2010, ജൂൺ 6, ഞായറാഴ്‌ച

ഭൂമി-ഒരേയൊരു ഭൂമി

• ലോക പരിസ്ഥിതിദിനം പ്രമാണിച്ച് ശാസ്ത്രസാഹിത്യ പരിഷത് പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമിഗീതങ്ങളുടെ കാസറ്റിന്റെ ആമുഖവിവരണം തയ്യാറാക്കാനുള്ള ഒരു അവസരം കിട്ടി. വ്യക്തിപരമായിതന്നെ എനിക്ക് ഏറ്റവും താത്പര്യമുള്ള ഒരു വിഷയമാണ് ഇത്- ശരിക്കു പറഞ്ഞാൽ പ്രൊഫ. എസ്. ശിവദാസിന്റെ ‘കീയോ കീയോ’ വായിച്ച കാലം മുതൽ മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒരു വിഷയമായി കൂടെയുണ്ട്. ‘റബർ’ മാസികയിൽ ഞാൻ കൈകാര്യം ചെയ്തുവരുന്ന പംക്തിയിലും ഏറ്റവും പരാമർശിക്കപ്പെട്ട വിഷയം ഇതു തന്നെ. അതുകൊണ്ട് വിവരണം തയ്യാറാക്കുക എളുപ്പമായിരുന്നു. പക്ഷേ പറഞ്ഞുവന്നപ്പോഴോ, അല്പം ദൈർഘ്യം കൂടിപ്പോയി. അതുകൊണ്ട് ചെത്തിച്ചുരുക്കിയ രൂപമാണ് റിക്കാർഡ് ചെയ്തത്. പൂർണ്ണരൂപം, ഈ വഴി വരുന്നവർക്കായി ഇവിടെ ചേർക്കുന്നു.

ഭൂമി-ഒരേയൊരു ഭൂമി:
അറിയപ്പെട്ടിടത്തോളം, ഈ മഹാപ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരിടം;
ഇവിടെ മാത്രമേ ജീവൻ എന്ന പ്രതിഭാസത്തിന് കിളിർക്കാനും തളിർക്കാനും വളരാനും പടരാനും അനുയോജ്യമായ അന്തരീക്ഷമുള്ളു;
താപനിലയുള്ളു;
പ്രാണവായുവും ജലവുമുള്ളു;

-ചുരുക്കത്തിൽ ഈ ഭൂമി പോലെ ഈ ഭൂമി മാത്രം!

ആരുടെയാണീ ഭൂമി?
-അത്, ഒറ്റപ്പെട്ട കുറേ വ്യക്തികളുടെ മാത്രം സ്വത്തല്ല;
-ഏതെങ്കിലും ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തുമല്ല;
-എന്തിന്, ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും കൂട്ടുസ്വത്തുപോലുമല്ല അത്!

കാരണം, ജീവപരിണാമത്തിന്റെ സിദ്ധാന്തങ്ങളനുസരിച്ച്, ഭൂമിയിൽ ഏറ്റവും അവസാനത്തേതായി ഉരുത്തിരിഞ്ഞുവന്ന ജീവിവർഗ്ഗമാണ്, മനുഷ്യൻ.
ഇന്നു കാണായ സകല ജീവജാതികളും നമുക്കു മുന്നേ ഇവിടെ ഉണ്ടായതാണ്. -അതുകൊണ്ട് അവരുടേതുകൂടിയാണ് ഈ ഭൂമി.
അവരുടേതു മാത്രമല്ല, ഇനി വരാനിരിക്കുന്ന തലമുറകളുടേതും ഇനിയും ഉരുത്തിരിയാനിരിക്കുന്ന ജീവിവർഗ്ഗങ്ങളുടേതും കൂടിയാണ് അത്.
അതായത്, ഭൂമിയുടെ ഒരേയൊരു അവകാശിയല്ലെന്നുമാത്രമല്ല,
അതിന്റെ ആദ്യത്തേയോ രണ്ടാമത്തേയോ മൂന്നാമത്തേയോ പോലും അവകാശികളല്ല മനുഷ്യർ!

മനുഷ്യർ ഭൂമിയുടെ ഗുണഭോക്താക്കൾ മാത്രമാണ്;
നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പട്ടതായി അതിനെ വരും തലമുറയ്ക്ക് കൈമാറാൻ ബാദ്ധ്യതപ്പെട്ടവർ…

എന്നാൽ നമ്മുടെ ഇന്നത്തെ ഭൂവിനിയോഗ ശൈലി ഈ ഉത്തരവാദിത്തം പാടേ മറന്നുകൊണ്ടുള്ളതാണ്.
അമിതമായ ഉപഭോഗാസക്തിയാൽ നയിക്കപ്പെടുന്ന വികസന ഭ്രാന്തിന്റേതാണ് ആ ശൈലി.
ഇതര ജീവജാതികൾ ഭൂമിയുമായി സഹവസിക്കുക മാത്രം ചെയ്യുമ്പോൾ നമ്മൾ സർവാധികാരികളായി ഭൂമിയ്ക്കു മേൽ അധീശത്വം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഇടപെടലുകൾ ഭൂമിയുടെ സഹജപ്രകൃതം തന്നെ മറ്റിമറിക്കുന്നു.
മണ്ണും മരവും ജലവും ധാതുവിഭവങ്ങളും നമ്മുടെ അതിരുകടന്ന വികസനത്വരയുടെ ഇരകളായിത്തീർന്നിരിക്കുന്നു.
“ഇക്കാണായതെല്ലാം മനുഷ്യനു വേണ്ടിയുള്ളതാണ്”- നാം അഹങ്കരിക്കുന്നു; “അതുകൊണ്ട് എല്ലാറ്റിനേയും നമുക്ക് കവർന്നെടുക്കാം, ഇടിച്ചുനിരത്താം,
വെട്ടിപ്പൊളിക്കാം, തുരന്നെടുക്കാം,
തകർത്ത് തരിപ്പണമാക്കാം…;
എന്നിട്ട് നിർമ്മിക്കാം എടുപ്പുകൾ, പാതകൾ, ഖനികൾ,
അണക്കെട്ടുകൾ, തുരങ്കങ്ങൾ..”
-നാം ഊറ്റം കൊള്ളുന്നു….

ഈ ഭ്രാന്തവും സ്വാർത്ഥലാഭാധിഷ്ഠിതവുമായ വികസന നെട്ടോട്ടത്തിൽ നമ്മുടെ പ്രകൃതിവിഭവസമ്പത്ത് മുച്ചൂടും മുടിഞ്ഞുപോകുകയാണ്:
ജൈവവൈവിദ്ധ്യം അപ്രത്യക്ഷമാവുകയാണ്:
ഭക്ഷ്യസുരക്ഷ സന്ദിഗ്ദ്ധമാവുകയാണ്;
ജീവിച്ച് ജീവിച്ച് നമ്മൾ ഈ ഭൂമിയെ ജീവിതയോഗ്യമല്ലാതാക്കുകയാണ്;
അങ്ങനെ, ഇതരജീവജാലങ്ങളെ അപേക്ഷിച്ച്, മനുഷ്യൻ, ഭൂമിയ്ക്ക് പറ്റിയ ഒരു അബദ്ധമായി മാറിയിരിക്കുകയുമാണ്…

നമ്മുടെ ഭൂവിനിയോഗരീതികളുടെ അശാസ്ത്രീയത തിരിച്ചറിയാൻ നാം വളരെ വൈകിയിരിക്കുന്നു.
ഈ ഭൂമിയെ - ഒരേയൊരു ഭൂമിയെ - സംരക്ഷിച്ചുകൊണ്ടുമാത്രമേ നമുക്കും നമ്മുടെ ചുറ്റുപാടുമുള്ള അസംഖ്യം ജീവജാതികൾക്കും സസ്യജാലങ്ങൾക്കും നിലനില്പുള്ളു. അതുകൊണ്ട്, ഭൂമിയുടെമേൽ അതിന്റെ പാരിസ്ഥിതിക സുസ്ഥിരത നിലനിർത്തിക്കൊണ്ടുള്ള രൂപാന്തരണപ്രവർത്തനങ്ങൾ മാത്രമേ വികസനത്തിന്റെ പേരിൽ ആകാവൂ;
ജൈവ സന്തുലിതാവസ്ഥയുടെ പുന:സ്ഥാപനത്തിൽ ഊന്നുന്ന ഭൂവിനിയോഗ വ്യവസ്ഥയേ നടപ്പിലാക്കാവൂ;
അവയുടെ മേൽ സമൂഹത്തിന് ഉത്തരവാദിത്വവും നിയന്ത്രണവും ഉണ്ടായേ മതിയാവൂ.

ഈ അർത്ഥത്തിൽ രൂപപ്പെടുത്തിയ, “ഭൂമി നമ്മുടെ പൊതുസ്വത്ത്” എന്ന മുദ്രാവാക്യം മുൻ നിർത്തി നിരവധി പ്രവർത്തനപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്.
ഈ സന്ദേശം കൂടുതൽ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയിട്ടുള്ള വിവിധങ്ങളായ പ്രചരണ മാധ്യമങ്ങളിലൊന്നാണ് “ഭൂമിഗീതങ്ങൾ” എന്ന ഈ ഗാനശേഖരം.
നിലവിലുള്ള ഭൂവിനിയോഗരീതികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികദുരന്തങ്ങളെ സംബന്ധിച്ച ചില ചില ഉൽക്കണ്ഠകളെ,, നേരിയതോതിലെങ്കിലും നമ്മുടെ സമൂഹത്തിൽ ഉണർത്താൻ ഇതിലെ ഗാനങ്ങൾ പര്യാപ്തമാവും എന്ന പ്രതീക്ഷയോടെ, കേരള ശാസ്ത്ര സാഹിത്യ പരിഷത് അവതരിപ്പിക്കുന്നു, “ഭൂമിഗീതങ്ങൾ”.