2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച
RIGHTS OF MOTHER EARTH/ഭൂമിയുടെ അവകാശങ്ങൾ
ഭൂമിയുടെ അവകാശങ്ങൾ
ധാരാളമായി ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞ ഒരു വിഷയമാണ്,
നമ്മുടെ ഈ കാലഘട്ടത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിൽ സംഭവിച്ച
ഇടർച്ചകളും ധാർമ്മികച്യുതിയും എന്നത്.
പാളിച്ചകൾ ഉണ്ടായത് വാസ്തവത്തിൽ പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിലാണ്
എന്ന വസ്തുതയാകട്ടെ, ഏറെ തലപുകഞ്ഞുള്ള ചർച്ചകളൊന്നും കൂടാതെ
ഏവർക്കും ബോധ്യമുള്ളതുമാണ്.
പ്രകൃതിയോട് നമ്മുടെ പൊതുവിലുള്ള പെരുമാറ്റം വളരെ അധാർമ്മികമാവുകയും
പ്രകൃതി വിഭവങ്ങളോടും വിഭവ സ്രോതസ്സുകളോടും ജൈവ വൈവിധ്യത്തോടുമുള്ള നമ്മുടെ സമീപനം വളരെ അശാസ്ത്രീയമാവുകയും ചെയ്തു.
നമ്മുടെ പൌരാണികർ ഭൂമിയെ ഇത്തരത്തിൽ ചൂഷണോപാധിയായി കണ്ടവരല്ല.
ഗുഹാജീവിയായി പ്രകൃതിയോടിണങ്ങി കാലം കഴിച്ചിരുന്ന ആദിമ ഘട്ടത്തിൽ നിന്ന് ആത്യാധുനികതയിലേക്ക് ക്രമാനുഗതമായി കൈവരിച്ച വികാസത്തിന് ഒപ്പം
സംഭവിച്ചതാണ്, പ്രകൃതിയോടുള്ള നമ്മുടെ സമീപന മാറ്റവും.
അതാകട്ടെ, ഈ ഭൂമി നമുക്ക് പാർക്കാൻ ലഭ്യമായിട്ടുള്ള ഒരേയൊരു ഗ്രഹമാണെന്ന ബോധത്തെപ്പോലും ധിക്കരിക്കുന്ന മനോഭാവത്തിലെത്തിയിരിക്കുന്നു, ഇന്ന്.
പ്രകൃതിയല്ല, മനുഷ്യന്റെ പ്രവർത്തികളാണ് പ്രകൃതിപ്രതിഭാസങ്ങളുടെ തീവ്രത നിർണ്ണയിക്കുന്നത്
എന്ന സ്ഥിതിവിശേഷം പോലും സംജാതമായി.
പ്രകൃതിയാകട്ടെ, നമ്മുടെ അനർത്ഥങ്ങളുടെ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ പറ്റി
ചെറുതല്ലാത്ത സൂചനകൾ നമുക്ക് നൽകിയും കഴിഞ്ഞു.
ഇനി നമ്മുടെ ഊഴമാണ്.
നാം എന്തു ചെയ്യാൻ പോകുന്നു?
ഭൂമിയോട് പാരമ്പര്യമായിത്തന്നെ രണ്ട് വിധത്തിലുള്ള സമീപനങ്ങൾ
മനുഷ്യരാശി വച്ചു പുലർത്തുന്നതായി കാണാം.
ഒന്ന്, ഭൂമിയെ ഈശ്വരതുല്യയായി-ഒരു ദേവിയെപ്പോലെയോ മാതാവിനെപ്പോലെയോ-
നോക്കിക്കാണുന്ന, ആരാധിക്കുന്ന രീതി.
മറ്റൊന്ന് ഭൂമി നമുക്ക് സ്വേച്ഛ പോലെ അനുഭവിക്കാൻ സൃഷ്ടിക്കപ്പെട്ടതാണ് എന്ന
അവകാശാധിഷ്ഠിതമായ രീതി.
എന്നാൽ ഇതിൽ ആദ്യത്തേത് കേവല കാൽപനികതയുടെ തലത്തിൽ ഒതുങ്ങുകയും
രണ്ടാമത്തെ രീതി പൊതുസമ്മതി കൈവരിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്
നമ്മുടെ സമകാല യാഥാർത്ഥ്യം.
ഭൂമിയെച്ചൊല്ലി കേഴാൻ, ഭൂമിക്കായി ഒരു ചുവട് വയ്ക്കാൻ
ആരുമില്ല എന്ന ഈ അവസ്ഥ നിലനിൽക്കുമ്പോഴാണ്,
ചുറ്റുപാടും വ്യാപിച്ചുകൊണ്ടിരിക്കുന്ന അന്ധതമസ്സിൽ തീർത്തും വ്യത്യസ്തമായ ഒരു നിലപാടിന്റെ
ചെറുതിരി കൊളുത്തിക്കൊണ്ട് തെക്കേ അമേരിക്കയിലെ ബൊളീവിയ എന്ന കൊച്ചു രാജ്യം
മുന്നോട്ട് വന്നിരിക്കുന്നത് -ഭൂമിക്ക് ചില അവകാശങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുകയും
അവ സംരക്ഷിക്കുന്നതിനുള്ള ഒരു നിയമത്തിന് രൂപം കൊടുക്കുകയും ചെയ്തുകൊണ്ട്!
വിപ്ലവാത്മകമായ പല മുന്നേറ്റങ്ങൾക്കും അരങ്ങൊരുക്കിക്കൊണ്ട്
ചരിത്രത്തിൽ പണ്ടേ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞ രാജ്യമാണ് ബൊളീവിയ.
ഭൂമിയെ അമ്മയും ദേവിയുമായി ആരാധിക്കുന്ന കൂട്ടത്തിലാണ് ബൊളീവിയക്കാർ .
പച്ചാമാമ (Pachamama) എന്നാണ് അവർ ഭൂമിയെ വിളിക്കുന്നത്.
കേവലം ഭൂമി എന്നല്ല, ഭൂമിമാതാവ് എന്നു തന്നെയാണ് അവരുടെ ഭാഷയിൽ അതിനർത്ഥം.
ജീവിതവും ഭക്ഷണവും സംരക്ഷണവും നൽകുന്ന മാതാവായി
പച്ചാമാമയെ അവർ കാണുന്നു.
അവരെ സംബന്ധിച്ചിടത്തോളം ഭൂമാതാവ് പരിശുദ്ധയും ഉർവ്വരയും ജീവന്റെ ഉറവിടവുമാണ്.
തന്റെ ഗർഭപാത്രത്തിൽ എല്ലാ ജീവരൂപങ്ങളേയും ഊട്ടിവളർത്തുകയും
പരിപാലിക്കുകയും ചെയ്യുന്നവളാണ്.
ഒരേ ഭാഗധേയം പങ്കു വയ്ക്കുന്ന,
പരസ്പരബന്ധിതവും പരസ്പരാശ്രിതവും പരസ്പരപൂരകവുമായ
എല്ലാത്തരം പരിസ്ഥിതിവ്യൂഹങ്ങളുടേയും ജീവ രൂപങ്ങളുടേയും സംഘാതമാണ് അവൾ. പ്രദേശവാസികളുടെ സമൂഹങ്ങളും പരിസ്ഥിതിവ്യൂഹവും തമ്മിൽ നിലവിലുള്ള സന്തുലനം
തകർക്കുന്ന തരത്തിലുള്ള വൻകിട വികസന-നിർമ്മാണ പദ്ധതികളാൽ
ബാധിതമാകാതിരിക്കുന്നതിനുള്ള അവകാശം അവൾക്ക് ഉണ്ട്.
പച്ചാമാമയോടുള്ള ആദരാർപ്പണങ്ങളിൽ എല്ലാ ജീവജാലങ്ങളോടുമുള്ള
സമഭാവനയും ബഹുമാനവും അവർ ഉൾപ്പെടുത്തുന്നു.
കാരണം, അവ അവരുടെ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം
ആ അമ്മയുടെ സൃഷ്ടിയുടെ ഫലങ്ങൾ മാത്രമല്ല, അവളുടെ ഭാഗങ്ങൾ തന്നെയാണ്.
ഇത്രകാലവും ഒരാളും അംഗീകരിക്കാതിരുന്ന അവകാശങ്ങൾ വകവച്ചുകൊടുക്കുന്നതിലൂടെ,
അവ പാലിക്കാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുന്നതിലൂടെ,
തങ്ങളുടെ പച്ചാമാമയോടുള്ള കടപ്പാട് നിറവേറ്റാനാണ് അവർ ശ്രമിക്കുന്നത്.
ഭൂമാതാവിന്റെ പ്രധാന അവകാശങ്ങൾ നിയമം എടുത്തു പറയുന്നത് ഇങ്ങനെയാണ്: ജൈവവ്യൂഹത്തെയും പ്രകൃതിപ്രക്രിയകളേയും കാത്തുരക്ഷിക്കുന്നതിനും
നിലനിർത്തുന്നതിനുമുള്ള അവകാശം;
എല്ലാ ജീവരൂപങ്ങളുടേയും വൈവിധ്യത്തേയും നാനാത്വത്തേയും
കൃത്രിമ മാർഗ്ഗങ്ങളിലൂടെയുള്ള ജനിതകപരിവർത്തനത്തിൽ നിന്നും
ഘടനാപരമായ നവീകരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള അവകാശം;
ജലചക്രത്തിന്റെ പ്രവർത്തനം നിർബാധം നടക്കുന്നതിനും,
ജലസ്രോതസ്സുകളെ മലിനീകരണ മുക്തമായി നിലനിർത്തുന്നതിനും,
ജീവജാലവ്യൂഹങ്ങൾക്ക് പുലരുവാൻ അനുപേക്ഷണീയമായ അളവിലും ഗുണത്തിലും
ജലം ലഭ്യമാക്കുന്നതിനും ഉള്ള അവകാശം;
ജീവജാലവ്യൂഹങ്ങളുടെ സുസ്ഥിരതക്കു വേണ്ടി വായുവിന്റെ പരിശുദ്ധിയും ഘടനയും കാത്തുരക്ഷിക്കുന്നതിനുമുള്ള അവകാശം;
വിവിധങ്ങളായ ചാക്രിക പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും
ജൈവപ്രക്രിയകളുടെ പുനരുൽപാദനത്തിനും വേണ്ടി
വ്യത്യസ്ത ഭൌമഘടകങ്ങളുടെ പരസ്പരബന്ധം, പരസ്പരാശ്രിതത്വം, പരസ്പര സഹായം, പ്രവർത്തനക്ഷമത എന്നിവ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിനും
പരിപാലിക്കുന്നതിനും ഉള്ള അവകാശം;
മനുഷ്യപ്രവൃത്തികൾ മൂലം പ്രത്യക്ഷമായോ പരോക്ഷമായോ കെടുതികൾക്കിരയായിട്ടുള്ള
ജീവജാലങ്ങളുടെ സമയോചിതവും കാര്യക്ഷമവുമായ പുനസ്ഥാപനത്തിനുള്ള അവകാശം;
ഭൂമാതാവിന്റെ ഏതെങ്കിലും ഘടകങ്ങളെ മനുഷ്യപ്രവൃത്തിജന്യമായ ദൂഷണങ്ങളിൽ നിന്നും
വിഷമയമോ അണുപ്രസരമുള്ളതോ ആയ മലിനോച്ഛിഷ്ഠങ്ങളിൽ നിന്നും
സംരക്ഷിക്കുന്നതിനുള്ള അവകാശം.
മനുഷ്യൻ പ്രകൃതിക്കുവേണ്ടി ആവിഷ്കരിച്ച ഒരു നിയമമാണെങ്കിലും
ഫലത്തിൽ ഇത് അവനവനു വേണ്ടിത്തന്നെയുള്ള ഒരു നിയമമാണെന്ന് വ്യക്തം.
ഭൂമിയെ സംരക്ഷിച്ചുകൊണ്ടേ ഭൂമിയിൽ മനുഷ്യന് നിലനിൽക്കാനാവൂ എന്ന സത്യമാണ്
ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
ഭൂമിയെന്ന വിശാലതയുടെ സ്ഥാനത്ത് നമ്മുടെ സ്വന്തം വീടുകളെ പ്രതിഷ്ഠിച്ച് ചിന്തിച്ചു നോക്കുമ്പോൾ
ഇത് വളരെ ലളിതമായി നമുക്ക് ബോധ്യമാവും.
തന്റെ ഗേഹത്തെ താൻ കാത്തുസൂക്ഷിക്കുന്നില്ലെങ്കിൽ ആ ഗേഹം
തനിക്ക് വസിക്കാൻ കൊള്ളരുതാത്തത്താകും എന്നു പറയുന്നത്ര ലളിതം.
വാസ്തവത്തിൽ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേയും ജീവിതത്തിനും പുനരുജ്ജീവനത്തിനും
ജൈവ വൈവിധ്യത്തിനും ശുദ്ധവായുവിനും ശുദ്ധജലത്തിനും സന്തുലനത്തിനും ഉള്ള അവകാശങ്ങൾ തന്നെയാണ്, നിയമം, ഭൂമിയ്ക്കായി ഉറപ്പാക്കാൻ ശ്രമിക്കുന്നത്!
അതേ സമയം പ്രായോഗിക തലത്തിൽ ഇത് ബൊളീവിയയ്ക്കു മേൽ പുതിയ നിരവധി
ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നുണ്ട്.
തങ്ങളുടെ നാട്ടിൽ നിലവിലുള്ള എല്ലാ നിയമങ്ങളും അവർ ഇതനുസരിച്ച് പുനർനിർമ്മിക്കേണ്ടി വരും.
പ്രകൃതി നിശ്ചയിച്ചിട്ടുള്ള പാരിസ്ഥിതിക പരിധികളെ മറികടക്കാതിരിക്കാനുള്ള
ജാഗ്രത പുലർത്തേണ്ടി വരും.
യാതൊരു പുതുക്കൽ സാദ്ധ്യതയുമില്ലാത്ത ഊർജ്ജസ്രോതസ്സുകൾ കയ്യൊഴിഞ്ഞ്
ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരും.
പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തുകൊണ്ടുള്ള കൂടുതൽ ഉത്പാദനം, കൂടുതൽ ഉപഭോഗം
എന്നതിൽ നിന്ന്, പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുകൊണ്ടുള്ള പദ്ധതികളിലേക്ക്
ദിശ മാറ്റേണ്ടി വരും.
അന്തരീക്ഷ താപനത്തിനിടവരുത്തുന്ന ഹരിതഗൃഹവാതകങ്ങളുടെ വമനം നിയന്ത്രിക്കുകയും,
ജൈവകൃഷി, ഊർജ്ജക്ഷമത, എന്നിവ സംബന്ധിച്ച ഗവേഷണങ്ങൾക്കും നിക്ഷേപങ്ങൾക്കും
മുൻതൂക്കം നൽകേണ്ടിയും വരും.
എല്ലാ പൌരന്മാരും സ്ഥാപനങ്ങളും വ്യവസായശാലകളും പരിസ്ഥിതി നാശങ്ങൾക്ക്
സമാധാനം പറയേണ്ട അവസ്ഥ സൃഷ്ടിക്കപ്പെടും;
രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനുള്ള പ്രധാന മാനദണ്ഡമായി
അവയുടെ പാരിസ്ഥിതിക ആഘാതത്തെയും, അവയുടെ പ്രവർത്തന വിലയിരുത്തലിനുള്ള മാനദണ്ഡമായി പാരിസ്ഥിക ഓഡിറ്റിങ്ങിനേയും അംഗീകരിക്കേണ്ടി വരും.........
ഏതായാലും, നിയമം നടപ്പാക്കുന്നതിന് ഒരു പുതിയ മന്ത്രാലയം തന്നെ രൂപീകരിച്ചുകൊണ്ടും
നിയമ നടത്തിപ്പ് പരിശോധിക്കുന്നതിന് ഓംബുഡ്സ്മാനെ നിയമിച്ചുകൊണ്ടും
ബൊളീവിയ തങ്ങളുടെ നിശ്ചയദാർഢ്യം വെളിപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു, ഇതിനകം.
എന്നാൽ എപ്രകാരമാണ് വിപ്ലവകരമായ ഈ നിയമം നടപ്പാക്കാനാവുക
എന്നതാണ് കണ്ടറിയേണ്ടത്.
ഖനന വ്യവസായത്തെ ഗണ്യമായ തോതിൽ ആശ്രയിക്കുന്ന ഒരു
സമ്പദ്വ്യവസ്ഥയാണ് ബൊളീവിയയുടേത്.
പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻകാർ അവിടെയുള്ള വെള്ളി നിക്ഷേപം
കണ്ടു പിടിച്ചതിനു ശേഷമുള്ള ബൊളീവിയയുടെ ചരിത്രം,
അതിന്റെ ജനതയ്ക്കും പരിസ്ഥിതിയ്ക്കും നേരിടേണ്ടി വന്ന കണ്ണിൽ ചോരയില്ലാത്ത ചൂഷണങ്ങളുടേതാണ്.ബൊളീവിയയുടെ ഈ പ്രകൃതിവിഭവങ്ങൾ യൂറോപ്പിന്റെ വ്യവസായ
വികസനത്തിന്റെ ഇന്ധനമായി വർത്തിച്ചു.
ബൊളീവിയയുടെ 2010ലെ കയറ്റുമതിയുടെ എഴുപത് ശതമാനവും
ധാതുദ്രവ്യങ്ങൾ, എണ്ണ-പ്രകൃതി വാതകങ്ങൾ എന്നിവയായിരുന്നുവേന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
ഈ ഘടനാപരമായ ആശ്രിതത്വത്തിന്റെ കുരുക്കഴിക്കുക പ്രയാസകരമായിരിക്കും.
പ്രബലരായ ഖനന-കാർഷികവ്യവസായ ശക്തികൾ
അതിശക്തമായ ചെറുത്തുനിൽപ്പ് നടത്തുമെന്നതിലും സംശയമില്ല.
തങ്ങളുടെ ലാഭത്തെ ബാധിക്കുന്ന പാരിസ്ഥിതിക നിയന്ത്രണം,
അതിനായി നിലകൊള്ളുന്നവർ ലോകത്തൊരിടത്തും വകവച്ചുകൊടുക്കുകയില്ലല്ലോ.
സർക്കാരിനാകട്ടെ ഖനികൾ അടച്ചു പൂട്ടാനൊന്നും ആവുകയുമില്ല.
ഈ നിയമത്തിന്റെ നടത്തിപ്പിൽ ഉയർന്നുവരാൻ പോകുന്ന മുഖ്യ തടസ്സം ഈ രംഗത്തു നിന്നായിരിക്കും. ചുരുക്കത്തിൽ ഭൂമിയെപ്പോലെ തന്നെ
ഭൌമാവകാശ നിയമവും നിരവധി വെല്ലുവിളികളാണ് നേരിടുന്നത്.
എന്നാൽ ഇത് ബൊളീവിയയുടെ മാത്രമായ ഒരു ഉൽക്കണ്ഠയാണോ?
ആധുനികതയെ, തദ്ദേശ സാംസ്കാരികത്തനിമകളുമായുള്ള ഒരു ഏറ്റുമുട്ടലിൽ
എത്തിച്ചിരിക്കുകയാണ് ഈ നിയമം എന്നു വിമർശിക്കാമെങ്കിലും,
വർദ്ധിച്ചുവരുന്ന പാരിസ്ഥിതികാത്യാഹിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശാസ്ത്രവും
സാങ്കേതിക വിദ്യയും പരാജയപ്പെടുന്ന നിലക്ക്,
ഇത്തരം പരമ്പരാഗത സാംസ്കാരിക മൂല്യങ്ങളുടെ വീണ്ടെടുപ്പ് പ്രസക്തവും അനിവാര്യവുമാണ് എന്നതും, മനുഷ്യനും പ്രകൃതിയുമായുള്ള ഐക്യത്തിന്റെ ആവശ്യകതയിൽ കവിഞ്ഞൊന്നും
നിയമം മുന്നോട്ട് വയ്ക്കുന്നില്ല എന്നതും
മനസ്സിലാക്കപ്പെടാതെ പോകരുത്.
ആധുനിക ലോകത്തിന്റെ ഒട്ടേറെ സമസ്യകൾക്ക് പ്രയോജനകരമായ പരിഹാരം
തദ്ദേശ സംസ്കാരങ്ങൾക്ക് കരഗതമായിട്ടുണ്ട്.
ഇന്ത്യയും ഇത്തരത്തിലുള്ള സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെ ഉടമയാണ്.
ഒന്നുമാത്രം നാമെല്ലാം മറക്കാതിരിക്കുക:
നമ്മൾ ഭൂമിയുടേതാണ്,
ഭൂമി നമ്മളുടേതല്ല.
അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം കാത്തുരക്ഷിക്കേണ്ടതാണ് ഈ നിയമം;
എറ്റെടുക്കേണ്ടതാണ് ഈ വെല്ലുവിളി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)