്ഥിതിസമത്വം, യുക്തിചിന്ത,ശാസ്ത്രബോധമെന്നിവ
അസ്തിവാരമിട്ട പുതിയ കേരളം പിറക്കണം.
വേണം,വേണമിവിടെ വേണംവേണം,പുതിയ കേരളം;
വേണമിവിടെ വേണം,വേണംവേണം,മറെറാരു കേരളം