1992ൽ റിയോയിൽ നടന്ന ആദ്യ ഭൗമഉച്ചകോടിയെ
തന്റെ ലഘുപ്രസംഗം കൊണ്ട് പ്രകമ്പനം കൊള്ളിച്ച ഒരു കൊച്ചു പെൺകുട്ടിയുണ്ട്. സെവേൺ
സുസുക്കി എന്ന പന്തണ്ട് വയസ്സുകാരി. ഇരുപത് വർഷങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ റിയോ+20
ഉച്ചകോടിയുടെ ഉദ്ഘാടന വേദിയും, അതുപോലെ മറ്റൊരു പെൺകുട്ടിയുടെ പ്രസംഗത്തിന് സാക്ഷിയായി. ന്യൂസിലന്റിലെ ഒരു സ്കൂൾ
വിദ്യാർത്ഥിനിയായ ബ്രിട്ടനി ട്രിൽഫോർഡ് ആണ് ആ പെൺകുട്ടി. ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ
പ്രസംഗിക്കവേ ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടരി ബാൻ കി മൂൺ ബ്രിട്ടനിയുടെ പ്രസംഗത്തെ
പരാമർശിച്ചു എന്നതിൽ നിന്നും അതുളവാക്കിയ ചലനം സ്പഷ്ടം.
പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ.
“……………………. എന്റെ പേര് ബ്രിട്ടനി ട്രിൽഫോർഡ്. ഒരു കുട്ടി.
പതിനേഴ് വയസ്സാണ് എനിക്ക്; ഇന്ന് ഈ നിമിഷത്തിൽ ഞാൻ എല്ലാ കുട്ടികളുമാണ്.നിങ്ങളുടെ
കുട്ടികൾ. ലോകത്തിന്റെ മൂന്ന് ശതകോടി കുട്ടികൾ. ഈ ഹ്രസ്വനിമിഷത്തേക്ക് എന്നെ ഈ ലോകത്തിന്റെ
പാതി എന്ന് സങ്കൽപിച്ചാലും.
ഹൃദയത്തിൽ എരിയുന്ന തീയുമായാണ് ഞാൻ ഇവിടെ നിൽക്കുന്നത്.ഈ ലോകത്തിന്റെ
അവസ്ഥയിൽ എനിക്ക് സംഭ്രമവും രോഷവുമുണ്ട്.ഈ അവസ്ഥയെ മാറ്റിമറിക്കുന്നതിന് ഈ സന്ദർഭത്തിൽ
നാമെല്ലാം കൂട്ടായി പ്രവർത്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.നാം തന്നെ സൃഷ്ടിച്ച പ്രശ്നങ്ങൾക്ക്,
ഒരു കൂട്ടായ്മയെന്ന നിലക്ക് പരിഹാരം കണ്ടെത്തുന്നതിനാണ് നാമെല്ലാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്;
നമുക്ക് ഒരു ഭാവി ഉണ്ട് എന്ന് ഉറപ്പ് വരുത്താനും.
ദാരിദ്ര്യത്തിന്റെ ലഘൂകരണവും പരിസ്ഥിതിയുടെ സുസ്ഥിരതയുമെല്ലാം
നിങ്ങളും നിങ്ങളുടെ ഭരണകൂടങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.കാലാവസ്ഥാവ്യതിയാനത്തിനെതിരെ
പൊരുതാമെന്നും ശുദ്ധജലവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്താമെന്നും നിങ്ങൾ വാഗ്ദാനം ചെയ്തു
കഴിഞ്ഞു.ബഹുരാഷ്ട്ര കോർപ്പൊറേഷനുകളാകട്ടെ, പരിസ്ഥിതിയെ ആദരിക്കാമെന്നും അവരുടെ ഉൽപാദനപ്രവർത്തനങ്ങളിൽ
ഹരിതപ്രക്രിയകൾ സ്വീകരിക്കാമെന്നും അവരുളവാക്കിയ മലിനീകരണത്തിന് പ്രായശ്ചിത്തം ചെയ്യാമെന്നുംഇതിനകം
പ്രതിജ്ഞയെടുത്തിട്ടുണ്ട്. അതെ; ഈ വാഗ്ദാനങ്ങളെല്ലാം നൽകപ്പെട്ടിട്ടുണ്ട്. ഏന്നിട്ടും ഇപ്പോഴും അപകടത്തിൽ തന്നെയാണ് നമ്മുടെ
ഭാവി.
സമയം മിടിച്ചുകൊിരിക്കുകയാണെന്നും അതിവേഗം ഓടിത്തീർന്നുകൊണ്ടിരിക്കുകയാണെന്നും ബോധ്യമുള്ളവരാണ്, നാമെല്ലാം. നിങ്ങളുടെ കുഞ്ഞുങ്ങളുടെ, എന്റെ കുഞ്ഞുങ്ങളുടെ, എന്റെ കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങളുടെ വിധി നിണ്ണയിക്കാൻ നമുക്ക് മുന്നിൽ
72 മണിക്കൂറുകൾ ഉണ്ട്.ഞാനിതാ നാഴികമണി ചലിപ്പിക്കാൻ തുടങ്ങുകയാണ്. ടിക്..,ടിക്..,ടിക്..
നമുക്ക് ഇരുപത് വർഷം പുറകിലേക്ക് ഒന്ന് ചിന്തിച്ച് നോക്കാം.
ഞാൻ എന്റെ മാതാപിതാക്കളുടെ കണ്ണുകളിൽ ഒരു ഇംഗിതം എന്ന അവസ്ഥയിൽ പോലും ഉരുത്തിരിയുന്നതിനും
വളരെ മുൻപുള്ള കാലത്തേക്ക്, ഇവിടെ 1992ൽ ആദ്യ ഭൌമ ഉച്ചകോടിക്കായി ജനങ്ങൾ ഒത്തുചേർന്ന
ഈ റിയോയിലേക്ക്, നമ്മുടെ ചിന്തയെ ഒന്ന് പിൻ നടത്താം. മാറ്റങ്ങൾ അനിവാര്യമാണ് എന്ന്
ആ ഉച്ചകോടിയിൽ പങ്കെടുത്ത ആളുകൾക്ക് അറിയാമായിരുന്നു. നമുക്ക് ചുറ്റും നമ്മുടെ
എല്ലാ വ്യവസ്ഥകളും പരാജയപ്പെടുകയും തകർന്നുകൊണ്ടിരിക്കുകയുമായിരുന്നു. ഈ വെല്ലുവിളികളെ വകവച്ചുകൊടുത്ത് കൂടുതൽ മെച്ചപ്പെട്ട
എന്തിനെങ്കിലും വേണ്ടി പ്രവർത്തിക്കാനും കൂടുതൽ മെച്ചപ്പെട്ട എന്തിനെങ്കിലും വേണ്ടി
സ്വയം സമർപ്പിക്കാനും വേണ്ടി ആയിരുന്നു, ഈ ജനങ്ങളാകെ വന്നുചേർന്നത്.അവർ മഹത്തായ വാഗ്ദാനങ്ങൾ
മുന്നോട്ട് വച്ചു; വാഗ്ദാനങ്ങൾ, വായിക്കുമ്പോഴൊക്കെയും പ്രത്യാശാഭരിതയായിരിക്കാൻ ഇപ്പോഴും എന്നെ അനുവദിക്കുന്നവ.ഈ വാഗ്ദാനങ്ങളാകെയും
ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ലംഘിക്കപ്പെട്ടിട്ടില്ല, പക്ഷെ, ശൂന്യമാണ് ഇന്ന് അവ......
ഞങ്ങൾ, അടുത്ത തലമുറ, മാറ്റങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങൾ നടപടികൾ
ആവശ്യപ്പെടുന്നു.അപ്പോൾ ഞങ്ങൾക്ക് ഒരു ഭാവി
ലഭിക്കും. ആ ഭാവിക്ക് ഉറപ്പ് ഉണ്ടായിരിക്കുകയും ചെയ്യും.ഞങ്ങൾ വിശ്വാസമർപ്പിക്കുകയാണ്,
നിങ്ങൾ വരുന്ന 72 മണിക്കൂറുകളിൽ മറ്റെല്ലാ താത്പര്യങ്ങൾക്കും ഉപരിയായി ഞങ്ങളുടെ താത്പര്യങ്ങളെ
പ്രതിഷ്ഠിക്കുമെന്നും ധീരമായി ശരി ചെയ്യുമെന്നും. ദയവായി നേതൃത്വം നൽകുക. നേതാക്കൾ
നേതൃത്വം നൽകുക തന്നെ വേണമെന്നാണ് എന്റെ ആഗ്രഹം.
എന്റെ ഭാവിക്കുവേണ്ടി സമരം ചെയ്യാനാണ് ഞാൻ ഇവിടെ. അതുകൊണ്ടു
തന്നെയാണ് ഞാൻ ഇവിടെ. നിങ്ങൾ എന്തുകൊണ്ടാണ് ഇവിടെയെന്നും എന്താണ് നിങ്ങൾക്ക് ചെയ്യാൻ
കഴിയുകയെന്നും നിങ്ങളോട് തന്നെ ചോദിച്ചുകൊണ്ട്
അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
- നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്
നിങ്ങളുടെ മുഖം രക്ഷിക്കാനോ, അതോ ഞങ്ങളെ രക്ഷപ്പെടുത്തുവാനോ?:
(ശാസ്ത്രഗതി മാസികയ്ക്ക് വേണ്ടി-2012 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധപ്പെടുത്തി)