2010, ജൂൺ 6, ഞായറാഴ്‌ച
ഭൂമി-ഒരേയൊരു ഭൂമി
ഭൂമി-ഒരേയൊരു ഭൂമി:
അറിയപ്പെട്ടിടത്തോളം, ഈ മഹാപ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരിടം;
ഇവിടെ മാത്രമേ ജീവൻ എന്ന പ്രതിഭാസത്തിന് കിളിർക്കാനും തളിർക്കാനും വളരാനും പടരാനും അനുയോജ്യമായ അന്തരീക്ഷമുള്ളു;
താപനിലയുള്ളു;
പ്രാണവായുവും ജലവുമുള്ളു;
-ചുരുക്കത്തിൽ ഈ ഭൂമി പോലെ ഈ ഭൂമി മാത്രം!
ആരുടെയാണീ ഭൂമി?
-അത്, ഒറ്റപ്പെട്ട കുറേ വ്യക്തികളുടെ മാത്രം സ്വത്തല്ല;
-ഏതെങ്കിലും ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തുമല്ല;
-എന്തിന്, ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും കൂട്ടുസ്വത്തുപോലുമല്ല അത്!
കാരണം, ജീവപരിണാമത്തിന്റെ സിദ്ധാന്തങ്ങളനുസരിച്ച്, ഭൂമിയിൽ ഏറ്റവും അവസാനത്തേതായി ഉരുത്തിരിഞ്ഞുവന്ന ജീവിവർഗ്ഗമാണ്, മനുഷ്യൻ.
ഇന്നു കാണായ സകല ജീവജാതികളും നമുക്കു മുന്നേ ഇവിടെ ഉണ്ടായതാണ്. -അതുകൊണ്ട് അവരുടേതുകൂടിയാണ് ഈ ഭൂമി.
അവരുടേതു മാത്രമല്ല, ഇനി വരാനിരിക്കുന്ന തലമുറകളുടേതും ഇനിയും ഉരുത്തിരിയാനിരിക്കുന്ന ജീവിവർഗ്ഗങ്ങളുടേതും കൂടിയാണ് അത്.
അതായത്, ഭൂമിയുടെ ഒരേയൊരു അവകാശിയല്ലെന്നുമാത്രമല്ല,
അതിന്റെ ആദ്യത്തേയോ രണ്ടാമത്തേയോ മൂന്നാമത്തേയോ പോലും അവകാശികളല്ല മനുഷ്യർ!
മനുഷ്യർ ഭൂമിയുടെ ഗുണഭോക്താക്കൾ മാത്രമാണ്;
നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പട്ടതായി അതിനെ വരും തലമുറയ്ക്ക് കൈമാറാൻ ബാദ്ധ്യതപ്പെട്ടവർ…
എന്നാൽ നമ്മുടെ ഇന്നത്തെ ഭൂവിനിയോഗ ശൈലി ഈ ഉത്തരവാദിത്തം പാടേ മറന്നുകൊണ്ടുള്ളതാണ്.
അമിതമായ ഉപഭോഗാസക്തിയാൽ നയിക്കപ്പെടുന്ന വികസന ഭ്രാന്തിന്റേതാണ് ആ ശൈലി.
ഇതര ജീവജാതികൾ ഭൂമിയുമായി സഹവസിക്കുക മാത്രം ചെയ്യുമ്പോൾ നമ്മൾ സർവാധികാരികളായി ഭൂമിയ്ക്കു മേൽ അധീശത്വം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഇടപെടലുകൾ ഭൂമിയുടെ സഹജപ്രകൃതം തന്നെ മറ്റിമറിക്കുന്നു.
മണ്ണും മരവും ജലവും ധാതുവിഭവങ്ങളും നമ്മുടെ അതിരുകടന്ന വികസനത്വരയുടെ ഇരകളായിത്തീർന്നിരിക്കുന്നു.
“ഇക്കാണായതെല്ലാം മനുഷ്യനു വേണ്ടിയുള്ളതാണ്”- നാം അഹങ്കരിക്കുന്നു; “അതുകൊണ്ട് എല്ലാറ്റിനേയും നമുക്ക് കവർന്നെടുക്കാം, ഇടിച്ചുനിരത്താം,
വെട്ടിപ്പൊളിക്കാം, തുരന്നെടുക്കാം,
തകർത്ത് തരിപ്പണമാക്കാം…;
എന്നിട്ട് നിർമ്മിക്കാം എടുപ്പുകൾ, പാതകൾ, ഖനികൾ,
അണക്കെട്ടുകൾ, തുരങ്കങ്ങൾ..”
-നാം ഊറ്റം കൊള്ളുന്നു….
ഈ ഭ്രാന്തവും സ്വാർത്ഥലാഭാധിഷ്ഠിതവുമായ വികസന നെട്ടോട്ടത്തിൽ നമ്മുടെ പ്രകൃതിവിഭവസമ്പത്ത് മുച്ചൂടും മുടിഞ്ഞുപോകുകയാണ്:
ജൈവവൈവിദ്ധ്യം അപ്രത്യക്ഷമാവുകയാണ്:
ഭക്ഷ്യസുരക്ഷ സന്ദിഗ്ദ്ധമാവുകയാണ്;
ജീവിച്ച് ജീവിച്ച് നമ്മൾ ഈ ഭൂമിയെ ജീവിതയോഗ്യമല്ലാതാക്കുകയാണ്;
അങ്ങനെ, ഇതരജീവജാലങ്ങളെ അപേക്ഷിച്ച്, മനുഷ്യൻ, ഭൂമിയ്ക്ക് പറ്റിയ ഒരു അബദ്ധമായി മാറിയിരിക്കുകയുമാണ്…
നമ്മുടെ ഭൂവിനിയോഗരീതികളുടെ അശാസ്ത്രീയത തിരിച്ചറിയാൻ നാം വളരെ വൈകിയിരിക്കുന്നു.
ഈ ഭൂമിയെ - ഒരേയൊരു ഭൂമിയെ - സംരക്ഷിച്ചുകൊണ്ടുമാത്രമേ നമുക്കും നമ്മുടെ ചുറ്റുപാടുമുള്ള അസംഖ്യം ജീവജാതികൾക്കും സസ്യജാലങ്ങൾക്കും നിലനില്പുള്ളു. അതുകൊണ്ട്, ഭൂമിയുടെമേൽ അതിന്റെ പാരിസ്ഥിതിക സുസ്ഥിരത നിലനിർത്തിക്കൊണ്ടുള്ള രൂപാന്തരണപ്രവർത്തനങ്ങൾ മാത്രമേ വികസനത്തിന്റെ പേരിൽ ആകാവൂ;
ജൈവ സന്തുലിതാവസ്ഥയുടെ പുന:സ്ഥാപനത്തിൽ ഊന്നുന്ന ഭൂവിനിയോഗ വ്യവസ്ഥയേ നടപ്പിലാക്കാവൂ;
അവയുടെ മേൽ സമൂഹത്തിന് ഉത്തരവാദിത്വവും നിയന്ത്രണവും ഉണ്ടായേ മതിയാവൂ.
ഈ അർത്ഥത്തിൽ രൂപപ്പെടുത്തിയ, “ഭൂമി നമ്മുടെ പൊതുസ്വത്ത്” എന്ന മുദ്രാവാക്യം മുൻ നിർത്തി നിരവധി പ്രവർത്തനപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്.
ഈ സന്ദേശം കൂടുതൽ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയിട്ടുള്ള വിവിധങ്ങളായ പ്രചരണ മാധ്യമങ്ങളിലൊന്നാണ് “ഭൂമിഗീതങ്ങൾ” എന്ന ഈ ഗാനശേഖരം.
നിലവിലുള്ള ഭൂവിനിയോഗരീതികൾ സൃഷ്ടിക്കുന്ന പാരിസ്ഥിതികദുരന്തങ്ങളെ സംബന്ധിച്ച ചില ചില ഉൽക്കണ്ഠകളെ,, നേരിയതോതിലെങ്കിലും നമ്മുടെ സമൂഹത്തിൽ ഉണർത്താൻ ഇതിലെ ഗാനങ്ങൾ പര്യാപ്തമാവും എന്ന പ്രതീക്ഷയോടെ, കേരള ശാസ്ത്ര സാഹിത്യ പരിഷത് അവതരിപ്പിക്കുന്നു, “ഭൂമിഗീതങ്ങൾ”.
2010, മേയ് 29, ശനിയാഴ്‌ച
CASTE OF INDIANS-A New Movement Is Building Up
‘Mention Your Caste as Indian”
MENTION ‘Hindustani’ as your caste. This was the consensus arrived at a symposium on Caste-based census by prominent people like former Union Minister for Civil Aviation Arif Mohamed Khan.
Amid demands for Caste-based census the symposium, which was held here on Saturday evening, announced the launch of a movement ‘Meri Jaati Hindustani’ (My caste is Indian). Khan, former MEA Secretary J.C.Sharma and others also decided to set up a committee to transform their initiative into a mass movement. It is aimed at motivating people to write “Indian” as their caste in the census form.
“Even if only 4 crore to 5 crore people write their caste as “Indian” or whatever they call it in their mother tongue, this will be a huge success and will help more and more citizens to follow the suit”, Khan said.
He said the number of people believing their caste as ‘Indian’ was not less, but they were unorganised and not instituted.
The movement is bringing in those people to motivate others. The demand for a caste-based step is a conspiracy to divide the country, the participants said, adding they did not oppose if someone mentioned his or her caste.
Senior journalist Ved Prathap Vaidik said people need a new caste – Indian. It is caste not by birth but by choice, he said.
No class no caste
The goal of Indian Constitution is to create a casteless and classless society, but the caste census is disgrace to Ambedker’s dream, Sharma said.
( The New Indian Express,
2010, ഫെബ്രുവരി 4, വ്യാഴാഴ്‌ച
MY 'GALELIO' EXPERIENCE WITH KSSP: RECOLLECTIONS OF DE-CONSTRUCTING BRECHT"S HISTORICAL DRAMA FOR KSSP
ഗലീലിയോ മുതൽ ഗലീലിയോ വരെ: വിനിർമ്മിതിയുടെ ഗൃഹപാഠം
ഗലീലിയോ, ഡാർവിൻ തുടങ്ങിയ മഹാ ശാസ്ത്രകാരന്മാർ നടത്തിയ, മാനവരാശിയെ സംബന്ധിച്ചിടത്തോളം നാഴികക്കല്ലുകളായി തീർന്ന, ചില സൈദ്ധാന്തിക- പ്രായോഗികാവിഷ്ക്കാരങ്ങളുടെ അനുസ്മരണങ്ങളുമായി ബന്ധപ്പെട്ട് 2009-ൽ അന്താരാഷ്ട്ര ശാസ്ത്രസമൂഹം ആസൂത്രണം ചെയ്ത ഒരു പരിപാടിയായിരുന്നു 'ശാസ്ത്രവർഷം'.ഇതിനൊപ്പം അണി ചേർന്നുകൊണ്ട് ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തും (KSSP) കേരളത്തിലെമ്പാടും വിവിധങ്ങളായ ശാസ്ത്ര പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. അതിൽ ഏറ്റവും ബൃഹത്തായ പരിപാടിയായിരുന്നു, ഗലീലിയോയുടെ ജീവിതത്തേയും പ്രവർത്തനങ്ങളേയും ആധാരമാക്കി തയ്യാറാക്കിയ നാടകത്തിന്റെ അവതരണ യാത്ര. നിറഞ്ഞ സദസ്സുകളെ സാക്ഷി നിർത്തി, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള 180 കേന്ദ്രങ്ങളിൽ അവതരിപ്പിച്ച പ്രസ്തുത നാടകം, പ്രസിദ്ധ ജർമ്മൻ നാടകകൃത്തായ ബർടോൾഡ് ബ്രഹ്ത്തിന്റെ
ദ ലൈഫ് ഓഫ് ഗലീലിയോയുടെ ഒരു വിനിർമ്മിതിയായിരുന്നു. 400 വർഷം മുമ്പത്തെ ഇറ്റലിയിൽ, യഥാർത്ഥ ഈശ്വര വിശ്വാസികളെപ്പോലും അടിമകളാക്കിക്കൊണ്ട് നിലനിന്ന സംഘടിത മതത്തിന്റേയും പൌരോഹിത്യത്തിന്റേയും ആധിപത്യവും, ആ ആധിപത്യം, വിശ്വാസാധിഷ്ഠിതമായ അതിന്റെ നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ട് വസ്തുതാധിഷ്ഠിതമായ ശാസ്ത്രവുമായി ഏർപ്പെട്ട ഏറ്റുമുട്ടലും ആയിരുന്നു നാടകത്തിന്റെ കേന്ദ്ര പ്രമേയം. ഇത് നമ്മുടെ സമകാലിക സമൂഹത്തിലും സജീവമായി നിലനിൽക്കുന്ന ഒരു വിഷയമാണ് എന്നതുകൊണ്ടുകൂടിയാവാം, നാടകം കാണികൾ ഹൃദയം കൊണ്ട് ഏറ്റുവാങ്ങി.
നേരിട്ടും, പത്രപംക്തികളിലേയും ബ്ളോഗുകളിലേയും അഭിപ്രായപ്രകടനങ്ങളിലൂടെയും കേരളം അനുഭവങ്ങൾ പങ്കുവച്ചു; വിലയിരുത്തൽ നടത്തി. പ്രതികരണങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. നാടകയാത്ര സമാപിച്ചുവെങ്കിലും നാടകം അവതരിപ്പിക്കുന്നതിനുള്ള ആവശ്യം എല്ലായിടത്തു നിന്നും ഉയർന്നു വന്നുകൊണ്ടിരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നാടകം തുടർന്നും അവതരിപ്പിച്ചുപോരികയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ ഈ വിനിർമ്മിത പാഠത്തിന് പുറകിലുള്ള ദർശനവും അതിന്റെ ഗൃഹപാഠവും രേഖപ്പെടുത്തുകയാണ് ഇവിടെ. കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച നാടക പരിഭാഷയുടെ (‘ഗലീലിയോ-ഒരു ജീവിതകഥ’ :ശ്രീ.കെ.കെ.കൃഷ്ണകുമാർ) അനുബന്ധമായി ചേർത്തിട്ടുള്ള പഠനത്തിന്റെ പൂർണ്ണ രൂപമാണ് ഇത്.(സഹ ലേഖകൻ:ടി.വി.വേണുഗോപാലൻ, കുണ്ടൂർക്കുന്ന്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്, ശാസ്ത്രം സാമൂഹ്യ വിപ്ളവത്തിന് എന്ന മുദ്രാവാക്യം ജനങ്ങളിലെത്തിക്കാൻ സ്വീകരിച്ച വിവിധ മാധ്യമങ്ങളിലൊന്നാണ് കല-പ്രത്യേകിച്ച് രംഗകല. പരിഷത്ത് ഏതെങ്കിലും ഒരു പ്രത്യേക കലാരൂപം തെരഞ്ഞെടുക്കുന്നത് അതിന്റെ കേവലമായ സൗന്ദര്യാത്മകതയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയപ്രചരണമെന്ന ധർമ്മനിർവഹണത്തിന് മാധ്യമം എന്ന നിലയിൽ അത് എത്രമാത്രം ഉതകുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് . കലയെന്ന സാമൂഹ്യോല്പന്നത്തിന്റെ ഏതൊരു തരത്തിലുള്ള ആവിഷ്ക്കാരത്തിന്റേയും ധർമ്മവും മൂല്യവും കാലിക പ്രസക്തിയും നിർണ്ണയിക്കുന്നത് അതിന്റെ സാമൂഹ്യമായ പ്രയോഗക്ഷമതയും സ്വീകാര്യതയും ആണെന്ന് പരിഷത്ത് വിശ്വസിക്കുന്നു. എല്ലാത്തരം സാമൂഹ്യപ്രവർത്തനങ്ങളെയും സംബന്ധിച്ച് പരിഷത്ത് പുലർത്തിപ്പോരുന്ന സമഗ്ര ദർശനത്തിന്റെ ഭാഗം തന്നെയാണ് ഈ കാഴ്ചപ്പാട്. തീർച്ചയായും ഇതിന് എതിർവാദങ്ങളുണ്ടാവാം; ആ സംവാദങ്ങളിലൊക്കെ, സർഗ്ഗാത്മകതയുടെ സാമൂഹ്യപ്രതിബദ്ധത എന്ന ആശയത്തിൽ ഊന്നിയുള്ള നിലപാടുകളോടാണ് പരിഷത്ത് ഐക്യപ്പെടുന്നത്.
അനിവാര്യമായ ഒരു ജീവിതസന്ദർഭത്തിൽ ഏറ്റവും വ്യക്തതയോടെ ആകസ്മികമായി ഉരുത്തിരിയുന്ന ആവിഷ്കാര രൂപങ്ങൾ തന്നെയാണ് പിന്നീട് തലമുറകളുടെ പ്രയോഗങ്ങളിലൂടെ സ്ഫുടം ചെയ്യപ്പെട്ട് ചിട്ടപ്പെടുന്നതും വർഗ്ഗീകരിക്കപ്പെടുന്നതും പിൽക്കാലത്ത് ലാവണ്യനിയമങ്ങൾക്കും പാഠങ്ങൾക്കും നിമിത്തമാകുന്നതും.സൌന്ദര്യാനുഭൂതിയാണ്, സൌന്ദര്യശാസ്ത്രവും നിയമങ്ങളുമല്ല, ആദ്യം രൂപപ്പെടുന്നതെന്നർത്ഥം. ആവിഷ്കാരത്തിന്റെ സാകല്യാനുഭവം സൃഷ്ടിക്കപ്പെടുന്നതിന് രണ്ട് കാരണങ്ങൾ കണ്ടെത്താം: ഒന്ന്, അത് ഉരുവായ ഒരു സാമൂഹ്യ ഘട്ടം എത്തി നിൽക്കുന്ന സന്ദിഗ്ദ്ധത. മറ്റൊന്ന്, ആവിഷ്ക്കരിക്കപ്പെടേണ്ട ആശയം ആ സന്ദിഗ്ദ്ധതയിൽ ആവിഷ്ക്കരിക്കപ്പെട്ടേ പറ്റൂ എന്ന അനിവാര്യത. ഇവ രണ്ടും രംഗകലകൾക്കെന്നല്ല, എല്ലാത്തരം സർഗ്ഗാത്മകാവിഷ്കാരങ്ങൾക്കും ബാധകമാണ് താനും.
ആശയപ്രചരണത്തിന് ഈ മാധ്യമം ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന് പരിഷത്ത് കണ്ടെത്തിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞു. പിന്നീട് അത് വിവിധ തരത്തിൽ ഉപയോഗപ്പെടുത്തിയെന്നത് പില്ക്കാല ചരിത്രം. പരിഷത്തിന് സമൂഹത്തിനോട് പറയാനുണ്ടായിരുന്ന കാര്യങ്ങൾ വ്യക്തതയോടെ നേരിട്ട് അവതരിപ്പിക്കുന്നതിന് അനുയോജ്യമായ രൂപവും ഭാഷയും അവയിൽ സ്വയം സ്വീകരിക്കപ്പെടുകയായിരുന്നു. അവയുടെ ഭാഷയെ നിർണ്ണയിച്ചത് അവ രൂപപ്പെട്ട കാലഘട്ടത്തിലെ തത്സമയ സാഹചര്യങ്ങൾ തന്നെയാണ്. പ്രധാനമായും തെരുവുകളിൽ അവതരിപ്പിക്കുവാൻ പര്യാപ്തമായ തരത്തിൽ ഇരുപത്-മുപ്പത് മിനുട്ട് ദൈർഘ്യം വരുന്ന വിവിധകലാരൂപങ്ങൾ കലാജാഥ എന്നപേരിൽ കോർത്തിണക്കി ഉപയോഗിക്കുകയാണ് പരിഷത്ത് ചെയ്തിരുന്നത്. ഉള്ളടക്കത്തിനെന്നപോലെ ആ രൂപത്തിനും ഉണ്ടായിരുന്നു തനിമയും പുതുമയും. എങ്കിലും കർട്ടനോ സെറ്റ്-ലൈറ്റ്കളോ കൂടാതെ തെരുവുകളിലും അവതരിപ്പിക്കാം എന്നല്ലാതെ വാസ്തവത്തിൽ അവ അരങ്ങ് നാടകങ്ങളിൽ / കലാരൂപങ്ങളിൽ നിന്ന് വ്യത്യസ്ഥമായിരുന്നില്ല. സ്വീകരിക്കപ്പെട്ട കലാരൂപത്തിന്റെ സൗന്ദര്യാത്മകതയല്ല, പരിഷത്തിന് പറയാനുള്ള ആശയം എത്രമാത്രം ഫലപ്രദമായി ആ കലാരൂപത്തിന് ഉൾക്കൊള്ളാനാവുന്നുണ്ട് എന്നതായിരുന്നു തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. നമ്മുടെ നാടോടി പാരമ്പര്യത്തിലുള്ള കോൽക്കളി, കുറവരശ്ശികളി, പരിശമുട്ടുകളി, കാക്കാരിശ്ശിനാടകം മുതലായവയും നാടോടി താളങ്ങളും വായ്ത്താരികളും മറ്റും കലാജാഥകളിൽ സ്ഥാനം പിടിച്ചത് അങ്ങനെയാണ്. ഇതോടൊപ്പം ആധുനിക കലാരൂപങ്ങളായ സാന്ദർഭികനാടകങ്ങളും സംഗീതശില്പങ്ങളും മറ്റും സ്വീകരിക്കപ്പെടാനിടയായതും ഇതേ മാനദണ്ഡപ്രകാരമാണ്. ആശയതലത്തിലും രൂപതലത്തിലും ലഘുവായിരുന്ന അത്തരം ഇനങ്ങളെ അപേക്ഷിച്ച്, അരങ്ങിന്റെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഇതിവൃത്തപരമായി കൂടുതൽ ആഴത്തിലേക്ക് കടക്കാനാവുന്ന മുഴുനീള നാടകങ്ങളെന്നത്, വളരെക്കാലമായുള്ള ഒരു സ്വപ്നമായിരുന്നു പരിഷത്തിന്. പില്ക്കാലത്ത്, തെരുവുനാടകം എന്നത് ഒരു ആശയപ്രചരണരൂപമെന്ന നിലയിൽ പഴകിപ്പോവുകയും പലരും ദുർബലമായി അനുകരിച്ചും ആവർത്തിച്ചും പ്രേക്ഷകരെ അകറ്റി നിർത്തും വിധം വികലമായിത്തീരുകയും അപചയത്തിനു വിധേയമാകുകയും ചെയ്തതോടെ ഈ സ്വപ്നം കൂടുതൽ ശക്തി നേടി. ഇക്കാലത്താണ് പൊയ്ക്കാലം എന്ന ഒരു മുഴുനീള സാമൂഹ്യനാടകവുമായി പരിഷത്ത് ഈ രംഗത്തേക്ക് ചുവടു വയ്ക്കുന്നത്. അതാകട്ടെ ഒരു വേദിനാടകമായിരുന്നില്ല താനും.
ഈ സ്വപ്നകാലങ്ങളിൽ പരിഗണനയിൽ വന്ന നിരവധി നാടകങ്ങളിൽ(ജനശത്രു, പാവവീട്...)പരിഷത്തിന് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു, ശാസ്ത്രത്തിന്റെ ചരിത്രത്തിലെ മഹാപ്രതിഭകളിൽ ഒരാളായ ഗലീലിയോ ഗലീലിയുടെ ജീവിതത്തെ ആസ്പദമാക്കി നാടകത്തിന്റെ ചരിത്രത്തിലെ മഹാപ്രതിഭകളിൽ ഒരാളായ ബെർടോൾട് ബ്രഹ്ത് രചിച്ച ഗലീലിയോ നാടകം. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങൾ ഉണ്ട്.
(1) ബ്രഹ്ത്തിയൻ നാടക സങ്കൽപ്പങ്ങൾ പരിഷത്തിന്റെ തെരുവുനാടകങ്ങളെ വളരെ സ്വാധീനിക്കുകയും കലാജാഥാനാടകങ്ങളുടെ ചിട്ടപ്പെടുത്തലുകളുടെ ഒരു പ്രത്യയശാസ്ത്രമായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
(2) ജനങ്ങളുടെ അവബോധത്തിന്റേയും സമീപനത്തിന്റേയും ആധാര ശിലകളാകണമെന്ന് പരിഷത്ത് ആഗ്രഹിക്കുന്ന ശാസ്ത്രീയസമീപനം-നിരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വസ്തുതകളിൽ എത്തിച്ചേരുകയെന്ന ശാസ്ത്രത്തിന്റെ രീതിശാസ്ത്രം-ശാസ്ത്രത്തിന്റെ മേഖലയിൽ തന്നെ ആദ്യമായി എന്നു വേണമെങ്കിൽ പറയാം,അനുവർത്തിച്ച ആളെന്ന നിലയിലും, ശാസ്ത്രവിജ്ഞാനം കുറേ പണ്ഡിതന്മാർക്കു മാത്രം മനസ്സിലാകുന്ന (ലാറ്റിൻ)ഭാഷയിലല്ല, എല്ലാവർക്കും മനസ്സിലാവുന്ന ശുദ്ധ നാടൻ (ഇറ്റാലിയൻ)ഭാഷയിലാവണം വിനിമയം ചെയ്യപ്പെടേണ്ടതെന്ന് പറയുകയും, അപ്രകാരം പ്രഭാഷണങ്ങളിലും ഗ്രന്ഥ/ലേഖന രചനകളിലും ഏർപ്പെടുകയും ചെയ്ത ആളെന്ന നിലയിലും ഗലീലിയോ ഓർമ്മിക്കപ്പെടേണ്ട ഒരു അഗ്രഗാമിയാണ്.
(3) മദ്ധ്യകാല യൂറോപ്പിനെ മൗലികമായി മാറ്റിത്തീർത്ത അന്വേഷണരീതികൾക്ക് തുടക്കമിട്ടത്, യൂറോപ്പിന്റെ വളർച്ചയെ ത്വരിപ്പിച്ചത് ഗലീലിയോവായിരുന്നു. ശാസ്ത്രവിജ്ഞാനത്തിന്, അറിവിന്, ജനങ്ങളുടെ ജീവിതത്തെ/ജീവിത വീക്ഷണത്തെ എങ്ങനെ ഗുണപരമായി അട്ടിമറിയ്ക്കാനാവുമെന്നുള്ളതിന്റെ പ്രത്യക്ഷോദാഹരണമാണ് ഗലീലിയോയുടെ ജീവിതവും ശാസ്ത്രപ്രവർത്തനവും എന്നതിനാൽ, അറിവിനെ സാമൂഹ്യമാറ്റങ്ങൾക്കു വേണ്ടി ജനത നടത്തുന്ന ശ്രമങ്ങളെ സഹായിക്കുന്ന ഒരു ആയുധമായി പ്രയോജനപ്പെടുത്താനാവുമെന്നു വിശ്വസിക്കുന്ന പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഗലീലിയോയുടെ കഥ വീണ്ടും വീണ്ടും ചൊല്ലേണ്ട ഒരു ചരിത്രപാഠമാണ് താനും..
അന്താരാഷ്ട്രസമൂഹം 2009-നെ ശാസ്ത്രവർഷമായി ആചരിയ്ക്കാൻ തീരുമാനിക്കുകയും, ഗലീലിയോ ടെലസ്കോപ് ഉപയോഗിച്ച് ആകാശനിരീക്ഷണം നടത്തിയതിന്റെ നാനൂറാം വർഷം എന്നത് അതിനൊരു കാരണഘടകം ആവുകയും ചെയ്തതോടെ, ഗലീലിയോ നാടകം അവതരിപ്പിക്കുകയെന്ന സ്വപ്നം യാഥാർഥ്യമാവുന്നതിനുള്ള അന്തരീക്ഷം പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഉരുത്തിരിയുകയായി. ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായിത്തന്നെ 2009 തുടക്കം മുതൽ കേരളത്തിലെമ്പാടും ശാസ്ത്രക്ലാസ്സുകളും പാവ നാടകങ്ങൾ ഉപയോഗിച്ച് ശാസ്ത്രാവബോധപ്രചരണ ജാഥകളും പരിഷത്ത് നടത്തിയത്, ഗലീലിയോ നാടകം കേരളത്തിൽ സ്വീകരിക്കപ്പെടുന്നതിനുള്ള ഒരു പശ്ചാത്തല പ്രവർത്തനമായിത്തീരുകയും ചെയ്തു.
ഇറ്റലിയിൽ ജനിച്ച് ജീവിച്ച് മരിച്ചു പോയ ഒരു മനുഷ്യൻ തന്നെയാണ് ഗലീലിയോ. വ്യവസ്ഥാപിതമായ ഒരു സാമൂഹ്യഘടനയോട് ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്ത ശാസ്ത്രകാരൻ കൂടിയായിരുന്നു അദ്ദേഹം. ഒരു ശാസ്ത്രജ്ഞൻ എന്ന നിലക്ക് ഗലീലിയോ അഭിമുഖീകരിച്ച പ്രതിസന്ധികളേയും സംഘർഷങ്ങളേയും, അദ്ദേഹത്തിന്റെ കാലഘട്ടത്തേയും ജീവിത സന്ദർഭങ്ങളേയും വിശകലനം ചെയ്യുക വഴി വർത്തമാനകാലത്തേയും വിശകലനം ചെയ്യുന്നുണ്ട് ബ്രഹ്ത്. അക്കാലത്ത് യൂറോപ്പനുഭവിച്ച ജീവിതത്തകർച്ചയുടെ അവസ്ഥകളുമായി പലവിധത്തിലും സമാനമായിരുന്നു, ബ്രഹ്ത് ആവിഷ്ക്കരിച്ച ഗലീലിയോയുടെ ജീവിതം. നാടകവസ്തുവിനെ സമകാലിക ജീവിതാവസ്ഥയുമായി ബന്ധിപ്പിക്കുന്ന ഒരു രംഗതന്ത്രം ബ്രെഹ്തിന്റെ എല്ലാ നാടകങ്ങളിലും കാണാം. നാടകത്തിലുന്നയിക്കുന്ന യാഥാർത്ഥ്യം, പ്രശ്നം, നാടകം കഴിഞ്ഞാലും കാണികളെ വേട്ടയായിക്കൊണ്ടിരിക്കുകയും അതിനെതിരെ പ്രതികരിക്കാൻ കാണിയെ നാടകം പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് ബ്രെഹ്തിയൻ നാടകരീതി. തന്റെ നാടക സങ്കൽപ്പത്തിന് അനുഗുണമായി ഗലീലിയോ എന്ന കഥാപാത്രത്തെ നിർമ്മിക്കുകയാണ് ബ്രഹ്ത് ചെയ്തതെങ്കിൽ ഒരു ചരിത്രസന്ധിയിൽ ഒരു ശാസ്ത്രജ്ഞൻ എങ്ങനെ തന്റെ കാലത്തെ അഭിമുഖീകരിച്ചു എന്നന്വേഷിക്കുകയായിരുന്നു പരിഷത്. ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ചരിത്രത്തിൽ ഗലീലിയോവിന്റെ സ്ഥാനം അടയാളപ്പെടുത്താനായിരുന്നു പരിഷത് ശ്രമിച്ചത്.
തുടർച്ചയായി സഞ്ചരിച്ചുകൊണ്ട്, ഒരു ദിവസം രണ്ടോ മൂന്നോ വേദികളിൽ എന്ന തോതിൽ അവതരിപ്പിക്കുന്നതിന് പ്രാപ്തമാം വിധം, നാടകത്തെ പരുവപ്പെടുത്തിയെടുക്കേണ്ടിയിരുന്നു. നാടകദൈർഘ്യം, വിഷയത്തിന്റെ ഗഹനത, 400 വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു ചരിത്രസംഭവം-സന്ദർഭങ്ങൾ, കൈകാര്യം ചെയ്തിരിക്കുന്ന മുഖ്യപ്രശ്നത്തിന്റെ കാലികത, ഇവയുടെ സമകാലിക സാഹചര്യങ്ങളിലെ പ്രസക്തി എന്നിവയോരോന്നും ആ പ്രക്രിയയിലെ ഏറ്റവും വലിയ വെല്ലുവിളികളായി. ടെലസ്കോപ്പ് ഒരു ശാസ്ത്രഗവേഷണോപകരണമായി ഗലീലിയോ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിന്റെ നാനൂറാം വാർഷികം എന്ന സന്ദർഭം, വിദ്യാർത്ഥികളുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒരു ശാസ്ത്രനാടകം എന്ന പ്രസക്തി ഇതിന് തീർച്ചയായും നൽകുന്നുണ്ട്. ശാസ്ത്രത്തിലേയ്ക്ക് വിദ്യാർത്ഥികളെ കൂടുതൽ ആകൃഷ്ടരാക്കാൻ, വസ്തുതകളിൽ എത്തിച്ചേരുന്നതിൽ ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തിന് എത്ര പ്രാധാന്യമുണ്ട് എന്ന അവബോധം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ, തീർച്ചയായും ഉപയുക്തമാണ് ഈ നാടകം. അതേ സമയം നാടകം ഈയൊരു വിഷയ പരിസരത്തിൽ ഒതുങ്ങി നിൽക്കുന്നതും ആയിരുന്നില്ല. കാരണം, ടെലസ്കോപ്പിന്റെ പ്രയോഗവും അതിലൂടെ എത്തിച്ചേർന്ന പുത്തനറിവുകളും, അക്കാലത്ത് ജനങ്ങൾക്കിടയിലും അധികാരസ്ഥാനങ്ങളിലും ഉണ്ടാക്കിയ കോളിളക്കങ്ങളിലേയ്ക്കാണ് നാടകേതിവൃത്തം പരിണമിയ്ക്കുന്നത്. അതുകൊണ്ട് ഒരു ശാസ്ത്ര-ശാസ്ത്രചരിത്ര- നാടകം എന്ന നിലയിൽ മാത്രം ഇത് ചിട്ടപ്പെടുത്തുന്നത് അതിനോട് കാണിക്കുന്ന നീതികേടാകുമെന്നു മാത്രമല്ല, അവതരണങ്ങളിൽ ഒന്ന് ഒരു പൊതുവേദിയിലായിരിക്കെ, നാടകം, ഗലീലിയോയുടെ ശാസ്ത്രപ്രവർത്തനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നത് അപര്യാപ്തമായി വിലയിരുത്തപ്പെടുകയും ചെയ്യും. എന്നാൽ കൂടുതൽ വിശാലമായ ഒരു സാമൂഹ്യതലത്തിലേയ്ക്ക് ഇതിനെ കൊണ്ടുവരുമ്പോഴുള്ള ഒരു പ്രധാന പ്രശ്നമാകട്ടെ, നാടകസംഘർഷത്തിനാസ്പദമായ പ്രശ്നം, ഇന്ന് ഒരു പ്രശ്നമേയല്ല എന്നതാണ്. ഭൂകേന്ദ്രപ്രപഞ്ചവ്യവസ്ഥ എന്ന അതുവരെ നിലവിലുണ്ടായിരുന്ന സങ്കല്പത്തെ ചോദ്യം ചെയ്ത് സൂര്യകേന്ദ്രപ്രപഞ്ചവ്യവസ്ഥാസിദ്ധാന്തം സ്ഥാപിക്കപ്പെടുന്നതും അത് അന്നത്തെ സമൂഹത്തിൽ ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കുന്നതുമാണ് നാടകത്തിലെ കേന്ദ്രപ്രതിസന്ധി. ഇന്നത് ഒരു തർക്കവിഷയമല്ല. ആ നിലയ്ക്ക് ഇതിന്റെ കേവലാവതരണം ഒരു പഴംപുരാണത്തിന്റെ അപ്രസക്തമായ പുനരവതരണമായേ കണക്കാക്കപ്പെടൂ. മറ്റൊന്ന് മൂലനാടകത്തിൽ ക്രൈസ്തവസഭ കൈക്കൊണ്ടിരിക്കുന്ന പ്രതിയോഗിസ്ഥാനമാണ്. ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അവർ അങ്ങനെയൊരു സ്ഥാനം ഇന്ന് കയ്യാളുന്നുണ്ടെന്ന് പറഞ്ഞുകൂടാ. മാത്രവുമല്ല ചെയ്തുപോയ അനീതികൾക്ക് സഭ ഗലീലിയോവിനോട് മാപ്പ് ചോദിക്കുകയും -മരണാനന്തരമെങ്കിലും-ചെയ്തിട്ടുണ്ട് താനും. മുഖ്യപ്രശ്നം ഇങ്ങനെ സ്വയം റദ്ദു ചെയ്യപ്പെടുന്ന സ്ഥിതിക്ക്, നാടകത്തിന്റെ കാലിക പുനരാഖ്യാനത്തിന്റെ ഊന്നൽ എന്തായിരിക്കണമെന്നതായി മുഖ്യപ്രശ്നം. അതേ സമയം സമകാലിക മലയാളി സമൂഹം നടത്തിക്കൊണ്ടിരിക്കുന്ന സാംസ്കാരിക പിൻനടത്തം, ഈ നാടകത്തിന്റെ ഇക്കാലഘട്ടത്തിലെ അവതരണത്തിന് പുതിയൊരു പ്രസക്തി നൽകുന്നുമുണ്ടായിരുന്നു. തന്റെ ജീവിതകാലത്തു തന്നെ ജ്യോതിശാസ്ത്രം തെരുവുകളിൽ ചർച്ച ചെയ്യപ്പെടുമെന്ന് പ്രത്യാശിച്ച ആളാണ് ഗലീലിയോ. ശാസ്ത്രം സമൂഹത്തിലെ ഏറ്റവും സാധാരണക്കാരുടെയും ചർച്ചാ വിഷയവും ദർശനവും ആയിത്തീരുന്ന കാലത്തിനു വേണ്ടിയാണ് പരിഷത്തും പ്രവർത്തിക്കുന്നത്. തത്വചിന്താപരമോ, വിശ്വാസപരമോ ആയ പൂർവ്വഭാരങ്ങളെ കുടഞ്ഞെറിഞ്ഞ് വസ്തുനിഷ്ഠമായ ശാസ്ത്രാന്വേഷണത്തിലേക്ക്, ശാസ്ത്രബോധത്തിലൂന്നിയ ജീവിത വീക്ഷണത്തിലേക്ക് സാമാന്യ ജനങ്ങൾ ഉണരണം എന്നാണ് പരിഷത്ത് അഭിലഷിക്കുന്നത്. എന്നാൽ ജ്യോതിശാസ്ത്രത്തിന് പകരം ജ്യോതിഷമാണ് കേരളത്തിലെ തെരുവുകളിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ, ആധുനിക സമൂഹത്തിലേയ്ക്കുള്ള വളർച്ചയുടെ വഴികളിൽ കൈവെടിഞ്ഞ ജീർണ്ണതകളത്രയും വീണ്ടും വാരിയണിഞ്ഞ് മേനി നടിച്ചും, വിധിവിശ്വാസത്തിന്റേയും അന്ധവിശ്വാസത്തിന്റേയും യുക്തിരാഹിത്യത്തിന്റേയും ആഴക്കയങ്ങളിൽ നീന്തിത്തുടിച്ചും പരിലസിക്കുകയാണ് ഇന്നത്തെ കേരള സമൂഹം. കേവലം മതാത്മകതയും ദൈവോന്മുഖതയും ചേർന്നുള്ള നിരർത്ഥ വിവാദങ്ങളാണ് കേരളത്തിലെ തെരുവുകളിൽ മുഴങ്ങുന്നത്. ആൾദൈവങ്ങളുടെ അത്ഭുത സിദ്ധികളെക്കുറിച്ചുള്ള വാചാലമായ ചിത്രീകരണങ്ങളും, അത്ഭുതയന്ത്രങ്ങളുടെയും, മാന്ത്രിക രക്ഷകളുടെയും പരസ്യങ്ങളും ആധികാരികതയോടെയാണ് മാദ്ധ്യമങ്ങളിൽ നിറയുന്നത്. സംഘടിത മത-സാമുദായിക ശക്തികൾ, സങ്കുചിതമായ ചേരിതിരിവുകൾക്കും, ശത്രുതകൾക്കും, നിർലജ്ജമായ കച്ചവടതാൽപ്പര്യങ്ങൾക്കും നേതൃത്വം നല്കുകയാണ്. ഇവയ്ക്കെതിരെയുള്ള ചെറിയ ചോദ്യം ചെയ്യലുകൾ പോലും അവരെ അസ്വസ്ഥരും വിഹ്വലരുമാക്കുന്നു. നാടകത്തിൽ പറയുന്ന പുതിയ ശാസ്ത്രവും, അത് അന്നത്തെ സമൂഹത്തിലുണ്ടാക്കിയ ചലനവും കേരള സമൂഹത്തെ സംബന്ധിച്ചിടത്തോളം കാലികമല്ലാതാവുന്നുണ്ടെങ്കിലും അതിനൊക്കെ അന്തർധാരയായിരിക്കുന്ന ചില പ്രവണതകൾ, നിലപാടുകൾ, കാലത്തെ അതിജീവിച്ചുകൊണ്ട് ഇപ്പോഴും നിലനില്ക്കുന്നു എന്നത് ഒരു വാസ്തവമാണ്. വസ്തുതകൾ നിലനിൽക്കെ, അവയെ തമസ്കരിച്ച്, സ്വന്തം വിശ്വാസമാണ് ശരി എന്ന് സമൂഹത്തിൽ പല വിഭാഗങ്ങളും സംഘടിതമായിത്തന്നെ എടുത്തിരിക്കുന്ന നിലപാടും തങ്ങളുടെ മുൻനിശ്ചിത വിശ്വാസങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് വിവാദങ്ങളിൽ അഭിരമിയ്ക്കുന്ന രീതിയുമാണ് അതിലൊന്ന്. നാടകത്തിന്റെ നാലാമത്തെ രംഗം നോക്കുക.ഫ്ളോറൻസിലെ ഡ്യൂക്കിന്റെ നിർദ്ദേശാനുസരണം ഗലീലിയോയുടെ ടെലസ്കോപ്പും അതുപയോഗിച്ചുള്ള കണ്ടുപിടുത്തങ്ങളും നേരിൽ കണ്ട് മനസ്സിലാക്കാനെത്തുന്ന സർവകലാശാലാ പണ്ഡിതർ അതിനു തുനിയാതെ പരമ്പരാഗതമായി ശരിവച്ചു പോരുന്ന അരിസ്റ്റോട്ട്ലിയൻ സിദ്ധാന്തങ്ങളിലുള്ള തങ്ങളുടെ അചഞ്ചലമായ വിശ്വാസം ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്. വസ്തുതകളെ സ്വന്തം കണ്ണുകളെക്കൊണ്ട് നോക്കിക്കാണാനും കണ്ണുകൾ കൊണ്ട് കണ്ടവ മാത്രം വിശ്വസിക്കാനുമുള്ള ഗലീലിയോയുടെ അപേക്ഷയോടവർ പ്രതികരിക്കുന്നത് തീർത്തും നിഷേധാത്മകമായിട്ടാണ്. ‘നേരിൽ കണ്ട് മനസ്സിലാക്കുന്നതിനു മുമ്പ് നമുക്കതേപ്പറ്റി ഒരു തർക്കത്തിലേർപ്പെടാം‘ എന്നാണവരുടെ നിലപാട്. 'വസ്തുതകൾ അവിടെ നിൽക്കട്ടെ;നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാം, വസ്തുതകളെ കണ്ടില്ലെന്ന് നടിക്കാം, വളച്ചൊടിക്കുകയും ദുർവ്യാഖാനം ചെയ്യുകയും തമസ്കരിക്കുകയും ചെയ്യാം' എന്നത് ഇന്നത്തെ കേരളസമൂഹത്തിന്റേയും ഒരു രോഗമാണല്ലോ. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ നാൽപതാം വാർഷികം പ്രമാണിച്ച് കേരളത്തിൽ തന്നെ ചില ചാനലുകൾ നടത്തിയ ചർച്ചാ പരിപാടികളിലും കണ്ടു, ഈ വസ്തുതാനിഷേധ വാസനയും അർത്ഥഹീനമായ വിവാദങ്ങളും. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി എന്ന വസ്തുത അനേകം മാർഗ്ഗങ്ങളിലൂടെ പരിശോധിച്ച് ബോദ്ധ്യപ്പെടാമെന്നിരിക്കെ, അനേകം എതിർ സാദ്ധ്യതകൾ തങ്ങളുടെ ഹ്രസ്വദൃഷ്ടി ഉപയോഗിച്ച് കണ്ടെത്തുവാൻ അധ്വാനിക്കുന്ന ഒരു പ്രവണതയാണ് ആ ചർച്ചകളിൽ കണ്ടത്. രണ്ട് കാലഘട്ടങ്ങളിലും ഒരു പോലെ കാണാനാവുന്ന ഈ പ്രവണതയ്ക്ക് നേരേ വിരൽ ചൂണ്ടിക്കൊണ്ട് ഇത്തരമൊരു രംഗം നാടകത്തിന്റെ തുടക്കത്തിൽ പുതുതായി എഴുതിച്ചേർക്കുകയും പുതിയ നാടകപാഠത്തിന്റെ ആദ്യാക്ഷരം അങ്ങനെ കുറിക്കുകയും ചെയ്തു. നാടകാവതരണകാലത്തെ മലയാളി പ്രേക്ഷകൻ പെട്ടെന്ന് താദാത്മ്യം പ്രാപിക്കാനാവുന്ന ഒരു സന്ദർഭമായിത്തീർന്നു അങ്ങനെ ആ രംഗം.
ഗലീലിയൻ കാലഘട്ടത്തിലെന്നതു പോലെ രാഷ്ട്രാധികാരത്തിൽ കൈ കടത്താൻ മതം വീണ്ടും നടത്തുന്ന ശ്രമങ്ങളും, ഇടപെടലുകളും ആണ് നാടകത്തിന്റെ കാലിക പുനരാഖ്യാനത്തെ പ്രസക്തമാക്കുന്ന, നാടകത്തെ സമകാലികവും കേളീയവുമാക്കുന്ന രണ്ടാമത്തെ ഘടകം. അക്കാലം ഭരണാധികാരികളെ വാഴിക്കാനും വീഴിക്കാനും പോലും പോന്നവിധം ക്രൈസ്തവസഭയുടെ അപ്രമാദിത്വം യൂറോപ്പിൽ, വിശിഷ്യാ മെഡിറ്ററേനിയനിൽ കൊടികുത്തി നിൽക്കുകയായിരുന്നു. ബ്രൂണോയെന്ന സ്വതന്ത്രചിന്തകനെ ജീവനോടെ ചുട്ടെരിച്ചതു പോലെയുളള നടപടികൾ കൂടിയും ഭരണകൂടങ്ങൾക്ക് ചോദ്യം ചെയ്യാൻ കഴിയാതിരുന്ന ഒരു കാലമായിരുന്നു അത്. ഇന്ന് സഭക്ക് ഭരണകൂടങ്ങൾക്കുമേൽ പ്രത്യക്ഷത്തിൽ അധികാരമൊന്നുമില്ലെങ്കിലും ഭരണത്തെ സമ്മർദ്ദത്തിലാഴ്ത്താൻ പോന്ന ഒരു സ്വാധീനശക്തിയായി തുടരാൻ കഴിയുന്നുണ്ട്. തങ്ങൾക്ക് അഹിതമെങ്കിൽ ഭരണകൂടം കൊണ്ടുവരുന്ന ഏത് സാമൂഹ്യനവീകരണ നടപടിയെയും അവർ എതിർക്കുക തന്നെ ചെയ്യും. തങ്ങളുടെ സ്ഥാപിത താത്പര്യങ്ങളുമായി ഒത്തുപോകുന്നതെങ്കിൽ ഏതു നയത്തെയും സ്വീകരിക്കുകയും ചെയ്യും. കേരള സമൂഹം ഇതിന്റെ നിരവധി ഉദാഹരണങ്ങൾക്ക് സാക്ഷികളായിട്ടുണ്ട്. എല്ലാ മത-സാമുദായിക വിഭാഗങ്ങളും സമ്മർദ്ദശക്തികളാകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ക്രൈസ്തവസഭക്ക് തന്നെയാണ് ഇവിടെ ഇന്ന് മേൽക്കൈ. കേരളത്തിൽ അടുത്തകാലത്തുണ്ടായ പല വിവാദങ്ങളും തങ്ങളുടെ ഇഹലോക താല്പര്യ സംരക്ഷണാർത്ഥം സഭ ഉയർത്തിക്കൊണ്ടു വന്നതാണ്. മതമില്ലാത്ത ജീവൻ എന്ന പാഠഭാഗത്തിനെതിരെ ഉണ്ടായ ഒച്ചപ്പാടുകൾ തന്നെ ഉദാഹരണം. വസ്തുതകൾ പരിശോധിക്കാതെ, സമഗ്രമായി വിലയിരുത്താതെ, വിശാലമായ കാഴ്ചപ്പാടിൽ മനസ്സിലാക്കാതെ, വിവാദങ്ങളെ കൊണ്ടാടുകയെന്ന പ്രവണതയുടെ കറതീർന്ന മാതൃകയായിരുന്നു അത്. വാസ്തവത്തിൽ എന്തായിരുന്നു ആ പാഠഭാഗത്തിന്റെ സന്ദേശം? 'നിത്യജീവിതത്തിൽ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്ന ഒട്ടനവധി പ്രതിസന്ധികളിൽ, പ്രകൃതി ദുരന്തങ്ങൾക്കു മുന്നിൽ, അപകടങ്ങളിൽ, മറ്റനേകം സമാന സന്ദർഭങ്ങളിൽ മാനദണ്ഡമാകുന്നത് മനുഷ്യന്റെ മതമല്ല; പട്ടിണിക്ക്, രക്തത്തിന്, മതമില്ല' -ഇത്യാദി കേട്ടുപഴകിയ കുറെ ആശയങ്ങൾ മാത്രം! മതാഭിമാനികൾക്ക് ഭയപ്പെടാൻ മാത്രം സമൂഹത്തെ കീഴ്മേൽ മറിക്കുന്ന തരത്തിലുളള നവീന വിപ്ലവാശയങ്ങൾ ഒന്നുമേ ഇല്ല!! എന്നിട്ടും വിവാദത്തിന് അതും വിഷയമാവുകയായിരുന്നു. ഭാവി തലമുറയെ മതനിരപേക്ഷ മന:സ്ഥിതിക്കാരായി വളരാൻ ഒരുപക്ഷേ ഉപകരിച്ചേക്കാം എന്നു മാത്രമേ പാഠഭാഗത്തിനെപ്പറ്റി പറയുവാൻ കഴിയുമായിരുന്നുളളു. അതാകട്ടെ, ഒരു ഭരണകൂടം ലക്ഷ്യമിടേണ്ട കാര്യങ്ങളിൽ ഒന്നു തന്നെയായതിനാൽ അതൊരു അപരാധവുമല്ല. സമൂഹത്തെ നാളെ മുന്നോട്ടു കൊണ്ടുപോകേണ്ടവരായ ഇന്നത്തെ കുട്ടികൾ, സാമൂഹിക ബോധവും സമഭാവനയും ഉളളവരാകണമെന്ന് അഭിലഷിക്കുന്നതും അതിനായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും ഭരണകൂടത്തിന്റെ കടമയുമാണ്. അത്തരമൊരു ദർശനം ഇല്ലെങ്കിലാണ് ഒരു ഭരണകൂടം വിമർശിക്കപ്പെടേണ്ടത്. വരും തലമുറ മതനിരപേക്ഷ സാമൂഹ്യബോധം ഉളളവരാകണമെന്നു മാത്രമല്ല, അധികാരവും സമ്പത്തുമായി കെട്ടിമറിഞ്ഞു കഴിയുന്ന ഇന്നത്തെ മതവിഭാഗീയതയുടെ സംസ്ക്കാരത്തിൽ നിന്ന് വിമുക്തരും ആവണമെന്ന് ഭരണകൂടം മാത്രമല്ല, സമൂഹം ആകെത്തന്നെയും സ്വപ്നം കാണേണ്ടതാണ്. എന്നാൽ അതല്ല ഉണ്ടായത്. നമ്മുടെ സമൂഹം അതിന്റെ മതസങ്കുചിത ചിന്താഗതിയുടെ അതേ മൂശയിൽ തന്നെ അതിന്റെ മക്കളും വളർന്നു വരണമെന്ന് ശാഠ്യം പിടിച്ചു. മതവികാരം നുരഞ്ഞുപതഞ്ഞും, തന്റെ മതം മാത്രം ശ്രേഷ്ഠം എന്നു മദിച്ചും, തന്റെ മതത്തിലെ ഏറ്റവും ദുർഗുണനായ വ്യക്തി പോലും ഇതര മതങ്ങളിലെ ഏറ്റവും സദ്ഗുണസമ്പന്നനായ വ്യക്തിയെക്കാളും ഗുണവാനെന്നു വിജൃംഭിച്ചും, സ്വമതവിഭാഗത്തിലേക്കും വിഭാഗീയതകളിലേക്കും ആളെ ചേർക്കാൻ അധ്വാനിച്ചും, എതിർവിഭാഗങ്ങളെ ഇല്ലായ്മ ചെയ്തും! ഈ കോലാഹലങ്ങൾക്കൊക്കെ സാക്ഷ്യം വഹിച്ച ഒരു കേരള സമൂഹത്തിന് തീർച്ചയായും ഇറ്റലിയിൽ 400 വർഷങ്ങൾക്കു മുമ്പ് നിലനിന്നിരുന്ന സമാനമായ ഒരു സാമൂഹികാവസ്ഥയെ- ഈ നാടകത്തിന്റെ രംഗഭൂമിയെ-ഉൾക്കൊളളാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ലല്ലോ. നാടകത്തിന്റെ സമകാലിക -പ്രാദേശിക പ്രസക്തികളെ സംബന്ധിച്ച എല്ലാ സന്ദേഹങ്ങൾക്കും അങ്ങനെ അറുതിയായി.
എന്നാൽ ഒരു രംഗകലാരൂപമെന്ന നിലയിൽ നാടകം കേരളത്തിൽ ഒരു പ്രതിസന്ധിയെ അഭിമുഖികരിക്കുന്ന കാലം കൂടിയാണ് ഇത്. ആളൊഴിഞ്ഞ സദസ്സുകളാണ് പൊതുവിൽ നാടകങ്ങൾക്കു കിട്ടിവരുന്നത്. ചുരുങ്ങിയ പക്ഷം ഗാനമേളകൾക്കോ മിമിക്രിക്കോ കിട്ടുന്ന പ്രേക്ഷക ശ്രദ്ധപോലും നാടകങ്ങൾക്ക് ലഭിക്കുന്നില്ല. ശ്രദ്ധ നേടുന്നവയാകട്ടെ, അന്ത:സാര ശുന്യമായ കുടുംബകഥകളുടെ നാടകാവിഷ്ക്കാരങ്ങൾ മാത്രവും! നാടക രംഗത്തെന്നല്ല സിനിമയിലും ടെലിവിഷനിലും ഒക്കെ ഇത്തരം കഥകൾ തന്നെയാണ് ജനപ്രിയമായിരിക്കുന്നതും. വ്യത്യസ്ത ഇതിവൃത്തങ്ങളും പരിചരണ രീതികളുമായി തയ്യാറാക്കപ്പെടുന്നവയൊന്നും ജനപ്രിയത കൈവരിക്കാറില്ലെന്നു തന്നെയാണ് പൊതുവിൽ കണ്ടുവരുന്നത്. ഇത്തരം ഒരു അഭിരുചി സ്വന്തമായുളള ഒരു സമൂഹത്തിനു മുമ്പാകെ, അപരിചിതമായ ഒരു കാല-സ്ഥല പരിസരത്ത് സംഭവിച്ച ഒരു ജീവിത കഥയും ആ ജീവിതം വ്യാപരിച്ച 'ശാസ്ത്രം' എന്ന സവിശേഷമായ കർമ്മ മേഖല അഭിമുഖീകരിച്ച വെല്ലുവിളികളും നാടകരൂപത്തിൽ അവതരിപ്പിക്കുകയെന്നത് സാഹസികതയെന്നതിലെറെ വ്യർത്ഥമായ ഒരു ഊർജ്ജ ദുർവിനിയോഗമായി തീരാനായിരുന്നു സാധ്യത. ഇന്നത്തെ ഒരു മലയാളി നാടക പ്രേക്ഷകൻ, ഒരു മുഴുനീള നാടകം ആവശ്യപ്പെടുന്നത്രയും സമയം, ഇത്തരമൊരു നാടകത്തിന് വിശേഷിച്ചും, അനുവദിച്ചു തരുമോ എന്ന് ഉൽക്കണ്ഠപ്പെടാതിരിക്കാനും ആവുമായിരുന്നില്ല. ഗലീലിയോയുടെ ജനപ്രിയമായേക്കാവുന്ന വ്യക്തിജീവിതത്തിൽ കൂടുതൽ ഊന്നൽ നൽകേണ്ട ആവശ്യം പരിഷത്തിനില്ല താനും. ഊന്നൽ ശാസ്ത്രത്തിനും അത് അക്കാലം നേരിട്ട വെല്ലുവിളികൾക്കും തന്നെ ആകേണ്ടിയിരുന്നു; ഗലീലിയോയുടെ നിലപാടുകളോടുളള തീവ്രമായ സത്യസന്ധതയുടെ പേരിൽ പ്രേക്ഷകരെ നാടകത്തിനു മുമ്പിൽ പിടിച്ചിരുത്തേണ്ടിയിരുന്നു.
മൂലനാടകം അതുപടി അവതരിപ്പിക്കുക, അതിന്റെ സമയദൈർഘ്യം കൊണ്ട് തന്നെ അപ്രായോഗികമായ കാര്യമാണ്. അതുകൊണ്ടുതന്നെ അത് സംഗ്രഹിക്കുക എന്നത് ഒരു അനിവാര്യതയായിത്തീരുകയും, ഊന്നലുകളെക്കുറിച്ച് സന്ദേഹങ്ങളൊന്നും ഇല്ലാതിരിക്കെത്തന്നെ, ഒഴിവാക്കേണ്ട ഭാഗങ്ങൾ, രംഗങ്ങൾ, കഥാപാത്രങ്ങൾ, കഥാഗതി മുതലായവ സംബന്ധിച്ച് വ്യക്തത ആവശ്യമായി വരികയും ചെയ്തു. ബ്രഹ്തിന്റെ കഥാപാത്രങ്ങൾ വളരെ വാചാലരായിരുന്നു. പലരുടേയും സംഭാഷണഭാഗങ്ങൾ ഒന്നിലേറെ പേജുകളിലേക്ക് സംക്രമിച്ചു കിടന്നിരുന്നു. അത്തരം സംഭാഷണ ഭാഗങ്ങളെ വിനിമയം ചെയ്യേണ്ട കാര്യങ്ങളിലേക്ക് ധ്വന്യാത്മകമായി ചുരുക്കി എടുക്കുക എന്നതായി സംഗൃഹീത പാഠനിർമ്മാണത്തിന്റെ ആദ്യപ്രക്രിയ. ഇതിലൂടെ മൂലനാടകത്തിന്റെ ദൈർഘ്യം ഗണ്യമായി ചുരുങ്ങിക്കിട്ടി. ഗലീലിയോ ജീവിച്ചിരുന്ന ഒരാളായിരുന്നെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ചരിത്രത്തിന്റെ ഭാഗവും സമൂഹത്തിന്റെ പൊതു അറിവിന്റെ ഭാഗവുമാണ്. അദ്ദഹത്തിന് നേരിടേണ്ടിവന്ന എതിർപ്പുകളുടെയും തുടർന്നുളള കുറ്റവിചാരണയുടെയും ശിക്ഷാ വിധിയുടെയുമെല്ലാം കർത്തൃസ്ഥാനത്ത് നിലകൊളളുന്നത് ക്രൈസ്തവ സഭയാണ്. ശാസ്ത്രവും വിശ്വാസവും തമ്മിലുളള വൈരുദ്ധ്യാധിഷ്ഠിത ബന്ധമാണ് നാടകത്തിലെ സംഘർഷം നിർവഹിക്കുന്നത്. അതുകൊണ്ട് തന്നെ ഉദ്ദിഷ്ട ഊന്നലുകളിൽ നിന്ന് അനാവശ്യ വിവാദങ്ങളിലേക്ക് ജനശ്രദ്ധ വ്യതിചലിക്കും വിധം, യഥാർത്ഥത്തിൽ ചരിത്രത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും തന്നെ നാടകത്തിൽ നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കേണ്ടിയിരുന്നു. ചരിത്രം ഒഴിവാകുകയോ ദൂര:സ്ഥിതമാവുകയോ ചെയ്യുകയും നാടകരചയിതാവിന്റെ ഭാവന മാത്രം നിലനിൽക്കുകയും ചെയ്താൽ ചരിത്രത്തെ നിക്ഷിപ്ത താൽപര്യത്തോടെ വളച്ചൊടിച്ചു എന്നതാവും പരിഷത്തിനെതിരെ ഉയരാനിടയുളള ആരോപണം. ഒരു രചയിതാവിന്റെ ആത്മാവിഷ്കാരം എന്ന നിലയിലോ ഒരു സംവിധായകന്റെ സ്വപ്ന സാക്ഷാത്കാരം എന്ന നിലയിലോ, മറ്റാരുടെയെങ്കിലും കേവല കൌതുകത്തിന്റെ നിർവഹണമെന്ന നിലയിലോ ആവില്ല, മറിച്ച് ഉത്തരവാദിത്വമുളള ഒരു സംഘടനയുടെ ആത്മപ്രകാശനം എന്ന നിലയിലായിരിക്കും സമൂഹം ഈ സംരംഭത്തെ വിലയിരുത്തുക എന്നതും കണക്കിലെടുക്കേണ്ടിയിരുന്നു. അപ്പോൾ ഊന്നലുകൾ അസ്ഥാനത്തായിക്കൂടാ; പറയാനുളള കാര്യങ്ങളിലേക്ക് മാത്രം പ്രേക്ഷകശ്രദ്ധ പതിയണം; അനാവശ്യ വിവാദങ്ങളിലേക്കുളള പഴുതുകൾ അടച്ചിരിക്കണം; ചരിത്രത്തോട് നീതിപുലർത്താനും കഴിയണം.
ബ്രഹ്തിന്റെ കൃതിയെ അത്തരത്തിൽ സമീപിച്ചപ്പോൾ വ്യക്തമായ പ്രധാന കാര്യങ്ങളിലൊന്ന്, അദ്ദേഹം ഗലീലിയോയുടെ വ്യക്തിജീവിതത്തിന്റെ ചിത്രീകരണത്തിൽ വളരെയധികവും, ശാസ്ത്രത്തിന്റെ കാര്യത്തിൽ ചെറിയതോതിലും, സ്വാതന്ത്ര്യം എടുത്തിട്ടുണ്ട് എന്നതാണ്. വ്യക്തി ജീവിത ചിത്രീകരണത്തിൽ ബ്രഹ്ത് കൊണ്ടുവന്ന പ്രധാന മാറ്റം വിർജിനിയ എന്ന മകളുടെ കാര്യത്തിലാണ്. വിർജിനിയ, ഗലീലിയോയുടെ മകൾ തന്നെയാണ്. ലിവിയ എന്ന മറ്റൊരു മകളും വിൻസെൻസിയോ എന്നൊരു മകനും ഉണ്ടായിരുന്നു, അദ്ദേഹത്തിന്. എന്നാൽ നാടകത്തിൽ സാന്നിധ്യം കൊണ്ടോ പരാമർശം കൊണ്ടോ ഗലീലിയോയ്ക്ക് വിർജീനിയയല്ലാതെ മറ്റ് മക്കൾ ഇല്ല. വിർജീനിയയാകട്ടെ നാടകത്തിലുടനീളം ഗലീലിയോക്കൊപ്പം ഉണ്ട്. ഗലീലിയോയുടെ ശിഷ്യനുമായി വിവാഹ നിശ്ചയത്തോളമെത്തുന്ന ഒരു പ്രണയമുണ്ട്; ആ ബന്ധത്തിന്റെ തകർച്ചയും അതിന്റെ ആഘാതത്തിൽ അവിവാഹിതയായി തുടരുന്ന ശിഷ്ടജീവിതവുമുണ്ട്; എന്നാൽ ചരിത്രത്തിലോ ? പെണ്മക്കളെ ഇരുവരെയും അവർക്ക് പതിനാലും പതിമൂന്നും വയസ് വീതം പ്രായമുളളപ്പോൾ തന്നെ ഫ്രാൻസിസ്കൻ സന്യാസിനി സഭയിൽ അഗങ്ങളാക്കുകയാണ് ഗലീലിയോ ചെയ്തത്. സിസ്റ്റർ മരിയ സെലസ്റ്റെ ആയി വിർജിനിയയും, സിസ്റ്റർ ആർക്കേയ്ഞ്ചല ആയി ലിവിയയും മാറി. എന്നാൽ ബ്രഹ്ത്, നാടകത്തിന്റെ രണ്ടാം രംഗത്തിലവതരിപ്പിക്കുന്ന വിർജിനിയ ഒരു പതിനഞ്ചുകാരിയാണ്. ആ പ്രായത്തിൽ വിർജീനിയ ഗലീലിയക്കൊപ്പം ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഈ രംഗത്തിലെ സംഭവങ്ങൾ അരങ്ങേറുന്ന 1609ൽ വിർജീനിയക്ക് ഒമ്പത് വയസ്സ് മാത്രമേ പ്രായമായിരുന്നുളളു താനും. ഈ കഥാപാത്രം ചരിത്ര യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല എന്നതിനാൽ അഴിച്ചുപണിയിൽ ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. (ചരിത്രത്തോട് നീതി പുലർത്താനുളള ഈ നടപടിയെ പിൽക്കാലത്ത് നാടകം അരങ്ങേറിയ ശേഷം പത്രപക്തിയിൽ വന്ന ഒരാസ്വാദനത്തിൽ പരിഷത്തിന്റെ സ്ത്രീവിരുദ്ധതയുടെ അടയാളമായി എടുത്തുകാട്ടുകയുണ്ടായി എന്നത് നമ്മുടെ സമൂഹം ആഘോഷിക്കുന്ന ‘വാസ്തവ-വിശ്വാസ വൈരുദ്ധ്യ‘ങ്ങളുടെ ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടാം)
ടെലസ്കോപ്പ് എന്ന ആശയം ഗലീലിയോയുടെ ബുദ്ധിയിൽ വിദ്യുൽ സ്ഫുലിംഗങ്ങൾ പായിക്കുന്നതാണ് ബ്രഹ്ത് ചരിത്രത്തിൽ നിന്ന് വഴിമാറിനടന്ന മറ്റൊരു സന്ദർഭം. രംഗം ഒന്നിൽ, ലുദോവിക്കോ എന്ന കഥാപാത്രത്തിൽ നിന്ന്, ഹോളണ്ടിൽ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന ആ ഉപകരണത്തെപ്പറ്റി ഗലീലിയോ അറിയുകയാണ്. 'അത് പച്ചനിറമുളള തുകൽ കൊണ്ടു പൊതിഞ്ഞ ഒരു കുഴലാണ്. ഒരു കോൺകേവ് ലെൻസും ഒരു കോൺവെക്സ് ലെൻസും ഘടിപ്പിച്ചതാണ്. വസ്തുക്കളെ അഞ്ചിരട്ടി വലുപ്പത്തിൽ കാണാൻ പര്യാപ്തവുമാണ്.' ഇത് അറിയുന്നതോടെ ഗലീലിയോ സ്വന്തമായി അത്തരമൊന്ന് ഉണ്ടാക്കാൻ പുറപ്പെടുകയും രംഗം രണ്ടിൽ, രണ്ടടി നീളമുളളതും ചുകന്ന നിറമുളള തുകൽ കൊണ്ട് പൊതിഞ്ഞതുമായ ഒരു കുഴൽ നിർമ്മിച്ച് സെനറ്റർമാർക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരാളുടെ ആശയം തനതാക്കി മാറ്റുകയും, പുറംചട്ടയുടെ നിറം മാത്രം മാറ്റി പുറം ലോകത്തിന് അവതരിപ്പിക്കുകയും ചെയ്ത ഒരു തട്ടിപ്പുകാരൻ എന്നാണ് ഈ രംഗം ഗലീലിയോയെപ്പറ്റി തരുന്ന ചിത്രം. ലൂദോവിക്കോയിലൂടെ അത് വ്യക്തമാക്കുന്നു, ബ്രഹ്ത്: 'അതിന് പച്ചനിറത്തിലുളള പൊതിച്ചിൽ ആയാലും കുഴപ്പമൊന്നുമില്ലായിരുന്നു ..... എനിക്കും ശാസ്ത്രത്തെപ്പറ്റി ചിലതൊക്കെ മനസ്സിലായി വരുന്നു'. ഈ രംഗത്തിന്റെ തുടക്കത്തിലുളള കോറസിന്റെ പാട്ടിൽ നിന്ന് ബ്രഹ്തിന്റെ ലക്ഷ്യം വ്യക്തവുമാണ്. 'ലോകത്തിൽ ആരും പരിപൂർണ്ണരല്ല; പണ്ഡിതനാണെങ്കിലും ഗലീലിയോയും ആഹാരം കഴിച്ചു ജീവിക്കുന്ന ആളാണ്; അതുകൊണ്ട് അദ്ദേഹം ആവിഷ്കരിച്ച ഈ ദൂരച്ചില്ലിനെ സംബന്ധിക്കുന്ന സത്യത്തിൽ ആരും പരിഭവം കാണിക്കരുതേ'! എത്ര നാടകീയതയുടെ പേരിലായാലും ഇത് വസ്തുതാ വിരുദ്ധം തന്നെയാണ്. കാരണം 1609 മെയ് മാസം തന്നെ പൌലോ സാർപ്പി എന്ന സുഹൃത്തിന്റെ കത്തിൽ നിന്നും ഒരു ഹോളണ്ടുകാരൻ സ്പൈഗ്ലാസ്സ് എന്നറിയപ്പെടുന്ന ഇത്തരമൊരു ഉപകരണം കണ്ടുപിടിച്ചതായി ഗലീലിയോ അറിഞ്ഞിരുന്നു. 1610 ഏപ്രിലിൽ പുറത്തു വന്ന ദ സ്റ്റാറി മെസ്സഞ്ചർ (The starry messenger ) എന്ന കൃതിയിൽ മറച്ചുവയ്ക്കാതെ അദ്ദേഹം എഴുതി: 'ഏതാണ്ട് പത്തു മാസങ്ങൾക്കു മുന്പു തന്നെ എന്റെ കാതുകളിൽ ഒരു വാർത്ത എത്തുകയുണ്ടായി, ഫ്ളെമിംഗ് എന്നൊരാൾ ഒരു സ്പൈഗ്ലാസ് നിർമ്മിച്ചെന്നും അതിന്റെ സഹായത്തോടെ വളരെയകലെയുളള വസ്തുക്കൾ വളരെയടുത്തെന്ന പോലെ കാണാമെന്നും; കുറച്ചു നാളുകൾക്കു ശേഷം പാരീസുകാരനായ ജാക്വിസ് ബദുവ്വ എന്നയാളിൽ നിന്നും ലഭിച്ച ഒരു കത്ത് ഈ വാർത്ത ശരിവയ്ക്കുകയും സമാന രീതിയിലുളള ഒരു ഉപകരണത്തിന്റെ നിർമ്മാണത്തിന് സ്വയം സമർപ്പിക്കാൻ അതെനിക്കു കാരണമാവുകയും ചെയ്തു....പ്രകാശത്തിന്റെ അപവർത്തനത്തെ സംബന്ധിച്ച സിദ്ധാന്തങ്ങളായിരുന്നു ഞാൻ സ്വീകരിച്ച അടിത്തറ'(ഹിസ്റ്ററി ഓഫ് മാത്തമാറ്റിക്സ്). ടെലസ്കോപ്പ് തന്റെ കണ്ടുപിടിത്തമാണ് എന്ന് ഗലീലിയോ അവകാശപ്പെട്ടിട്ടില്ല. ആദ്യം ഉണ്ടാക്കിയത് തൽക്കാലം ലഭ്യമായ ലെൻസുകൾ ഉപയോഗിച്ചാണെങ്കിൽ 1609 ആഗസ്റ്റോടെ 8, 9 M (M:Unit of Magnification) വരെ ശക്തിയുളള ടെലസ്കോപ്പുകളുടെ ഒരു പരമ്പര തന്നെ അദ്ദഹം രൂപപ്പെടുത്തുകയുണ്ടായി. തന്റെ പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം സാർപ്പിയെ അറിയിച്ചുകൊണ്ടാണിരുന്നത്. സാർപ്പിയാകട്ടെ, വെനിഷ്യൻ സെനറ്റിനു മുമ്പാകെ ഗലീലിയൻ ടെലസ്കോപ്പിന്റെ ഒരു പ്രദർശനവും അതിന്റെ പ്രവർത്തന രീതിയുടെ ഒരു അവതരണവും ഏർപ്പാടാക്കുകയും ചെയ്തു. കേവലം ഒരു പുറംചട്ട മാറ്റം മാത്രമായിരുന്നില്ല ഗലീലിയോയുടെ സംഭാവന എന്നർത്ഥം. മൂലനാടകം നൽകുന്ന അത്തരമൊരു സൂചന ഒഴിവാക്കിക്കൊണ്ടാണ് നാടകത്തിന്റെ മാറ്റിയെഴുത്ത് നടത്തിയത്. കാരണം ശാസ്ത്രത്തിൽ പലപ്പോഴും ആശയങ്ങളും സിദ്ധാന്തങ്ങളും ഒരാളുടേതും അവയെ പ്രയോഗ തലത്തിൽ എത്തിയ്ക്കൽ മറ്റൊരാളുടേതും ആവുക സ്വാഭാവികമാണ്. അത് ആദ്യത്തേതിന്റെ വിപുലീകരണമാണ്, അപഹരണമല്ല; അതിന്റെ പേരിൽ ഒരു ശാസ്ത്രകാരൻ മോശക്കാരനാകേണ്ടതുമില്ല. ബ്രഹ്ത് തന്റെ നാടകത്തിൽ വീണ്ടും 'തെരുവുനീളെ കളിപ്പാട്ടമായി വിറ്റഴിഞ്ഞു പോയിക്കൊണ്ടിരുന്ന സർവസാധാരണമായ ഒരു ഉപകരണം ഗലീലിയോ തന്റേതായി അവതരിപ്പിച്ച് സെനറ്റിനെ കബളിപ്പിച്ചു' എന്നും മറ്റുമുളള പരാമർശങ്ങളും വിമർശനവും കൊണ്ടുവരുന്നുണ്ട്. എന്നാൽ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തിൽ അവയൊക്കെ നീക്കം ചെയ്തുകൊണ്ടാണ് പരിഷത്തിന്റെ പാഠഭേദം തയ്യാർ ചെയ്തത്.
ചരിത്രവസ്തുതകളിൽ നിന്ന് സർഗാത്മക സാഹിത്യകാരന്റെ സഹജാധികാരത്തോടെ ബ്രഹ്ത് നടത്തിയ ഇത്തരം വ്യതിചലനങ്ങൾക്കൊപ്പം, വിനിർമ്മിതിയിലൂടെ വിനിമയം ചെയ്യാൻ പരിഷത്ത് ആഗ്രഹിച്ച ആശയങ്ങളെ സംബന്ധിച്ചിടത്തോളം അത്ര പ്രസക്തമല്ലാത്തതോ ആവശ്യത്തിലേറെ വിശദാംശങ്ങൾ ഉൾക്കൊളളുന്നതോ ആയ രംഗങ്ങളാണ് പിന്നീട് ഒഴിവാക്കപ്പെട്ടത്. ഫ്ളോറൻസിലെ പ്ലേഗ് രോഗ ബാധ, ഫ്ളോറൻസ് അംബാസഡറുടെ കൊട്ടാരം, ഗലീലിയോയും വിർജിനിയയും ഡ്യൂക്കിന്റെ കൊട്ടാരത്തിൽ നടത്തുന്ന സന്ദർശനം, ഗലീലിയോയുടെ ഗ്രന്ഥം അതിർത്തി കടക്കുന്ന അവസാന രംഗം, എന്നിവ പാടേ ഒഴിവാക്കപ്പെട്ടു. അതേ സമയം പല കഥാപാത്രങ്ങളും ഈ രംഗങ്ങളിൽ പ്രകടിപ്പിച്ച പല അഭിപ്രായങ്ങളും സ്വീകരിക്കപ്പെട്ട രംഗങ്ങളിൽ ഉചിതമായി ഇണക്കിച്ചേർക്കുകയും ചെയ്തു. ശാസ്ത്രം, പരിഷത്തിനെ സംബന്ധിച്ചിടത്തോളം, മനുഷ്യരാശി ഇന്നോളം ആർജ്ജിച്ച മുഴുവൻ അറിവുകളുടെയും ആകെത്തുകയാണ്. ശാസ്ത്രത്തിനു മേൽ മതവും മറ്റ് ആധിപത്യ രൂപങ്ങളും സ്വന്തം താൽപര്യങ്ങളും നിലപാടുകളും അടിച്ചേൽപ്പിക്കുന്നതിനെതിരെ പരിഷത്തിന് ശക്തമായ സ്വാഭിപ്രായമുണ്ട്. ഇതുപോലെയുളള അഭിപ്രായങ്ങൾ വിളംബരം ചെയ്യാനാണ് പരിഷത്ത് കല എന്ന മാധ്യമത്തെ ഉപയോഗിക്കുന്നത്. ബ്രഹ്തിന്റെ നാടകത്തിൽ നിന്ന് ഇതിനായി ഉചിതമായ സന്ദർഭങ്ങൾ കണ്ടെടുക്കുകയും ആവശ്യമായവ കുട്ടിച്ചേർക്കുകയും ചെയ്യുക എന്നതും വിനിർമ്മിതിയുടെ രീതിശാസ്ത്രഘടകമായിരുന്നു. വിനിർമ്മിതപാഠത്തിന്റെ ഏഴ് മുതൽ പത്ത് വരെയുളള രംഗങ്ങളിലാണ് ഇത് പ്രയോഗിച്ചത്. തന്റെ സുഹൃത്തായ ഗണിതജ്ഞൻ പോപ്പ് ആയി അവരോധിതനാകുന്നു എന്ന വാർത്ത ഗലീലിയോ അറിയുന്ന രംഗമാണ് ഏഴാമത്തേത്. സ്വന്തം ഗവേഷണഫലങ്ങളിലുളള ഉറച്ച നിലപാടു മൂലം ഗലീലിയോയുടെ മകളുടെ പ്രണയവും സുനിശ്ചിതമായിരുന്ന വിവാഹവും തകരുന്നതാണ് ബ്രഹ്ത് ഈ രംഗത്ത് പ്രധാനമായും ചിത്രീകരിക്കുന്നത്, എന്നാൽ തീർത്തും ചരിത്ര ബാഹ്യമായതിനാൽ പരിഷത്ത്ഭാഷ്യത്തിൽ നിന്ന് ഇത് ഒഴിവാക്കപ്പെട്ടു. പകരം ഇത് നാടകത്തിന്റെ സുപ്രധാന വഴിത്തിരിവായ, 'നിലപാടുകളുടെ പ്രഖ്യാപന'ത്തിന്റെ നാന്ദിയായി മാറി. തന്റെ സുഹൃത്ത് പോപ്പ് ആകുന്നതോടെ മാറി വരുന്ന സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, സൂര്യകേന്ദ്രപ്രപഞ്ചവ്യവസ്ഥയെപ്പറ്റിയുളള തന്റെ ആശയങ്ങളും കണ്ടെത്തലുകളും ഗ്രന്ഥ രൂപത്തിലാക്കാനുളള തീരുമാനം ഗലീലിയോ ആവേശത്തോടെ പ്രഖ്യാപിക്കുന്നതിൽ കേന്ദ്രീകരിച്ചു, പ്രസ്തുത ഭാഷ്യം. എഴുതാൻ പോകുന്ന പുസ്തകം പിന്നീട് കഥാഗതിയിൽ ആവർത്തിച്ചു പരാമർശിക്കപ്പെടുകയും നിർണ്ണായകമായിത്തീരുകയും ചെയ്യുമെന്നതിനാൽ അതിന്റെ പിന്നിലുളള കാഴ്ചപ്പാടും നിശ്ചയദാർഢ്യവും ഉളളടക്കവും അവതരണരീതിയും ഒപ്പം ഭവിഷ്യത്തുകളും എല്ലാം ഈ രംഗത്ത് ചർച്ച ചെയ്യപ്പെടണം എന്നതായിരുന്നു ഉദ്ദേശം. ഈ രംഗം അപ്രകാരം രൂപപ്പെടുത്തുന്നതിൽ ഹംഗേറിയൻ നോവലായ ദ സ്റ്റാർ ഗേസർ (1939), അതിന്റെ പ്രചോദനത്തിൽ പ്രൊ.എസ്. ശിവദാസ് എഴുതിയ ഗലീലിയോ നാടകം, എന്നിവ സഹായകമാവുകയും ചെയ്തു.
ഈ രംഗത്ത് ഗലീലിയോയുടെ നിലപാടുകൾ ദൃഢനിശ്ചയത്തോടെയാണെന്നു മാത്രമല്ല തന്ത്രപരവുമാണ്. തന്ത്രശാലിത്വമാകട്ടെ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഒരു ഭാഗവുമാണ്. ഈ രംഗത്ത് പ്രകാശിപ്പിക്കപ്പെടുന്ന തീരുമാനങ്ങളോടെ നാടകം തന്നെ സംഘർഷാത്മകമായ പുതിയ മേഖലകളിലേക്ക് കയറുകയുമാണ്. ഇരുപക്ഷത്തും പിന്നീട് വിട്ടുവീഴ്ചകളില്ല. ബ്രഹ്തിന്റെ കൃതിയിൽ പലയിടങ്ങളിലായി പലർ പറയുന്ന സംഭാഷണങ്ങളെയൊക്കെ ഈ രംഗത്ത് കൊണ്ടുവന്ന് ക്രോഡീകരിച്ചും മറ്റുമാണ് ആ പിരിമുറുക്കം സാധ്യമാക്കിയത്. ഇവിടം മുതൽക്കാണ് അതിന്റെ വിനിർമ്മിത ഭാഗങ്ങൾ ആരംഭിക്കുന്നത് എന്നു പറയാം. നാടകപാഠത്തിന്റെ ഈ വിനിർമ്മിതിയാകട്ടെ, ഒരു നിരന്തര പ്രക്രിയയായിരുന്നു എന്നതാണ് സവിശേഷത. രചന പൂർത്തിയായശേഷം റിഹേഴ്സൽ ക്യാമ്പിൽ വച്ച് കൂട്ടിച്ചേർക്കപ്പെട്ടവയുമുണ്ട്: ഈ രംഗത്ത്, സാർത്തിയും കുടുംബവും ഗലീലിയോയുമായി പുലർത്തുന്ന ആത്മബന്ധത്തിന്റെ സ്ഫുരണങ്ങൾ പോലെ. രചനാവേളയിൽ ആരംഭിച്ച ആ പ്രക്രിയ നാടകാവതരണവേളയിലുടനീളം നിലനിന്നു പോന്നിരുന്നു. നാടകം ഒരു ജൈവകലാരൂപമാണ്. പരിഷത്ത് പോലുളള ഒരു സാമൂഹ്യ പ്രസ്ഥാനം അതിൽ ഇടപെടുമ്പോൾ അതിന് എന്താണ് പറയാനുള്ളതെന്നു കൃത്യമായി നിശ്ചയിക്കുകയും എന്താണ് വിട്ടുപോയിട്ടുളളത് എന്നു കണ്ടെത്തുകയും ആവശ്യമായവ ഏത് ഘട്ടത്തിലായാലും കൂട്ടിച്ചേർക്കുകയും ചെയ്യുക എന്നത് ഒരു സ്വഭാവികത മാത്രമാണ്. ഈ പ്രവർത്തനം കേവലം രചനാവേളയിൽ ഒടുങ്ങുന്ന ഒന്നല്ല തന്നെ.
ഗലീലിയോയുടെ കണ്ടെത്തലുകൾ അടങ്ങിയ ഗ്രന്ഥം (1632ൽ ഇറങ്ങിയ 'രണ്ട് പ്രധാന പ്രപഞ്ചവ്യവസ്ഥകളെപ്പറ്റിയുളള സംവാദം') അതിവേഗം പ്രചരിക്കുകയും വ്യാപാരികൾ വഴി കുറഞ്ഞ സമയം കൊണ്ട് ചൈന വരെ എത്തുകയും ചെയ്തു. കെപ്ലർ, കോപ്പർനിക്കസ്, എന്നിവരുടെ ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമായി സാധാരണ ജനങ്ങളുടെ ഭാഷയിൽ സംഭാഷണ രൂപത്തിൽ ആയിരുന്നു അഞ്ഞൂറ് പേജുകൾ വരുന്ന ഈ ഗ്രന്ഥം. ഭൂമിയല്ല പ്രഞ്ചകേന്ദ്രം; ഭൂമി സൂര്യനുചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ആകാശ ഗോളം മാത്രമാണ് - എന്ന പക്ഷത്തോട് കൂറു പുലർത്തുന്നതായിരുന്നു അത്. ഇത് ജനമധ്യത്തിൽ മാത്രമല്ല അധികാരി വർഗങ്ങളിലും പ്രകമ്പനങ്ങൾ സൃഷ്ടിക്കുകയും അത് ഗലീലിയോയുടെ വിചാരണയിലേക്കും ശിക്ഷയിലേക്കും നയിക്കുകയും ചെയ്തു. മതാധികാരത്തെ സംബന്ധിച്ചിടത്തോളം അതിന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നതിലുളള അസ്വസ്ഥതകൾക്കാണ് ആ ഗ്രന്ഥം വിത്തിട്ടത്. ക്രൈസ്തവ സഭ യൂറോപ്പിൽ അതിന്റെ അധികാരം സ്ഥാപിച്ചുവരുകയും അതേ സമയം പ്രൊട്ടസ്റ്റന്റുകാർ ഇംഗ്ലണ്ടിലും ജർമ്മനിയിലും മറ്റും ശക്തി പ്രാപിച്ച് സഭയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു കാലമായിരുന്നു അത്. അതുകൊണ്ട് സഭയുടെ അധികാരത്തെ തുരങ്കം വയ്ക്കുന്ന ഒന്നും അതിന് പൊറുപ്പിക്കാനാവുമായിരുന്നില്ല. അതൊരു വശം; മറ്റൊരു വശം, അതിന്റെ ദാർശനികാടിത്തറ നേരിട്ട വെല്ലുവിളിയാണ്.
മദ്ധ്യകാല യൂറോപ്യൻ ജീവിതത്തിന്റെ ആത്മീയാടിത്തറ ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെതായിരുന്നു. എന്നാൽ തനതായ ഒരു പ്രപഞ്ചദർശനമുള്ള മതമാണ് ക്രിസ്തുമതമെന്ന് പറഞ്ഞുകൂടാ. ക്രൈസ്തവ ആത്മീയതയുടെ തത്വശാസ്ത്രം പൌരസ്ത്യ തത്വശാസ്ത്രങ്ങളോളം വൈവിധ്യപൂർണ്ണവും സമ്പന്നവുമായിരുന്നില്ല. ആർജ്ജിത ജ്ഞാനത്തെ സ്വീകരിച്ചു കൊണ്ടാണ് പൌരസ്ത്യ ദാർശനികത വളർന്നതെങ്കിൽ, ക്രിസ്തുവിനും മുമ്പ് ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തങ്ങളും നിഗമനങ്ങളും, ക്രിസ്തുവിന് ആയിരത്തോളം വർഷങ്ങൾക്ക് ശേഷം, വിശുദ്ധ ഗ്രന്ഥത്തിലെ ഉല്പ്പത്തി സിദ്ധാന്തത്തിന് പാകത്തിൽ ദാർശനികമായി പരാവർത്തനം ചെയ്തു രൂപപ്പെടുത്തിയതായിരുന്നു, യൂറോപ്യൻ ദാർശനികതയുടെ അടിസ്ഥാനം. അതുകൊണ്ട്, ഗലീലിയോയുടെ കണ്ടെത്തലുകൾ ക്രൈസ്തവസഭയുടെ തനത് പ്രപഞ്ചവീക്ഷണത്തെയല്ല, സഭ ദത്തെടുത്ത വീക്ഷണത്തെയാണ് ചോദ്യം ചെയ്തത് എന്നതാണ് കൂടുതൽ ശരി. സഭയുടെ സ്വന്തം വീക്ഷണമെന്ന് പറയുന്നത് ബൈബിളിൽ പഴയ നിയമത്തിൽ അവിടവിടെ കാണുന്ന ചില വരികളിൽ മാത്രമാണുള്ളത്. സഭയുണ്ടാകാൻ നിമിത്തമായ യേശുക്രിസ്തുവാകട്ടെ, ഇഹലോകജീവിതത്തേയും ഇവിടുത്തെ നിന്ദിതരേയും പീഡിതരേയും പറ്റി മാത്രമേ പറഞ്ഞിട്ടുള്ളു. ഈ മഹാപ്രപഞ്ചത്തെ ദാർശനികമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളൊന്നും വേദപുസ്തകത്തിലില്ല. ഗലീലിയോ ഒരവസരത്തിൽ പറഞ്ഞപോലെ (ടസ്കനി പ്രഭ്വിയ്ക്കെഴുതിയ കത്ത്) 'നമ്മൾ മനുഷ്യർ സ്വർഗ്ഗത്തിലെത്താൻ എങ്ങനെയൊക്കെ പ്രവർത്തിക്കണമെന്നല്ലാതെ സ്വർഗ്ഗം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശുദ്ധാത്മാവ് പറയുന്നില്ല.' ബൈബിളിൽ ഉല്പത്തി പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായത്തിൽ ദൈവം ആറ് ദിവസം കൊണ്ട് ലോകം സൃഷ്ടിച്ചുവെന്ന് പറയുന്നു. ഇതിൽ അവസാന ദിവസത്തെ സൃഷ്ടിയാണ് മനുഷ്യൻ. ഉല്പത്തി പുസ്തകത്തിന്റെ രണ്ടാം അദ്ധ്യായ(2:4-25)പ്രകാരം ആദ്യമേ തന്നെ പുരുഷരൂപത്തിൽ മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നുണ്ട്. പിന്നീട് മനുഷ്യനുവേണ്ടി ഏദൻ തോട്ടവും വൃക്ഷലതാദികളും ജന്തു-ജീവ ജാലവും സ്ത്രീയും സൃഷ്ടിക്കപ്പെട്ടു. ഇന്ദ്രിയഗോചരമായ പ്രപഞ്ചത്തെപ്പറ്റിയോ ഇന്ദ്രിയാതീതമായ പ്രപഞ്ചത്തെപ്പറ്റിയോ ദാർശനികമായ പരാമർശങ്ങൾ പോയിട്ട് വിവരണാത്മകമായ പരാമർശങ്ങൾ പോലുമില്ല.
ഉല്പത്തിപുസ്തകം നിശ്ശബ്ദമെങ്കിലും മറ്റ് പല പുസ്തകങ്ങളിലും ചില സൂചനകൾ ലഭ്യമാണ്: 'ജലം നിറഞ്ഞ അഗാധ ഗർത്തത്തില് ഭൂമിയെ താങ്ങുന്ന തൂണുകൾ ഉറപ്പിച്ചിരിക്കുന്നു; അഗാധ ഗർത്തത്തിൽ നിന്നത്രേ ഭൂമിയും പൊന്തി വന്നിട്ടുള്ളത്...ഭൂമിയുടെ ഉദരത്തിൽ പാതാളം സ്ഥിതി ചെയ്യുന്നു'. (സംഖ്യ:16:30, ഇസ:14:9); 'ഭൂമിയെ അതിന്റെ അടിസ്ഥാനത്തിൽ അങ്ങ് സ്ഥാപിച്ചു; അതൊരിക്കലും ഇളകിപ്പോകില്ല' (സങ്കീർത്തനം:103;5); 'അതിനെ താങ്ങുന്ന തൂണുകളാണ് ഭൂമിയുടെ വക്കിൽ ഉയർന്നു നിൽക്കുന്ന പർവതങ്ങൾ' (സങ്കീർത്തനം:103;5, ജോബ്: 9:6); 'ഭൂമിക്കു മുകളിൽ ആകാശത്തെ ഉറപ്പിച്ചിരിക്കുന്നു'(ജോബ്:37:18); 'ആകാശത്തട്ടിനു മുകളിൽ ജലമാണ്;ആകാശത്തട്ടിൽ അങ്ങിങ്ങായി കവാടങ്ങൾ ഘടിപ്പിച്ചിരിക്കുന്നു.;അവ തുറക്കുമ്പോൾ മഴ വർഷിക്കുന്നു'.(ഉല്പത്തി: 7:11); 'അതിനും മുകളിലത്രേ ദൈവം തന്റെ മാളികകൾ ഉറപ്പിച്ചിരിക്കുന്നത്'.(ആമോ: 9:6)ഇത്യാദി. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ചലിക്കുന്നതിനാൽ അവയ്ക്ക് ജീവനുണ്ടെന്നും സങ്കല്പിക്കപ്പെട്ടിരുന്നു. ഇതിനപ്പുറം പ്രപഞ്ചത്തെപ്പറ്റിയുള്ള ഉൾക്കാഴ്ചകൾ ഒന്നും ബൈബിൾ തരുന്നില്ല. ക്രിസ്തുമതം യൂറോപ്പിലാകെ വ്യാപിക്കുകയും അത്യുന്നതങ്ങളിലെ സ്വർഗ്ഗരാജ്യം അതിന്റെ കേന്ദ്രപ്രലോഭനമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ, സ്വാഭാവികമായും ഒരു വിശാസ സംഹിതയെന്ന നിലയിൽ അതിന് സമഗ്രമായ ഒരു പ്രപഞ്ചദർശനത്തിന്റെ ആവശ്യകത അനുഭവപ്പെട്ടു. ഈ കുറവ് പരിഹരിക്കാൻ പിൽക്കാലത്ത് പല ക്രിസ്തുശാസ്ത്ര വിദഗ്ദ്ധരും (തെയ്യാർ ദ് ഷർദാന്, തോമസ് അക്വിനാസ്..) ശ്രമിക്കുകയും പലതും പലയിടത്തു നിന്നും സ്വാംശീകരിക്കുകയും ചെയ്തു. എന്നാൽ അവയെല്ലാം ബൈബിൾ ബാഹ്യമായ വ്യാഖ്യാന-വിശദീകരണങ്ങളായിരുന്നു. ബൈബിൾ ദർശനപരമായി ദുർബലമായിത്തന്നെ നിലകൊണ്ടു. ഗലീലിയോ ജീവിച്ചിരുന്ന 1564-1642 കാലം ലോകം പല മാറ്റങ്ങൾക്കും വിധേയമാകുകയോ മാറ്റങ്ങൾക്കു തയ്യാറെടുക്കുകയോ ചെയ്തുകൊണ്ടിരുന്ന ഒരു കാലമായിരുന്നു. 1564-ലാണ് ഷേയ്ക്സ്പീയർ ജനിക്കുന്നത്; 1492-ലാണ് കൊളംബസ് അമേരിക്ക കണ്ടെത്തുന്നത്. കടൽയാത്രകളും അതിലൂടെ ആർജ്ജിച്ച അറിവും സമൂഹത്തെ ഒട്ടേറെ മുന്നോട്ടു നയിക്കുന്നതും ഈ കാലഘട്ടത്തിലാണ്. എന്നാൽ ശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും രംഗത്തെ അവസാന വാക്ക് അന്നും ബി.സി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്റേതായിരുന്നു. ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ കാര്യത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. വാസ്തവത്തിൽ റോമൻ സാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന് അരിസ്റ്റോട്ടിലിന്റെ കൃതികൾ യൂറോപ്പിന് നഷ്ടപ്പെട്ടു പോയിരുന്നു. എങ്കിലും അതിനകം അറബി ഭാഷയിലേക്കു വരെയും എ.ഡി. 12-13 നൂറ്റാണ്ടുകളോടെ അറബിയിൽ നിന്നും ലാറ്റിനിലേക്കും അതിന് പരിഭാഷകൾ ഉണ്ടായി. അക്കാല യൂറോപ്യൻ പണ്ഡിതരുടെ വ്യവഹാര ഭാഷ ആയിരുന്നു ലാറ്റിൻ. പല ഭാഷകൾ കൈമാറി വന്നതിനാൽ ഈ ലാറ്റിൻ പരിഭാഷ അർത്ഥ ദായകമായിരുന്നില്ല. ഇതിനെത്തുടർന്ന് ഇതിന്റെ ഗ്രീക്ക് മൂലം കണ്ടെടുക്കുകയും ലാറ്റിനിലേയ്ക്ക് നേരിട്ട് പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇതിന് നേതൃത്വം നല്കിയതാകട്ടെ, തോമസ് അക്വിനാസും. ഇതോടെ അരിസ്റ്റോട്ട്ലിയന് തത്വശാസ്ത്രവുമായി തങ്ങളുടെ വിശ്വാസങ്ങൾക്ക് യോജിക്കാവുന്ന മേഖലകൾ ക്രൈസ്തവ സഭയുടെ ശ്രദ്ധയിൽ പെട്ടു. അരിസ്റ്റോട്ടിലിന്റെ പ്രമാണപ്രകാരം സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും മറ്റ് ആകാശവസ്തുക്കളും പരിപൂർണ്ണവും മാറ്റങ്ങൾക്ക് വിധേയമല്ലാത്തതും സ്ഫടിക ഗോളങ്ങളിൽ ഉറപ്പിക്കപ്പെട്ട നിലയിൽ ഭൂമിക്കു ചുറ്റുമായി പൂർണ്ണവൃത്തങ്ങളിൽ ചലിക്കും വിധം സ്ഥാപിക്കപ്പെട്ടവയും ആയിരുന്നു. ഭൂമിയായിരുന്നു അദ്ദേഹത്തിനും പ്രപഞ്ചകേന്ദ്രം. അരിസ്റ്റോട്ടിലിന്റെ ഈ ജ്യാമിതീയ പരിപൂർണ്ണതാ സങ്കല്പം അക്വിനാസിന്റെ ദൃഷ്ടിയിൽ ദൈവത്തിന്റേയും ദൈവത്തിന്റെ സൃഷ്ടികളുടേയും പരിപൂർണ്ണതയെന്ന ആശയവുമായി ഐക്യപ്പെട്ടുപോകുന്ന ഒന്നായിരുന്നു. അതു കൊണ്ടു തന്നെ ക്രൈസ്തവസഭയ്ക്കും സ്വീകാര്യമായി ഈ സിദ്ധാന്തം. അങ്ങനെ അരിസ്റ്റോട്ടിലിന്റെ പ്രപഞ്ച സങ്കല്പം അതിന്റെ എല്ലാ അപാകതകളോടും കൂടി ക്രൈസ്തവസഭ വിഴുങ്ങുകയായിരുന്നു. ഇനിമേൽ അരിസ്റ്റോട്ടിലിനെ ചോദ്യം ചെയ്യുന്നത് ദൈവത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാവുമെന്ന ഒരവസ്ഥയാണ് ഇതുമൂലം സംജാതമായത്. ക്രൈസ്തവ സഭ ഉണ്ടാകുന്നതിനും 500 വർഷത്തോളം മുമ്പ് വസ്തുതാപരമായ അടിസ്ഥാനമൊന്നുമില്ലാതെ പറഞ്ഞു വച്ച ഒരു വാദം, സഭയുണ്ടായി 1500 വർഷങ്ങൾ കഴിഞ്ഞപ്പോൾ സഭയുടെ ദർശനമായി ഏറ്റെടുക്കപ്പെടുകയായിരുന്നു. അരിസ്റ്റോട്ടിലിന്റെ പ്രപഞ്ച സങ്കല്പത്തെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ഒരു ബാദ്ധ്യതയിലേയ്ക്ക് സഭ ചെന്നു പെടുകയായിരുന്നു..
ഈ വിശ്വാസത്തെ ചോദ്യം ചെയ്തതിന്റെ/ചെയ്യുന്നതിന്റെ പേരിലാണ് സഭ പിന്നീടിന്നോളം പല സ്വതന്ത്രചിന്തകരേയും നേരിട്ടിട്ടുള്ളത്. സയൻസ് പള്ളിയുടെ ഓമനപുത്രിയാണെന്ന് പറയവെ തന്നെ കോപ്പർനിക്കസിന്റെ അനുമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബ്രൂണോയെ ജീവനോടെ ദഹിപ്പിച്ചു. ഗലീലിയോവിനെ തടങ്കലിലിട്ടു. പക്ഷെ ഗലീലിയോ തന്റെ ദൂരദർശിനി കുഴല് മാനത്തേക്കു തിരിച്ചപ്പോൾ തകർന്നുപോയത് വത്തിക്കാന്റെ ദൈവ, സ്വർഗ്ഗ സങ്കല്പങ്ങളായിരുന്നു. വ്യാഴത്തിന് ഉപഗ്രഹങ്ങളുണ്ടെന്നും അവ വ്യാഴത്തെ ചുറ്റി സഞ്ചരിക്കുന്നുണ്ടെന്നും ഗലീലിയോ കണ്ടെത്തിയത് അത്യുന്നതങ്ങളിൽ എല്ലാം സ്ഥിരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസെത്തയാണ് തകർത്തത്. സൂര്യനിൽ കളങ്കങ്ങളുണ്ടെന്നത് പരിപൂർണ്ണതാ വാദങ്ങളുടെ കട പുഴക്കി. ചന്ദ്രൻ പർവതങ്ങളും താഴ്വരകളുമുള്ള ഒരു ഗോളമാണെന്നു വന്നതോടെ ഭൂമി പോലെ ഭൂമി മാത്രമേയുള്ളുവെന്ന വാദവും ചോദ്യം ചെയ്യപ്പെട്ടു. ശുക്രനും കലകളുണ്ടെന്നത്, അതും ചന്ദ്രനെ പോലെ തന്നെയുള്ളതും സൂര്യനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ആകാശഗോളമാണെന്ന് തെളിയിച്ചു. ഇതോടെ സ്വർഗ്ഗരാജ്യത്തിന്റെ പരിപൂർണ്ണതയെന്ന സങ്കല്പവും സ്വർഗ്ഗരാജ്യത്തിന്റെ നിലനില്പ് തന്നെയും സംശയാസ്പദമായി. വ്യാഴവും ശുക്രനും ചന്ദ്രനുമെല്ലാം ഇങ്ങനെയെങ്കിൽ ഭൂമിയും അതുപോലെയുള്ള അനേകം ആകാശഗോളങ്ങളിൽ ഒന്നു മാത്രമാണെന്നും, ദൈവം സൃഷ്ടിച്ച ഒരേയൊരു ഭൂമിയല്ല ഇതെന്നും, ദൈവം സ്വന്തം പ്രതിരൂപത്തിൽ സൃഷ്ടിച്ച ഒരേയൊരു മനുഷ്യനല്ല പ്രപഞ്ചത്തിലുള്ളതെന്നും ദൈവം സ്വന്തം പുത്രനെ ഇങ്ങോട്ടു മാത്രമാവില്ല അയച്ചിട്ടുള്ളതെന്നും ഒക്കെ വന്നുകൂടുകയായിരുന്നു. ഗലീലിയോ ടെലസ്കോപ്പ് ഉപയോഗിച്ച് ആകാശം മുഴുവൻ പരതിയിട്ടും ദൈവത്തെ കണ്ടില്ലെന്നും, ഇവിടെക്കാണാനാവുന്ന തരത്തിലുള്ള വസ്തുക്കളേ അത്യുന്നതങ്ങളിലും കാണൂ എന്നും, മുകളിലെ സ്വർഗ്ഗരാജ്യത്തിരുന്ന് ഒരു ദൈവവും മനുഷ്യനുമേൽ കൃപാകടാക്ഷം ചൊരിയുന്നില്ലെന്നും, സാധാരണക്കാർക്ക് ബോദ്ധ്യമായി. പട്ടിണി ദൈവത്തിന്റെ പരീക്ഷണമല്ലെന്നും, അത് കേവലം ഭക്ഷണം കഴിക്കാനില്ലാത്ത അവസ്ഥ മാത്രമാണെന്നും അവർ തിരിച്ചറിഞ്ഞു. മേലാളന്യൂനപക്ഷത്തിനു വേണ്ടി പണിയെടുക്കുകയും, പീഢനമേൽക്കുകയും ചെയ്യുന്നത് ദിവ്യമായ സഹനമല്ലെന്ന് അവർ മനസിലാക്കാൻ തുടങ്ങി.
ഇങ്ങനെയുള്ള തിരിച്ചറിവ് രണ്ട് തരം പ്രതികരണങ്ങളാണ് സൃഷ്ടിക്കുക: ഒന്ന്, കടുത്ത വിശ്വാസത്തകർച്ചയും അതുവഴി ഭാവിയെപ്പറ്റിയുള്ള നിരാശാബോധവും; ഇനി ആരാണ് നമ്മെ രക്ഷിക്കാൻ എന്ന ഒരു അശരണ ബോധം. രണ്ട്, തിരിച്ചറിവിന്റേയും സത്യങ്ങളിലേക്കുള്ള കൺതുറക്കലിന്റേയുമായ പ്രതികരണം. ശുഭാപ്തിവിശ്വാസാധിഷ്ഠിതമായ ഈ രണ്ടാമത്തെ വശം നാടകത്തിന്റെ കാർണിവൽ രംഗത്ത് സംഭാഷണരൂപത്തിൽ ഇപ്രകാരം (ചുവടെ) കൂട്ടിച്ചേർക്കപ്പെട്ടു.
• 'ഇത്രനാളും തമ്പുരാക്കന്മാര് പറഞ്ഞ പോലെയൊന്നുമല്ല സംഗതികളെന്ന്! അങ്ങ് മോളില് ആകാശത്തില് കൊറെ നക്ഷത്രങ്ങളും ഗോളങ്ങളും മാത്രേ ഒളളൂന്ന്- അല്ലാണ്ടവിടെ സ്വർഗരാജ്യോം ദൈവരാജ്യോം ഒന്നും ഇല്ലെന്ന്'.
• 'അപ്പോ ഇത്രനാളും അവര് നമ്മളെപ്പറ്റിക്ക്വായിരുന്നു? നമ്മടെ വിശ്വാസം വച്ച് നമ്മളെ ചതിയ്ക്ക്യായിരുന്നു?. എന്നാലിനി ഇങ്ങോട്ടു വരട്ടെ, അവരുടെ മുന്തിരിത്തോട്ടങ്ങളിൽ അടിമപ്പണി ചെയ്തില്ലേല് ദൈവം ശിക്ഷിക്കും, ദൈവം ശിക്ഷിക്കും, അതോണ്ട് മിണ്ടാണ്ട് പണിയെടുത്തോന്നു പറഞ്ഞ് ചാട്ടവാറും വീശിക്കൊണ്ട്: ഏതുദൈവം, ഏട്ത്തെ ദൈവംന്നു ചോദിക്കും ഞാന്!'
• 'ചാട്ടവാറുകൊണ്ട് എത്ര അടി കിട്ട്യാലും അവരുടെ കാല് പിടിച്ച് മാപ്പുപറയാൻ പറ്റില്ലാന്ന് തന്റേടായി പറയും ഞാന്!‘
'പട്ടിണി കെടക്കാൻ മനസ്സില്ലാന്നു പറയും ഞാന്! പട്ടിണീന്നു പറഞ്ഞാല് സർവ്വശക്തന്റെ പരീക്ഷണല്ല കൂട്ടരേ; ഒന്നും തിന്നാനില്ലാത്ത അവസ്ഥാന്നു മാത്രാ അതിനർത്ഥം'.
• 'ഈ ഗലിലിയോ കൊഴലുവച്ച് നോക്കീട്ട് അങ്ങ് മോളില് സ്വർഗോം ദൈവോം ഒന്നും കണ്ടില്ലല്ലോ? അവടെ ആരൂല്ലേല്, പിന്നെ നമ്മളെ ശിക്ഷിക്കാൻ ഇവടത്തെ തമ്പുരാക്കന്മാര് ആരാ?'
മൂലനാടകത്തിൽ പലയിടത്തുമായി ഏറെക്കുറെ അമൂർത്തമായി ലഭ്യമായിരുന്ന ചില സൂചനകളെ കൃത്യമായ ആശയവിനിമയ ലക്ഷ്യത്തോടെ സ്ഫുടീകരിക്കുന്ന ഈ സംഭാഷണ ശകലങ്ങൾ ഈ രംഗത്തിൽ പുതുതായി ഉൾപ്പെടുത്തിയതോടെ നാടകം അതിന്റെ ലക്ഷ്യത്തിലേക്ക് പ്രയാണമാരംഭിച്ചു എന്നു തന്നെ പറയാം. ജനങ്ങളിൽ ഗലീലിയോയുടെ കണ്ടെത്തലുകൾ ഉണർത്തിയിരിക്കാനിടയുള്ള ചില പ്രതികരണങ്ങളാണിവ . ഇതാണ് ഒരു പുതിയ അറിവിന് കൈമാറാൻ കഴിയുന്ന വെളിച്ചം; ശാസ്ത്രജ്ഞാനത്തിന് ജനങ്ങളുടെ ജീവിതത്തെയും ജീവിത സമീപനത്തെയും കീഴ്മേൽ മറിക്കാനാവുമെന്ന പരിഷത്ത് കാഴചപ്പാടിന്റെ ഒരു ഭൌതിക പ്രത്യക്ഷം; അതോടൊപ്പം, എന്തു കൊണ്ടാണ് ഗലീലിയോ വിശാസ സംരക്ഷകരായ പുരോഹിതന്മാർക്ക് അനഭിമതനായത് എന്നതിന്റെ സ്വയം വിശദീകരണക്ഷമമായ വെളിപ്പെടലും; അങ്ങനെ ജന്മിത്വവും പൗരോഹിത്യവും ഒറ്റക്കെട്ടായി ഗലീലിയോക്കെതിരെ തിരിയാനുള്ള സാഹചര്യങ്ങളെന്തെന്ന് ബോധ്യപ്പെടുത്താൻ കൂടി ഈ അധികവർത്തമാനങ്ങളിലൂടെ നാടകത്തിന് അനായാസം സാധിച്ചു.
ഇതോടുകൂടി ഏറ്റുമുട്ടലിനുള്ള നാടകീയ സന്ദർഭം ഉരുത്തിരിയുകയായി. അറിവിന്, ശാസ്ത്രബോധത്തിന്, മനുഷ്യനെ ആന്തരികമായും, ഭൗതികമായും മാറ്റി മറിക്കാനാവുമെന്ന ബോദ്ധ്യം വത്തിക്കാനെ വിറകൊള്ളിച്ചു. ശാസ്ത്രത്തിന്റെ പേരിൽ ഗലീലിയോയ്ക്ക് സഭാധികാരികളിൽ നിന്ന് നേരിടേണ്ടി വന്ന വിചാരണയും വിധിയുമാണല്ലോ നാടകത്തിന്റെ ഉച്ചകോടി. ബ്രഹ്തിന്റെ നാടകത്തിന്റെ പന്ത്രണ്ടാം രംഗം അതിന്റെ കളമൊരുക്കമാണ്. (പരിഷത്നാടകത്തിന്റെ ഒമ്പതാം രംഗമാണ് അത്.) മൂലനാടകത്തിൽ ഗലീലിയോവിന്റെ വിചാരണയിലേയ്ക്ക് നയിച്ച കാര്യങ്ങൾ സമഗ്രമായി അവതരിപ്പിക്കുന്നുണ്ട് ബ്രഹ്ത് എന്ന് പറഞ്ഞുകൂടാ. പശ്ചാത്തലമൊരുക്കൽ കഴിഞ്ഞ്, നാടകകഥ അനിവാര്യമായ പരിണാമഗുപ്തിയിലേയ്ക്ക് ക്രമാനുഗതമായി, എല്ലാ വിശദീകരണങ്ങൾക്കും സ്വയംക്ഷമമായി, യുക്തിഭദ്രമായി, എത്തിച്ചേരുന്ന സന്ദർഭമാണിത്. ഗലീലിയോയുടെ വിചാരണയും അതിലേയ്ക്ക് നയിച്ച സാഹചര്യങ്ങളും പഠനവിധേയമാക്കിയ ഒട്ടേറെപ്പേർ അതിന്റെ വിവിധ ഘടകങ്ങൾ വെളിച്ചത്ത് കൊണ്ടു വന്നിട്ടുമുണ്ട്. അവയെ അടിസ്ഥാനമാക്കി ഈ രംഗത്തിൽ ഏതാനും ഭാഗങ്ങൾ അധികമായി എഴുതിച്ചേർക്കുകയും ആ ഭാഗങ്ങൾ വിനിർമ്മിതപാഠത്തിന്റെ ഭാവം നിർണ്ണയിക്കുന്നതിൽ നിർണ്ണായകമായിത്തീരുകയും ചെയ്തു.
.ഗലീലിയോയ്ക്കെതിരെ വളരെക്കാലമായി പ്രവർത്തിച്ചുപോന്ന ഒരു ശത്രുസംഘത്തിന്റെ കൂട്ടായ സാന്നിധ്യമാണ് ഇതിലെ ശ്രദ്ധേയമായ ഒരു ഘടകം. 1585-ൽ വൈദ്യശാസ്ത്ര പഠനം പാതിവഴിയിലുപേക്ഷിച്ച് സർവകലാശാലയുടെ പടിയിറങ്ങിയ ആളാണ് അദ്ദേഹം. അതേ സർവകലാശാലയിൽ നാല് വർഷങ്ങൾക്ക് ശേഷം അദ്ദേഹം തിരിച്ചെത്തുന്നത് അദ്ധ്യാപകനായിട്ടാണ്. സർവകലാശാലാ അദ്ധ്യാപകരായ അസൂയാലുക്കളുടെ നിര അവിടെ ആരംഭിക്കുന്നു. അരിസ്റ്റോട്ടിൽ അനുമാനരൂപത്തിൽ പറഞ്ഞുവച്ചതൊക്കെ പരീക്ഷണ-നിരീക്ഷണങ്ങൾക്ക് വിധേയമാക്കി ശരിയോ തെറ്റോ എന്നു സ്ഥാപിക്കാൻ തുനിഞ്ഞതോടെ ഇളകിവശായ പാരമ്പര്യവാദികൾ, കോപ്പർനിക്കസ്സിന്റെ സൂര്യകേന്ദ്ര സിദ്ധാന്തത്തിനനുകൂലമായ നിലപാടെടുത്തതോടെ സ്വസ്ഥത നഷ്ടപ്പെട്ട മതപണ്ഡിതന്മാർ, ഗലീലിയോയുടെ നിലപാടുകൾ ക്രൈസ്തവ സഭയുടെ പ്രപഞ്ചദർശനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഗലീലിയോ ആണ് ശരി എന്ന് തെളിഞ്ഞാൽ പിന്നെ സഭയ്ക്കെന്താണ് നിലനിൽപ്പെന്നും ഭയപ്പെട്ട പുരോഹിത വർഗ്ഗം....എന്നിങ്ങനെ ശത്രു നിര നാൾക്കുനാൾ പ്രബലമായി വന്നു. സൂര്യകളങ്കങ്ങളെപ്പറ്റിയുള്ള ഗലീലിയൻ കണ്ടെത്തലുകൾ 1613-ൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയപ്പോൾ, അവ താൻ നേരത്തേ കണ്ടുപിടിച്ചതാണെന്നും, സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ചെറു ഗ്രഹങ്ങളാണ് അവ എന്നുമുള്ള അവകാശവാദവുമായി രംഗത്ത് വന്ന ക്രിസ്റ്റഫർ ഷീനർ എന്ന ജസ്യൂട്ട് പാതിരിയാണ് ശത്രു സംഘത്തിലെ ഏറ്റവും പഴക്കം ചെന്ന ആൾ. 'ഗലീലിയോയുടെ ആശയങ്ങൾ വിശ്വാസങ്ങളെ സംബന്ധിച്ചിടത്തോളം അപായകരമാണ്' എന്ന് പറഞ്ഞ പാദുവ യൂണിവേഴ്സിറ്റിയിലെ ഭൗതികജ്ഞൻ കൊളംബേ ആയിരുന്നു മറ്റൊരാൾ. (ഐസിന്റെ പ്ലവനഗുണം സംബന്ധിച്ച് ഫ്ളോറൻസില് നടന്ന ഒരു സംവാദ പരിപാടിയിൽ പങ്കെടുത്തു കൊണ്ട്, ഐസിന് വെള്ളത്തെക്കാൾ കൂടുതൽ ഭാരവും സാന്ദ്രതയും ഉണ്ടെങ്കിലും അതിന്റെ പരന്ന അടിഭാഗം വെള്ളത്തെ ഭേദിക്കുവാൻ പ്രാപ്തമല്ലാത്തതിനാലാണ് അത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് എന്ന അരിസ്റ്റോട്ടിൽ സിദ്ധാന്തം അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. ഗലീലിയോ സംവാദത്തിൽ പങ്കെടുത്തത് വ്യത്യസ്തമായ ഒരു രീതിയിലായിരുന്നു. ഒരു പാത്രവും അതിൽ വെള്ളവും ഒരു ഐസ്കട്ടയുമായി വേദിയിലെത്തിയ അദ്ദേഹം പ്രബന്ധാവതരണത്തിനൊന്നും നിൽക്കാതെ, ആ ഐസ്കട്ടയെ ബലം പ്രയോഗിച്ച് വെള്ളത്തിനടിയിലേയ്ക്ക് താഴ്ത്തിയശേഷം സ്വതന്ത്രമാക്കി. സ്വാഭാവികമായും അത് മുകളിലേയ്ക്ക് പൊങ്ങിവരികയും അങ്ങനെ കൊളംബേയുടെ വാദം തെറ്റെന്ന് ലളിതമായി സ്ഥാപിക്കാൻ ഗലീലിയോയ്ക്ക് സാധിക്കുകയും ചെയ്തു. തന്നെ പരസ്യമായി അപമാനിച്ചതായി കണക്കാക്കിയ കൊളംബേ അതോടെ ഗലീലിയോയുടെ ആജന്മശത്രുവായിത്തീർന്നു). 'ജ്യോമെട്രി ചെകുത്താന്റേതാണ്; എല്ലാത്തരം അവിശ്വാസത്തിന്റേയും ഉറവിടമാകയാൽ ഗണിതം നിഷ്കാസനം ചെയ്യപ്പെടണം' എന്നു പറഞ്ഞ ഡൊമിനിക്കൻ പാതിരി ഫാദരർ കാക്സിനി, 'ഗലീലിയോയുടെ സിദ്ധാന്തം അവിശ്വാസപരം മാത്രമല്ല നിരീശ്വരവാദപരം കൂടിയാണ്' എന്ന് അക്രോശിച്ച ഫാദർ ഫ്ളോറിനി, അത് 'തിരുവചനങ്ങൾക്ക് എതിരെ'ന്ന് പറഞ്ഞ ഫ്ളോറൻസിലെ ആർച്ച് ബിഷപ്പ്, കോപ്പർനിക്കസിന്റെ സിദ്ധാന്തത്തോടുള്ള ചായ്വിന്റെ പേരിൽ ഗലീലിയോയെ പരസ്യമായി ശകാരിച്ച ഫീസോളിലെ ബിഷപ്പ്, പോപ്പ് പോൾ അഞ്ചാമന്റെ രഹസ്യനിർദ്ദേശപ്രകാരം ഗലീലിയോയ്ക്കെതിരെ തെളിവുകൾ ശേഖരിച്ചുകൊണ്ടിരുന്ന പിസയിലെ ബിഷപ്പ് എന്നിങ്ങനെ കൃത്യമായി പേരെടുത്തു തന്നെ അവതരിപ്പിക്കാവുന്നവരായിരുന്നു അവർ. ഇവരുടെ പ്രതിനിധികളായ ഏതാനും കഥാപാത്രങ്ങളെ പുതുതായി അവതരിപ്പിച്ചുകൊണ്ട് ഈ ആരോപണങ്ങൾ സവിസ്തരം ചർച്ച ചെയ്യുന്ന തരത്തിലാണ് രംഗം വിനിർമ്മിച്ചത്.
വ്യക്തിപരമായ അസൂയയും വിശ്വാസപരമായ ശത്രുതയും ആൾരൂപമെടുത്ത ഇത്തരമൊരു സംഘത്തിന്റെ പ്രവർത്തനമാണ് പോപ്പിനെ കടുത്ത തീരുമാനങ്ങളിലേക്ക് എത്തിച്ചതെന്ന് ഗവേഷകർ പറയുന്നു. ഈ രംഗത്തിന്റെ വിപുലീകരണത്തിൽ ഇതെല്ലാം ഉപയോഗപ്പെടുത്തുകയുണ്ടായിട്ടുണ്ട്. 'ദൈവഭയമില്ലാതായ പാവങ്ങൾ പണിയിടങ്ങളിൽ ചെറുത്തുനിൽപ്പുകൾ നടത്തുന്നു എന്ന പരാതിയുമായി ജന്മി-ഭൂപ്രഭുക്കൾ; 'വിശ്വാസത്തെ ചോദ്യം ചെയ്യുന്ന ഒരു സാഹചര്യമുണ്ടായാൽ, അതിന്റെ പേരിൽ നിലനിൽക്കുന്ന പുരോഹിതന്, സഭയ്ക്ക്, എന്ത് പ്രസക്തി, അത്യുന്നതങ്ങളിൽ സ്വർഗ്ഗരാജ്യമെന്നൊന്നില്ലെങ്കിൽ വിശുദ്ധഗ്രന്ഥത്തിലെ വാഗ്ദാനങ്ങൾക്കെന്തു പ്രസക്തി' എന്ന ഞെട്ടിപ്പിക്കുന്ന ചോദ്യം അവരുയർത്തി. ഗലീലിയോ വിശ്വാസി തന്നെയാണ്; പക്ഷേ അയാളുടെ പ്രവൃത്തി പ്രൊട്ടസ്ററന്റുകാരുടേതിനു സമം. അകത്തുനിന്നു തന്നെയുള്ള അട്ടിമറിയാണ് അത്'- ഇത്തരത്തിൽ ഈ രംഗത്തിൽ അവർ വാദങ്ങൾ ഉന്നയിച്ചു. പ്രൊട്ടസ്ററന്റുകാരുമായുള്ള മുപ്പതാണ്ടു യുദ്ധത്തിന്റെ(1618-1648) ഏതാണ്ട് മദ്ധ്യത്തിൽ ആകെ പൊറുതി മുട്ടിയ ഒരവസ്ഥയിലായിരുന്നു സഭ; പോപ്പിനെ ഉദ്ദേശിച്ചാണ് ഗലീലിയോ തന്റെ പുസ്തകത്തിൽ മന്ദബുദ്ധിയായ ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത് എന്നദ്ദേഹത്തെ വിശ്വസിപ്പിക്കുന്നതിൽ ആ സംഘം വിജയിച്ചു എന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്, ഗവേഷകർ! അവരുടെ വിലയിരുത്തലിൽ ഗലീലിയോയ്ക്കെതിരായ പോപ്പിന്റെ തീരുമാനം തികച്ചും വ്യകതിപരമായിരുന്നു-തന്നെ പരിഹസിച്ചതിലുള്ള പ്രതികാരം: ഈരംഗം ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പുന:നിർമ്മിച്ചുകൊണ്ടാണ് നാടകം റിഹേഴ്സൽ ക്യാമ്പിനു കൈമാറിയത്.
വിചാരണയെ തുടർന്നു വരുന്ന രംഗവും തത്തുല്യമായ ദൃഢനിശ്ചയത്തിന്റെയും അവനവനെക്കാൾ, മററുള്ളവർക്കായി അവനവന് എന്ത് ചെയ്യാൻ കഴിയുമെന്നതാണ് ഈ ഭൂമിയിലെ അസ്തിത്വത്തിന്റെ ന്യായീകരണം എന്ന സന്ദേശത്തിന്റേയും വിളംബരമായിരുന്നു. നിശിതമായ സ്വയം വിമർശനവും ശാസ്ത്രത്തിന് താൻ തന്നാൽ കഴിവത് ന ൽകി എന്ന ഒടുങ്ങാത്ത ആത്മവിശ്വാസവുമാണ് യാഥാസ്ഥികത്വത്തിന്റെ ആ നെടുംകോട്ടയുടെ ഏകാന്തമായ ഒരു കോണിൽ വാർദ്ധക്യം തളർത്തിക്കൊണ്ടിരിക്കുമ്പോഴും ഗലീലിയോ കാത്തുസൂക്ഷിക്കുന്നത്. ബ്രഹ്ത്തിന്റെ നാടകത്തിലൂടെ അതിന്റെ പരാവർത്തന ദൗത്യവുമായി വീണ്ടും വീണ്ടും സഞ്ചരിക്കുമ്പോൾ പകർന്നു കിട്ടിയതും പരാവർത്തനത്തിലൂടെ പകർന്നു ന ൽകാൻ ശ്രമിച്ചതും ശാസ്ത്രത്തിന്റെ അന്തിമവിജയത്തിലുള്ള ഈ ആത്മവിശ്വാസം തന്നെ. പിൽക്കാലത്ത് കേരളത്തിലെ വേദികളിൽ അരങ്ങേറപ്പെട്ടുകൊണ്ടിരുന്നപ്പോൾ, നിലപാടുകളിലെ ഈ ദാർഢ്യമാണ് ഈ നാടകം തരിച്ചിരുന്നു മാത്രം കാണാനാവുന്ന ഒരവസ്ഥയിലേക്ക് കാണികളെ എത്തിച്ചത്.
ശാസ്ത്രബോധവും കേവല വിശ്വാസവും തമ്മിൽ നാലു ശതകം മുമ്പു നടന്ന സംഘർഷം ഒട്ടും കുറയാതെ രൂപ മാറ്റത്തോടെ ഇന്നും സമൂഹത്തിൽ നിലനിൽക്കുകയാണ്. ശാസ്ത്രം കേവലമായ അറിവായി വേർപെട്ടു മാറി നിൽക്കുകയും, ശാസ്ത്രബോധത്തിന് പകരം, അയുക്തികമായ അന്ധവിശ്വാസങ്ങൾ മനുഷ്യ മനസ്സുകളിൽ സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസാധിഷ്ഠിതമായ യാഥാസ്ഥികത്വം തങ്ങളുടെ സ്ഥാപിത താത്പര്യങ്ങൾ സമൂഹത്തിനു മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത പൂർവാധികം ശക്തിയോടെ തുടർന്നുകൊണ്ടേയിരിക്കുന്നു. അത് ഖേദപൂർവ്വം ഓർമ്മപ്പെടുത്തുകയാണ് ബ്രെഹ്റ്റിന്റെ 'ഗലീലിയോയുടെ ജീവിതം' എന്ന നാടകത്തിന്റെ വിനിർമ്മിതിയിലൂടെ പരിഷത് ചെയ്തത്.